യൂത്ത് അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം

Thursday 20 April 2017 10:39 pm IST

ഹൈദരാബാദ്: പതിനാലാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഹൈദരാബാദിലെ ജി.എം.സി. ബാലയോഗി സ്‌റ്റേഡിയമാണ് ഇത്തവണ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 23 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള കൗമാര കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. 32 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളുമടക്കം 58 അംഗ ടീമാണ് കേരളത്തിനായി ഇത്തവണ ട്രാക്കിലും ഫീല്‍ഡിലുമിറങ്ങുന്നത്. ആണ്‍കുട്ടികളുടെ ടീമിനെ ഹൈജമ്പ് താരം കെ.എസ്. അനന്ദുവും പെണ്‍ ടീമിനെ പോള്‍വോള്‍ട്ട് താരം നിവ്യ ആന്റണിയും നയിക്കും. അപര്‍ണ്ണ റോയ്, അതുല്യ വിജയന്‍, ആന്‍സി സോജന്‍, ഗായത്രി ശിവകുമാര്‍, ലിസ്ബത്ത് കരോലിന്‍ ജോസഫ്, മേഘ മറിയം മാത്യു, സാന്ദ്ര ബാബു, അഭിഷേക് മാത്യു, ആദര്‍ശ് ഗോപി, അഖില്‍. ടി.വി തുടങ്ങി സംസ്ഥാന-ദേശീയ മീറ്റുകളില്‍ മെഡല്‍ നേടിയവരെല്ലാം തന്നെ കേരള ടീമിലുണ്ട്. ഇത്തവണ തുടര്‍ച്ചയായ ആറാം കിരീടമാണ് കേരളത്തിന്റെ കൗമാര താരങ്ങള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന 13-ാമത് ചാമ്പ്യന്‍ഷിപ്പില്‍ കേരളം തുടര്‍ച്ചയായ അഞ്ചാമത്തെയും മീറ്റിന്റെ ചരിത്രത്തില്‍ എട്ടാമത്തെയും കിരീടമാണ് കേരളം കഴിഞ്ഞ തവണ സ്വന്തമാക്കിയത്. 156 പോയിന്റ് നേടിയിട്ടായിരുന്നു കഴിഞ്ഞ തവണ കേരളത്തിന്റെ കിരീടധാരണം. 7 സ്വര്‍ണ്ണവും 7 വെള്ളിയും 10 വെങ്കലവുമാണ് കേരള താരങ്ങള്‍ നേടിയത്. 114 പോയിന്റുമായി രണ്ടാമതെത്തിയ തമിഴ്‌നാടും 95 പോയിന്റുമായി മൂന്നാമതെത്തിയ ഹരിയാനയുമായിരിക്കും ഇത്തവണയും കേരളത്തിന് വെല്ലുവിളി ഉയര്‍ത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.