കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇന്റലിജന്‍സ് ട്രാക്കിങ്ങ് സംവിധാനം

Thursday 20 April 2017 11:15 pm IST

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇന്റലിജന്‍സ് ട്രാക്കിങ്ങ് സംവിധാനം വ്യാപിപ്പിക്കുന്നു. റെയില്‍വേയുടെ മാതൃകയില്‍ ബസുകളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംവിധാനം വ്യാപിപ്പിക്കുന്നത്. ബസുകളുടെ സ്ഥാനം, വേഗം എന്നിവ ഈ സംവിധാനത്തിലൂടെ അറിയാന്‍ കഴിയും. ആദ്യഘട്ടമായി ഇലക്ട്രോണിക് ഡാറ്റാ പ്രൊസസിങ് സെന്റര്‍ പൂര്‍ണമായും പരിഷ്‌കരിക്കും. സമയപ്പട്ടികയും ഷെഡ്യൂളുകളും കമ്പ്യൂട്ടര്‍വത്കരിക്കും. ബസുകളിലെ ടിക്കറ്റ് മെഷീനുകളിലെ ജിപിഎസുമായി ബന്ധിപ്പിച്ചാണ് ട്രാക്കിങ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 745 ബസുകളില്‍ ജിപിഎസ് ബന്ധിപ്പിച്ച ടിക്കറ്റ് മെഷീനാണ് ഉപയോഗിക്കുന്നത്. രണ്ടാംഘട്ടത്തില്‍ എല്ലാ ബസുകളിലും ഇത് ഏര്‍പ്പെടുത്താനാണ് തീരുമാനം. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പോലും ടിക്കറ്റ് ലഭ്യത അനുസരിച്ച് റിസര്‍വേഷന്‍ സാധ്യമാവും. ബുക്ക് ചെയ്യുന്ന ബസിന്റെ വിശദാംശങ്ങള്‍, ബസിന്റെ സ്ഥാനം, വേഗം എന്നിവയടക്കം കൃത്യമായ ഇടവേളകളില്‍ യാത്രക്കാര്‍ക്ക് സന്ദേശങ്ങളായി ലഭിക്കും. ഇന്റലിജന്‍സ് ട്രാക്കിങ്ങ് സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ജീവനക്കാരില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എംസിഎ യോഗ്യതയുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ നടപടി ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.