സാധ്യതാ പഠനങ്ങള്‍ പ്രഹസനം , നെയ്യാര്‍: നഗരത്തിന്റെ ദാഹമകറ്റില്ല

Thursday 20 April 2017 11:32 pm IST

ശിവാകൈലാസ് കാട്ടാക്കട: സാധ്യതാ പഠനങ്ങള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടി വിദ്യകള്‍ മാത്രം. ഈ വേനലില്‍ നഗരത്തിന്റെ ദാഹമകറ്റാന്‍ നെയ്യാറിലെ വെള്ളം കിട്ടില്ലെന്ന് ഉറപ്പായി. നെയ്യാര്‍ ജലസംഭരണിയില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ വേഗത്തില്‍ സാധിക്കില്ല. ജലവിഭവ വകുപ്പിലെ ചില ഉന്നതരുടെ കണ്ടെത്തലാണ് ഇപ്പോഴും പദ്ധതിക്ക് തടസ്സമായത്. രണ്ടുമാസം മുന്‍പാണ് പദ്ധതിയുടെ സാധ്യതാ പഠനത്തിനായി വിദഗ്ധ സംഘം നെയ്യാര്‍ഡാം, കാപ്പുകാട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ശേഷം വിദഗ്ധ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കുള്ളില്‍ വകുപ്പിലെ ഉന്നതര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അടിയന്തിര പ്രാധാന്യം നല്‍കി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരില്‍ ചിലര്‍ കാട്ടിയ അലംഭാവവുമാണ് പദ്ധതിയെ നിര്‍ജീവമാക്കിയത്. കഴിഞ്ഞ ദിവസം മന്ത്രി മാത്യു ടി.തോമസ് നേരിട്ടെത്തി നെയ്യാര്‍ഡാം, കാപ്പുകാട്, കുമ്പിള്‍മൂട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. നെയ്യാറില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എങ്ങനെ എത്തിക്കാമെന്ന സാധ്യത ആരാഞ്ഞിരുന്നു. കോടികളുടെ ചിലവും മാസങ്ങള്‍ നീളുന്ന നിര്‍മ്മാണ പ്രവര്‍ത്തനവും ഉണ്ടെങ്കിലെ അരുവിക്കര ജലസംഭരണിയിലേക്ക് ജലം ഒഴുക്കാനാവു. ജൂണ്‍, ജൂലൈ മാസത്തോടെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുവരെ പഠനവും ചര്‍ച്ചകളുമായി കാലം കഴിക്കാമെന്ന ചിന്തയിലാണ് മന്ത്രി മടങ്ങിയത്. .നിയന്ത്രണത്തിലൂടെ മെയ് 22 വരെ നഗരവാസികള്‍ക്ക് വെള്ളം നല്‍കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കുക എന്നത് അസാധ്യമാണ്. സാധ്യതാ പരിശോധന കണക്കിലെടുത്താല്‍ പദ്ധതി നടപ്പില്‍ വരാന്‍ കുറഞ്ഞത് ആറുമാസം വേണ്ടിവരും. മാസങ്ങള്‍ക്കു മുന്‍പ് നെയ്യാറില്‍ നിന്ന് അരുവിക്കരയിലേക്ക് ജലം കൊണ്ടുപോകാനുള്ള പഠനറിപ്പോര്‍ട്ട് നല്‍കിയിട്ടും തുടര്‍ നടപടി വൈകി. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പദ്ധതി നടത്തിപ്പിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തിയേനെ. മഴയെത്തും എന്ന ഉദ്യോഗസ്ഥരുടെ പറച്ചിലില്‍ പ്രതീക്ഷയര്‍പ്പിച്ചതാണ് പ്രശ്‌നമായത്. ജല ലഭ്യതയുള്ള സ്ഥലങ്ങള്‍ നിങ്ങള്‍ കണ്ടെത്തു എന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പറയുന്നത്. നഗരത്തിലേക്ക് ജലം കൊണ്ടുപോകുന്നതില്‍ തദ്ദേശിയര്‍ എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്. നെയ്യാറില്‍ ജലം കിട്ടാക്കനിയാകുന്ന സാഹചര്യമാണെന്ന് ഇവര്‍ വാദിക്കുന്നു. കാളിപ്പാറ ഉള്‍പ്പടെ നിരവധി കുടിവെള്ള പദ്ധതികള്‍ ആശ്രയിക്കുന്നത് നെയ്യാറിലെ ജലമാണ്. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വരള്‍ച്ച രൂക്ഷമാണ്. നെയ്യാറിലെ ജലം ഇവിടുത്തെ ആവശ്യത്തിന് തികയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.