'മൂന്നാറില്‍ സന്തോഷിക്കുന്നത് ക്രിസ്തു'

Sunday 21 May 2017 8:45 pm IST

ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: മൂന്നാറില്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കിയതിനെ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് സ്വാഗതം ചെയ്തു. ആ കുരിശു നീക്കിയപ്പോള്‍ സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

കുരിശു കൃഷിയേയും മതപരിവര്‍ത്തനത്തേയും ഭൂമി കൈയേറ്റത്തേയും രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റ്, അവസാനം നമുക്ക് ഒരു റവന്യൂ മന്ത്രിയുണ്ടായിരിക്കുന്നുവെന്ന രാഷ്ട്രീയ നിലപാടും വ്യക്തമാക്കുന്നു. സിപിഐക്കാരനായ റവന്യൂ മന്ത്രിയുടെ നീക്കങ്ങളെ സിപിഎം നേതാക്കള്‍തന്നെ വിമര്‍ശിക്കുമ്പോഴാണ് ഈ നിലപാട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ ചുരുക്കം ഇങ്ങനെ: ആഫ്രിക്കന്‍ രാജ്യത്ത് വെള്ളക്കാര്‍ സുവിശേഷീകരണം നടത്തിയപ്പോള്‍ ബൈബിള്‍ ആഫ്രിക്കക്കാര്‍ക്കും അവരുടെ ഭൂമി വെള്ളക്കാര്‍ക്കും ചെന്നു. ബൈബിളും കുരിശും പല കാലത്തും കോളനിവത്കരണത്തിനും അധിനിവേശത്തിനുമുപയോഗിച്ചിട്ടുണ്ട്…. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഒരു സ്ഥലത്ത് തോമാശ്ലീഹയുടെ കാലത്തെ കുരിശ് കണ്ടെന്നു പറഞ്ഞ് കുറെ നേതാക്കള്‍ വിശ്വാസികളെ സംഘടിപ്പിച്ച് പ്രദേശം വെട്ടിപ്പിടിച്ചു.

അക്കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നെന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഉദാഹരണമാണ് മൂന്നാറിലെ കുരിശ്. അത് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും, മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.