ജില്ലയില്‍ വന്‍ മയക്കുമരുന്നു വേട്ട

Friday 21 April 2017 12:40 am IST

ആലുവ: വിദേശരാജ്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന വീര്യമേറിയ എക്‌സ്റ്റസി എന്ന പേരുള്ള എംഡിഎംഎയും ഹാഷിഷ് ഓയില്‍ ഉള്‍പ്പെടെ വന്‍ മയക്കുമരുന്നുകളുമായി കുമ്പളം ബ്ലായിത്തറ വീട്ടില്‍ സനീഷ് (32) എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. കൊച്ചിയിലെ ഡാന്‍സ് പാര്‍ട്ടികള്‍ക്കും നിശാമേളകള്‍ക്കും ലഹരി വസ്തുകള്‍ എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ സനീഷ് ആദ്യമായാണ് പിടിയിലാകുന്നത്. സ്ഫടിക രൂപത്തിലുള്ള 47 ഗ്രാം എംഡിഎംഎ, മൂന്നു ഗ്രാം ദ്രവരൂപത്തിലുള്ള എംഡിഎംഎ, പതിനൊന്നു ഗ്രാം കൊക്കെയിന്‍, 250 ഗ്രാം ഹാഷിഷ് ഓയില്‍, 205 ഗ്രാം ചരസ്, ഇവ തൂക്കാനുപയോഗിക്കുന്ന മൊബൈല്‍ രൂപത്തിലുള്ള ത്രാസ്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയാണ് പ്രതിയില്‍ നിന്ന് പിടിച്ചത്. ഇയാള്‍ സഞ്ചരിച്ച 15 ലക്ഷം രൂപ വിലയുള്ള കാറും പിടിച്ചെടുത്തു. പിടിയിലായ ലഹരി വസ്തുക്കള്‍ക്ക് ഏകദേശം ഒരു കോടി രൂപയോളം രൂപ വിലവരും. കുണ്ടന്നൂര്‍ ട്രാഫിക്ക് സിഗ്‌നല്‍ പരിസരത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ: സജി ലക്ഷ്മണനും സംഘവും ഇയാളെ പിടികൂടിയത്. ഗോവ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. ഗോവയില്‍ നിന്നാണ് വിലകൂടിയ എംഡിഎംഎ പോലുള്ള മയക്കു മരുന്നുകള്‍ കൊച്ചിയില്‍ എത്തിക്കുന്നതെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു. കുറഞ്ഞ വില നല്‍കി ഗോവയില്‍ നിന്ന് വന്‍ തോതില്‍ ലഹരി വസ്തുകള്‍ കൊണ്ടു വന്ന് ഇവിടെ കൂടിയ വിലയ്ക്കാണ് വിറ്റിരുന്നത്. ലഹരി വസ്തുകള്‍ കൊണ്ടു വരാനായി കുറഞ്ഞത് എട്ട് തവണയെങ്കിലും ഇയാള്‍ ഗോവയിലേയ്ക്ക് യാത്ര നടത്തിയിരുന്നതായി എക്‌സൈസ് കരുതുന്നു. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എം.കെ. നാരായണന്‍കുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസമായി സനീഷ് എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബെന്നി ഫ്രാന്‍സിസിന്റെ മേല്‍നോട്ടത്തിലായിരുന്നു നിരീക്ഷണം. സിഐ: സജി ലക്ഷ്മണന്‍, പ്രിവന്റീവ് ഓഫീസര്‍ എ.എസ്. ജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റോബി, റൂബന്‍, സുനില്‍കുമാര്‍, ഷിബു, ജിനേഷ്, ജഗദീഷ്, ബിജു, പ്രദീപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.