യജ്ഞവേദി സാക്ഷി; പുണ്യമായി മാംഗല്യം

Friday 21 April 2017 12:52 am IST

കൊച്ചി: എറണാകുളത്ത് നടക്കുന്ന സുകൃതം ഭാഗവതയജ്ഞവേദിയില്‍ നിര്‍ദ്ധനരായ 10 വനവാസി യുവതികളുടെ വിവാഹം നടന്നു. ഈ മാസം 15ന് എറണാകുളത്തപ്പന്‍ മൈതാനത്ത് ആരംഭിച്ച സുകൃതം ഭാഗവത യജ്ഞത്തിന്റെ ആറാം ദിവസമായിരുന്നു ഇന്നലെ. രാവിലെ 10.30ന് എറണാകുളത്തപ്പന്റെ തിരുസന്നിധിയില്‍ താലിക്കെട്ട് നടത്തി. വിവാഹിതരായവര്‍ ഇരുളന്‍, മുഡുഗര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. അട്ടപ്പാടി മേഖലയിലെ ഊരുകളില്‍ നിന്നാണ് യുവതി, യുവാക്കളെ തിരഞ്ഞെടുത്തത്. ഇവരെ കണ്ടെത്തിനായി നാല് മാസം മുമ്പ് സുകൃതം സംഘം അട്ടപ്പാടിയിലെ 33 ഓളം ഊരുകള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് 40 ഓളം കുടുംബങ്ങളില്‍ നിന്നാണ് 10 വധൂവരന്മാരെ തിരഞ്ഞെടുത്തത്. കല്യാണം നടത്തി യതിന് പുറമേ വിവാഹ വസ്ത്രവും, നാല് പവന്‍ വീതം സ്വര്‍ണ്ണവും സുകൃതം സമിതി നല്‍കി. സുകൃതം ഭാഗവത യജ്ഞസമിതി അംഗങ്ങളുടെ സഹകരണത്തിലാണ് ഇതിനുള്ള സമാഹരണം നടത്തിയത്. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് യജ്ഞവേദിയില്‍ സമൂഹ വിവാഹം നടത്തുന്നത്. എന്നാല്‍ വനവാസി കുട്ടികള്‍ക്ക് മാത്രമായി ചടങ്ങ് നടത്തുന്നത് ഇതാദ്യമാണ്. 42 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാരെ യജ്ഞവേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് വനവാസി സംഘത്തിന്റെ നേതൃത്വത്തില്‍ പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വധൂവരന്മാരുടെ ഊരുകളില്‍ നിന്ന് മാതാപിതാക്കളും, മറ്റ് ബന്ധുകളുമുള്‍പ്പടെ 200 ഓളം ആളുകളും യജ്ഞവേദിയിലെത്തിയിരുന്നു. മുന്‍ വര്‍ഷം വിവാഹിതയായ ബീന കൈക്കുഞ്ഞുമായി ഇത്തവണത്തെ സമൂഹ വിവാഹം കാണാനെത്തിയിരുന്നു. ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ മുഖ്യകാര്‍മികത്വം വഹിച്ചു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ തുടങ്ങി നിരവധി രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രഗത്ഭരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. അടുത്ത വര്‍ഷം 101 നിര്‍ദ്ധനരായ കുട്ടികളുടെ വിവാഹം നടത്താനാണ് സമിതി ലക്ഷ്യമിടുന്നത്. വിവാഹ ശേഷവും ദമ്പതികളുടെ ക്ഷേമങ്ങള്‍ സമിതി കൃത്യമായി അന്വേഷിക്കാറുണ്ടെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ പി. വി. അതികായന്‍ പറഞ്ഞു. ചടങ്ങുകള്‍ക്ക് സുകൃതം സംഘാടക സമിതി ചെയര്‍മാന്‍ ടി. കെ. എ. നായര്‍, പ്രസിഡന്റ് സരള വിജയന്‍, സെക്രട്ടറി ഡോ. സി. പി. താര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.