പുതു ജീവിതവുമായി ഊരിലേക്ക്; ഇത് ഉണ്ണിയുടെ ജീവിത കഥ

Friday 21 April 2017 12:53 am IST

കൊച്ചി: പത്താം വയസ്സില്‍ ആദ്യമായി കാടിറങ്ങുമ്പോള്‍ ഉണ്ണിയുടെ മനസ്സില്‍ സംഘര്‍ഷങ്ങളുടെ വേലിയേറ്റമായിരുന്നു. ഉറ്റവരെയും, കാടും വിട്ടുള്ള ആദ്യ യാത്ര. പക്ഷേ ആ യാത്ര അവന്റെ ജീവിതത്തിന് പുതിയൊരു അര്‍ഥം നല്‍കി. കാട് കടന്നവന്‍ അറിവ് നേടി ഒടുവില്‍ ഒരു എന്‍ജിനീയറിങ് ബിരുദധാരിയായി. ഇന്നലെ ഈ ഇരുപത്തിയാറുകാരന്‍ ജീവിതത്തില്‍ മറ്റൊരു ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു. സ്വന്തം ഊരിലെ ബന്ധു കൂടിയായ നന്ദിനിയെ താലികെട്ടി സംരക്ഷിക്കാനുള്ള തീരുമാനമായിരുന്നു അത്. വിവാഹത്തിന് വേദിയായത് എറണാകുളത്തെ സുകൃതം ഭാഗവത യജ്ഞശാല. ഇവിടെ ഉണ്ണിയെന്ന എം. ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെ 10 നിര്‍ദ്ധനരായ വനവാസി വധൂവരന്മാരാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പാലക്കാട് അട്ടപ്പാടിയിലെ മുള്ളി ഊരില്‍ നിന്നും ആദ്യമായി കാടിറങ്ങിയ ഉണ്ണി എത്തിച്ചേര്‍ന്നത് കൊല്ലത്തെ അമൃത സംസ്‌കൃത സ്‌കൂളിലാണ്. കാടിന്റെ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ജീവിതരീതിയിലേക്ക്. ബാലസദനത്തില്‍ നിന്ന് പഠിച്ച് ഭേദപ്പെട്ട മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സായി. തുടര്‍ന്ന് പഠിക്കണമെന്ന മോഹിച്ചു. പണം കണ്ടെത്തുക വെല്ലുവിളിയായി. ജോലി ചെയ്ത് പഠനം തുടരാന്‍ തീരുമാനിച്ചു. വെളുപ്പിന് നാല് മുതല്‍ ഏഴ് വരെയും, വൈകിട്ട് അഞ്ച് മുതല്‍ രാത്രി 10 വരെയും ഹോട്ടല്‍ ജോലി നോക്കി. മിച്ചംപിടിച്ച പണംകൊണ്ട് ഫീസ് കെട്ടി. പന്ത്രണ്ട് പാസായ ശേഷം കടലുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യണമെന്ന മോഹമുദ്ദിച്ചു. എന്‍ജിനീയറിങ് എന്‍ട്രന്‍സ് എഴുതി കൊച്ചി കുസാറ്റില്‍ മറൈന്‍ എന്‍ജിനീയറിങ്ങില്‍ പ്രവേശനം നേടി. പഠനം പൂര്‍ത്തിയാക്കി കോഴ്‌സ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതോടെ ജോലിക്കായി മുംബൈയിലെ ഒഎന്‍ജിസിയിസേക്ക്. ഒന്നര വര്‍ഷം ജോലി ചെയ്ത ശേഷം ഗള്‍ഫിലേക്ക് പറന്നു. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അഞ്ച് മാസം മുമ്പ് നാട്ടിലേക്ക് മടങ്ങി. മറ്റൊരു ജോലി നോക്കുന്നതിനിടെയാണ് വിവാഹമെത്തിയത്. ഊരിലെത്തിയ ശേഷം അധികം വൈകാതെ ജോലിക്ക് പോകണം. വീണ്ടും കാടിറങ്ങണം, ഉത്തരവാദിത്തം കൂടുകയാണ് - ഉണ്ണി പറയുന്നു. ഉണ്ണിയും, നന്ദിനിയും ഇരുളന്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. കൂട്ടായിയെത്തുന്ന നന്ദിനിയും വിദ്യാസമ്പന്ന. ബിഎ ഹിന്ദി പൂര്‍ത്തിയാക്കി, ബിഎഡിന് പഠിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.