അമിത് ഷാ കേരളത്തിലെത്തും

Friday 21 April 2017 1:54 am IST

  ന്യൂദല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എന്‍ഡിഎ സംവിധാനം ശക്തവും സുസജ്ജവുമാക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശം. സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എന്‍ഡിഎ വിപുലീകരണം അജണ്ടയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ അധ്യക്ഷന്‍ ജൂലൈ 25,26, 27 തീയതികളില്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും. വിശാഖപട്ടണത്തെ ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ശേഷമായിരിക്കും ദേശീയ അധ്യക്ഷന്റെ കേരളാ സന്ദര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്നും ദേശീയ അധ്യക്ഷന്റെ വരവ് പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കുമെന്നും കേരള നേതാക്കള്‍ അറിയിച്ചു. ഇരുമുന്നണികളിലെയും ചില ഘടകകക്ഷികള്‍ എന്‍ഡിഎയിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ വരുംനാളുകളിലുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടി സജ്ജമാകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്‍ഡിഎ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പേരുമായി ചര്‍ച്ചകളുണ്ടാകും. മലപ്പുറം തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വം വിളിച്ചുവരുത്തിയെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും കുമ്മനം പ്രതികരിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എം.പി എന്നിവരും ദേശീയ അധ്യക്ഷനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.