കുളമാവ് വനത്തിനുള്ളില്‍ മാലിന്യം തള്ളുന്നതിനിടെ പിടിയില്‍

Monday 24 April 2017 9:05 pm IST

കുളമാവ്: ഇടുക്കി വനത്തിനുള്ളില്‍ മാലിന്യങ്ങള്‍ തള്ളിയ വാഹനവും പ്രതികളെയും പോലീസ് പിടികൂടി. പെരുവന്താനം സ്വദേശികളായ മാന്തറയില്‍ ധനേഷ് (34), കല്ലുകുന്നേല്‍ റോയി (46) മാന്തറയില്‍ വിഷ്ണു (20) എന്നിവരെയാണ് കുളമാവ് പൊലീസ് ഇന്നലെ രാവിലെ പിടികൂടിയത്. പാലാ മേഖലകളിലെ ഹോട്ടല്‍, കോഴി ഫാം എന്നിവിടങ്ങളിലെ മാലിന്യമാണ് ഇവര്‍ ഇന്നലെ പുലര്‍ച്ചെ വനത്തില്‍ തള്ളിയത്. കോഴിവേസ്റ്റും ഹോട്ടല്‍ മാലിന്യങ്ങളുമാണ് ഇതിലധികവും. മുമ്പ് ഇത്തരത്തില്‍ വനത്തിലൂടെ കടന്ന് പോകുന്ന പാതയ്ക്ക് സമീപം മാലിന്യം തള്ളുന്നതായി കാട്ടി ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി വരികയായിരുന്നു. മാലിന്യം കൊണ്ടുപോകുന്നതിനു പ്രത്യേക രീതിയില്‍ ബോഡി കെട്ടിയാണ് വണ്ടി നിര്‍മ്മിച്ചിരുന്നത്. ലോറിയുടെ നമ്പര്‍ പുറകില്‍ നിന്നു നോക്കിയാല്‍ മനസ്സിലാകാത്ത രീതിയില്‍ നമ്പരുകള്‍ മായ്ച്ചിരുന്നു. ജാറുകളിലും പ്ലാസ്റ്റിക് ചാക്കുകളിലുമായി ഒരു ലോറിനിറയെ മാലിന്യമാണ് കുളമാവ് പാറമടമുതല്‍ വൈശാലി വരെയുള്ള പ്രദേശത്തെ വനത്തില്‍ ഉപേക്ഷിച്ചത്. മാലിന്യം ഉപേക്ഷിക്കുന്ന വിവരം അറിഞ്ഞ കുളമാവ് പൊലീസ് സംഭവസ്ഥലത്ത് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. കുളമാവ് എസ്‌ഐ കെ.ആര്‍.ജയശ്രീ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.