ദാഹജലം തരുമോ...?

Monday 24 April 2017 9:06 pm IST

തടാകമുണ്ടെങ്കിലും കുടിയ്ക്കാന്‍ വെള്ളമില്ല കുമളി: പഞ്ചാത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കുടവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ മാറ്റി വച്ചിരുന്നു. കുമളിയിലെ ഉയര്‍ന്ന പ്രദേശങ്ങളായ ഒട്ടകത്തലമേട്, കുരിശ്മല, സ്പ്രിങ് വാലി, മുരിക്കടി 5-ാം നമ്പര്‍ കോളനി, കുര്യന്‍ കോളനി എന്നീ പ്രദേശങ്ങളിലെ ആളുക ള്‍ കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്നു. ഇവര്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്നു. ഇപ്പോള്‍ പഞ്ചായത്ത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വണ്ടിയില്‍ വെള്ളം എത്തിച്ച് കൊടുക്കുന്നുണ്ട്. ഇതില്‍ നിന്നും ഒരു കുടുംബത്തിന് 200 ലിറ്റര്‍ വെള്ളമേ ലഭിക്കുകയുള്ളു. തേക്കടി തടാകത്തിന്റെ 2 കിലോമീറ്റര്‍ ചുറ്റളവിലുള്ള മന്നാംകുടി, റോസാപ്പൂക്കണ്ടം, കൊല്ലംപട്ടട തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം ലഭ്യമല്ല. തേക്കടി തടാകത്തിന് 200 കിലോമീറ്റര്‍ അകലെയുള്ള അഞ്ച് ജില്ലകളില്‍ കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഇവിടുന്ന് വെള്ളം എത്തിച്ചുകൊടുക്കുന്നുണ്ട്. എന്നിട്ടും അടുത്തുള്ള പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നില്ല. തോടുകള്‍ വരണ്ടു പോയ്... നെടുങ്കണ്ടം: പട്ടംകോളനി മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി. മഴകുറഞ്ഞതോടെ, വണ്ടന്മേട്ടില്‍ നിന്നും ആരംഭിച്ച്  പട്ടംകോളനിയുടെ ഹൃദയഭാഗത്ത് കൂടി കല്ലാര്‍ ഡാമിലേക്ക് ഒഴുകുന്ന നദിയും, കോമ്പയാര്‍ തോടും വരണ്ടതോടെ  നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ ഗ്രമപഞ്ചായത്തുകളിലായി കിടക്കുന്ന ഈ പ്രദേശം അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിലാണ്. പഞ്ചായത്തില്‍ നിന്നും വല്ലപ്പോഴും വാഹനങ്ങളില്‍ എത്തിക്കുന്ന പരിമിതമായ വെള്ളം മാത്രമാണ് ആശ്രയം. കരുണാപുരം പഞ്ചായത്തിലെ അന്‍പതേക്കര്‍, കട്ടക്കാനം, രാമക്കല്‍മേട്, നെടുങ്കണ്ടം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ്, കുഴിപ്പെട്ടി, ലക്ഷംവീട്, ആനക്കല്, കല്ലുംമേല്‍ക്കല്ല്, പോന്നംകാണി,  പാമ്പാടുംപറ പഞ്ചായത്തിലെ മുണ്ടിയെരുമ, പത്തിനിപ്പാറ, കുമരകംമെട്ട് എന്നീ പ്രദേശങ്ങള്‍ ആണ് അതിരൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്നത്. ഇതിനു പരിഹാരമായി തേക്കടിയില്‍ നിന്നോ ഇടുക്കി ഡാമില്‍ നിന്നോ കുടിവെള്ളം എത്തിക്കുന്ന ഒരു പദ്ധതിയെപ്പറ്റി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയിതിരുന്നു. അടിയന്തിരമായി ഈ പദ്ധതി നടപ്പാക്കി എന്നെന്നേക്കുമായി കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ  ആവശ്യം. ജലനിധിയുടെ പേരില്‍ ഈ പ്രദേശത്ത് വ്യാപകമായി കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതും ഭാവിയില്‍ പ്രത്യാഘാതം ഉണ്ടാക്കും. ഇപ്പോള്‍ കുഴിച്ച കുഴല്‍കിണറുകളില്‍ തൊണ്ണൂറു ശതമാനവും പരാചയപ്പെട്ടു കഴിഞ്ഞു. ബാബുനഗറില്‍ മഴക്കാലത്തും കുടിവെള്ള ക്ഷാമം മറയൂര്‍: ബാബുനഗര്‍, പട്ടിക്കാട്, ഇന്ദിരനഗര്‍, പത്തടിപ്പാലം, മറയൂര്‍ ടൗണ്‍, മാശിവയല്‍ ഭാഗങ്ങളിലാണ് അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നത്. ഇപ്പോള്‍ ഇവിടെ വണ്ടികളില്‍ വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ 700 കടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ എല്ലാ ആവശ്യത്തിനുമായി വണ്ടികളില്‍ എത്തിക്കുന്ന വെള്ളം തികയാറില്ല. പഞ്ചയാത്ത് പൈപ്പും, ജലനിധി പദ്ധതികള്‍ ഉണ്ടെങ്കിലും ഇതിലും വെള്ളം ലഭ്യമല്ല. ഹേറേഞ്ചിലും വെള്ളമില്ല ചെറുതോണി: മണിയാറന്‍കുടി, പട്ടമേട്, അമ്പത്താറ് കോളനി, താന്നിക്കണ്ടം നിരപ്പ്, കല്ലേമാടം എന്നീ വനവാസി മേഖലയില്‍ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. കോളനി നിവാസികളായ 100 ഓളം കുടുംബങ്ങള്‍ക്ക് വെള്ളം എത്തിച്ച് കൊടുക്കുവാനായി വര്‍ഷങ്ങളായി കുളംകുത്തി വട്ടമേടിന്റെ മുകളില്‍ നിര്‍മ്മിച്ച വാട്ടര്‍ ടാങ്കിലേയ്ക്ക് വെള്ളം പമ്പ് ചെയ്ത് കൊടുക്കുന്നതിനുള്ള മോട്ടോറും പൈപ്പുകളും തുരുമ്പെടുത്ത് നശിക്കുകയാണ്. ഇത്തരം അലംഭാവങ്ങള്‍ നിലനില്‍ക്കേ വണ്ടികളില്‍ വെള്ളം എത്തിച്ച് പഞ്ചായത്ത് അധികാരികള്‍ ജലക്ഷാമം പരിഹരിച്ചു എന്ന ഭാവത്തിലാണ്. എന്നാല്‍ പഞ്ചായത്ത് വെള്ളം കിട്ടുന്നതിനായി കൂലിപ്പണിപോലും ഉപേക്ഷിച്ച് മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് കോളനി നിവാസികള്‍. സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാനദണ്ഡങ്ങള്‍ പാലിക്കാതെ  അശാസ്ത്രീയമായി കുളങ്ങള്‍  നിര്‍മ്മിച്ചതാണ് ജില്ലാ ആസ്ഥാനത്ത് കുടിവെള്ളം രൂക്ഷമാകാന്‍ കാരണം. ജലത്തിന്റെ ഉറവിടം മനസിലാക്കാതെ  ഇത്തരം നടപടികള്‍ക്കായി അധികൃതര്‍ ലക്ഷങ്ങള്‍ ചിലവാക്കിയതല്ലാതെ ഫലം കാണാന്‍ സാധിച്ചില്ല. ജനപ്രതിനിധികള്‍ ഉണര്‍ന്നെങ്കില്‍... കാഞ്ഞാര്‍: ഞരളംപുഴ, കോളപ്ര ഏഴാംമൈല്‍, അടൂര്‍മല എന്നിവിടങ്ങളില്‍ കുടിവെള്ള ക്ഷാമം മൂലം ആളുകള്‍ ഏറെ ദുരിതമനുഭവിക്കുന്നു. ഞരളംപുഴ ഭാഗത്തേയ്ക്ക് പൈപ്പ് ലൈനും ഇല്ല. ഇവിടെ 150  ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കൂവപ്പിള്ളി ടാങ്കില്‍ നിന്നും വിതരണം ചെയ്യുന്ന വെള്ളം കോളപ്ര ഭാഗത്തുവരയെ എത്താറുള്ളു. ബാക്കിയുള്ള ഭാഗങ്ങളിലേയ്ക്ക് ഫോഴ്‌സ് കുറവ് മൂലം വെള്ളം എത്തുന്നുമില്ല. മുട്ടം കൊല്ലകുന്ന് ഭാഗത്ത് വലിയ വാട്ടര്‍ടാങ്ക് ഉണ്ടെങ്കിലും ഇതിന് മുകളിലേയ്ക്കുള്ള ഭാഗത്തേയ്ക്ക് വെള്ളം ലഭിക്കുന്നില്ല എന്ന് നാട്ടുകാര്‍  പറയുന്നു. ലോറിയിലെ വെള്ളം അപര്യാപ്തം കട്ടപ്പന: നഗരസഭയിലെ കുന്തളമ്പാറ, കല്ല്യാണത്തണ്ട്, വലിയപ്പാറ, ഹില്‍ടോപ്പ്, വള്ളക്കടവ്, തവളപ്പാറ തുടങ്ങിയ മേഖലകളിലാണ് കുടിവെള്ള ക്ഷാമം ഏറെയുള്ളത്. വാട്ടര്‍ അതോറിറ്റിയുടെ സേവനം നഗരസഭയുടെ ചില ഇടങ്ങളില്‍ മാത്രമാണുള്ളത്. നഗരസഭയുടെ നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളില്‍ ലോറിയ്ക്ക് വെള്ളമെത്തിച്ച് നല്‍കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമായില്ല. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ഇടിഞ്ഞ മല, വാഴവര, ചെമ്പകപ്പാറ, ഈട്ടിത്തോപ്പ്, തോവാളമെട്ട്, ടവര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വാട്ടര്‍ അതോറിറ്റിയുടെ സേവനം പഞ്ചായത്തില്‍ ലഭ്യമാണെങ്കിലും കാര്യക്ഷമമായി പദ്ധതി പ്രവര്‍ത്തിക്കുന്നില്ല. പഞ്ചായത്തില്‍ 5300 ഓളം കുടുംബങ്ങള്‍ ഉണ്ടെങ്കിലും ഏകദേശം 500 ഓളം കുടുംബങ്ങള്‍ക്ക് മാത്രമാണ് പദ്ധതിഉപകരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തില്‍ പിക്ക് വാനിന് വെള്ളം എത്തിക്കുന്നത്. പഞ്ചായത്തിലുടനീളം വാഹനത്തില്‍ വെള്ളം എത്തിക്കുവാന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും ജലനിധി പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിച്ച് വന്നിരുന്നെങ്കിലും ഇപ്പോള്‍ ഈ പദ്ധതികളിലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. വാട്ടര്‍ അതോറിട്ടി പ്രതിക്കൂട്ടില്‍ തൊടുപുഴ: ഏറ്റവും അധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായ തൊടുപുഴ താലൂക്കില്‍ നിരവധി പഞ്ചായത്തുകളിലാണ് കടുത്ത കുടിവെള്ളം ക്ഷാമം രൂക്ഷമായിരിക്കുന്നത്. ഇടക്കാലെത്തുന്ന മഴ ആശ്വാസമാകുമ്പോഴും തുടര്‍ന്ന് വേനല്‍ചൂട് കൂടുന്നത് ജലക്ഷാമം വര്‍ദ്ധിപ്പിക്കുകയാണ്. തൊടുപുഴയിലെ ഇടവെട്ടി, വണ്ണപ്പുറം, കോടിക്കുളം, മണക്കാട്, ആലക്കോട്, വെള്ളിയാമറ്റം, കുമാരമംഗലം തുടങ്ങിയ പഞ്ചായത്തുകളില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് നിരവധികുടുംബങ്ങള്‍ കഴിയുന്നത്. അതേസമയം പൊതുടാപ്പുകളിലൂടെ എത്തുന്ന വെള്ളം കൃഷി ആവശ്യങ്ങള്‍ക്കും വാഹനംകഴുകുന്നതിനും ഉപയോഗിക്കുന്നതിനെതിരെ ജനരോക്ഷം ശക്തമാകുകയാണ്. ഇടവെട്ടിയിലെ വിവിധ മേഖലകളില്‍ മെയില്‍ പൈപ്പില്‍ നിന്നും കുത്തിയാണ് വീടുകളിലേയ്ക്ക് വന്‍തോതില്‍ വെള്ളം എടുക്കുന്നത്. പിന്നീട് ഇത് മുറ്റത്തെ പൂന്തോട്ടം നനയ്ക്കുന്നതിന് പോലും ഉപയോഗിക്കുന്നുണ്ട.് അധികൃതരെ ഇത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടും യാതൊരും നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ വെള്ളം എടുക്കുന്നത് ശിക്ഷാര്‍ഹമാണെന്നിരിക്കെ പൊതു ടാപ്പുകള്‍ ഡിസ്‌കണക്ട് ചെയ്യണമെന്നാണ് പരിസരവാസികളുള്‍പ്പെടെ ആവശ്യപ്പെടുന്നത്. ആവശ്യക്കാര്‍ക്ക് വീടുകളിലേയ്ക്ക് നേരിട്ട് മാത്രം കണക്ഷന്‍  നല്‍കുന്നതാണ് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഉത്തമമെന്നും ഉദാഹരണ സഹിതം നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഉയരം കൂടിയ മേഖലകളില്‍ ഇത്തരത്തില്‍ വെള്ളം എടുക്കുന്നത് മൂലം വെള്ളം എത്തുന്നില്ലെന്നും ഒരാഴ്ച് കൂടുമ്പോഴാണ് തങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതെന്നും ശാദരക്കവല, ശാസ്താംപാറ നിവാസികള്‍ പറയുന്നു. നഗരത്തില്‍ തന്നെയുള്ള വിവിധ കോളനികളിലും രാത്രികാലങ്ങളില്‍ മാത്രമാണ് വെള്ളം എത്തുന്നത്. രാത്രി ഉറക്കംഉളച്ച് വെള്ളത്തിനായി കാത്തിരിക്കേണ്ട ഗതികേടിലാണ് കുന്നിന് മുകളില്‍ താമസിക്കുന്ന നഗരവാസികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.