മങ്ങാട്ടുപൊയ്കപാലം അപകടാവസ്ഥയില്‍

Monday 24 April 2017 9:08 pm IST

കട്ടപ്പന: ശാന്തിഗ്രാം മങ്ങാട്ടുപൊയ്ക പാലം അപകടാവസ്ഥയില്‍.  വീതികുറവും കൈവരി തകര്‍ന്നതുമാണ് പാലത്തിന്റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. വീതികുറഞ്ഞ പാലത്തിലൂടെ ഒരു വാഹനത്തിന് മാത്രമാണ് ഒരുസമയം കടന്ന് പോകുവാന്‍ സാധിക്കുക. പാലം പുതുക്കി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ ഇതിനെതിരെ കണ്ണടച്ച മട്ടാണ്. ഇരട്ടയാര്‍ പാലം മുതല്‍ നോര്‍ത്ത് വരെയുള്ള ഭാഗത്തെ റോഡും ദീര്‍ഘകാലമായി തകര്‍ന്ന് കിടക്കുകയാണ്. പാലത്തിന്റെ കോണ്‍ക്രീറ്റ് കൈവരികള്‍ തകര്‍ന്ന് കാല്‍നടയാത്രികര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ അപകട ഭീഷണി ഉയര്‍ത്തുകയാണ്. റോഡിന്റെ ഇരുവശവും കൊടും വളവായതിനാല്‍ വലിയ വാഹനങ്ങള്‍ സുഗമമായി കടന്നു പോകുകയില്ല. മുമ്പ് ഒരു വലിയ വാഹനം വളവ് തിരിച്ചതിനെ തുടര്‍ന്ന് പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുപോയിരുന്നു. നിരവധി വാഹനങ്ങളാണ് ഈ പാലത്തില്‍ അപകടത്തില്‍ പെട്ടിട്ടുള്ളത്. ഈ പാലം മുതല്‍ നോര്‍ത്ത് വരെയുള്ള റോഡിന്റെ തൊട്ടു താഴെയായിട്ടാണ് ഡാമിലെ വെള്ളം കിടക്കുന്നത്. വീതി  കുറവായതിനാല്‍ ഇവിടെ ഏറെ അപകടസാധ്യതയുള്ള മേഖലയാണ്. സ്‌കൂള്‍ കുട്ടികളടക്കം നിരവധിപ്പേരാണ് വാഹനങ്ങളില്‍ ഇതുവഴി കടന്നുപോകുന്നത്. അടിമാലിയെയും കട്ടപ്പനയേയും വളരെ എളുപ്പം ബന്ധിപ്പിക്കുന്ന പാതയായതിനാല്‍ ഇതുവഴി ഒരോ ദിവസം ചെല്ലുന്തോറും തിരക്ക് ഏറി വരികയാണ്. എന്നാല്‍ അധികൃതര്‍ ഈ മലയോര റോഡിനെ വേണ്ട രീതിയില്‍  പരിഗണിക്കാത്തതിനാല്‍ സമീപത്തെ ഗ്രാമങ്ങളായ തോപ്രാംകുടി, മുരിക്കാശ്ശേരി, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ ആളുകള്‍ക്ക് എത്താന്‍ സഹായകരമായ വഴിയാണ് അടഞ്ഞ് പോകുന്നത്. റോഡിന് വീതി കൂട്ടി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യണമെന്ന് നാട്ടുകാരും യാത്രക്കാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.