മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സൈനികര്‍ക്ക് വീരമൃത്യു

Monday 24 April 2017 9:42 pm IST

റായ്പ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. തിരിച്ചടിച്ച സൈനികര്‍ അഞ്ചു മാവോയിസ്റ്റുകളെ കൊന്നു. ആറു സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ടരേയാടെ തെക്കന്‍ ബസ്തറിലെ ബര്‍ക്കാപാല്‍ - ചിന്താഗുഫ മേഖലയിലാണ് സംഭവം. നക്‌സലുകളുടെ കേന്ദ്രമായ ഇവിടെ പുതിയ റോഡ് നിര്‍മ്മാണത്തിന്റെ കാവലിന് നിയോഗിച്ചിരുന്ന 74ാം ബറ്റാലിയനിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ഇവര്‍ പ്രേടാളിങ് നടത്തുമ്പോള്‍ നക്‌സലുകള്‍ തുടരെ വെടിയുതിര്‍ത്തു. തിരിച്ചടിച്ചെങ്കിലും ഇന്‍സ്‌പെക്ടര്‍ അടക്കം 26 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്ക് റായ്പ്പൂരിലേക്ക് ഹെലിക്കോപ്ടറില്‍ കൊണ്ടുപോയി. കൊല്ലപ്പെട്ട സൈനികരുടെ തോക്കുകളും വയര്‍ലസ് സെറ്റുകളും നക്‌സലുകള്‍ തട്ടിയെടുത്തു. റോഡ് നിര്‍മിക്കുന്ന പ്രദേശത്തേക്ക് ഗ്രാമീണരെ അയച്ച് സൈനികര്‍ എവിടെയാണെന്നു മനസിലാക്കിയതിനു ശേഷമായിരുന്നു ആക്രമണം. മുന്നൂറോളം മാവോയിസ്റ്റുകളാണ് സൈനികരെ ആക്രമിച്ചതെന്ന് സിആര്‍പിഎഫ് ദന്തേവാദ ഡിഐജി പി. സുന്ദര്‍രാജ് പറഞ്ഞു. പട്രോളിങ് സംഘത്തില്‍ 150 സൈനികരാണുണ്ടായിരുന്നത്. ഏറ്റുമുട്ടലിനു ശേഷം കമാന്‍ഡര്‍ ഉള്‍പ്പെടെ ഏഴു സൈനികരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ഭാഷയില്‍ അപലപിച്ചു. ഭീരുത്വം എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. സൈനികരുടെ രക്തസാക്ഷിത്വം വെറുതെയാവില്ല, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ അടിയന്തരമായ ഛത്തീസ്ഗഢിലെത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നിര്‍ദേശപ്രകാരമാണിത്. ന്യൂദല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി രമണ്‍ സിങ്ങ് പരിപാടികളെല്ലാം റദ്ദാക്കി റായ്പ്പൂരില്‍ മടങ്ങിയെത്തി. സുക്മ മേഖലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ മാവോയിസ്റ്റുകളുടെ രണ്ടാമത്തെ ആക്രമണമാണിത്. മാര്‍ച്ച് പതിനൊന്നിന് പന്ത്രണ്ട് സിആര്‍പിഎഫ് സൈനികരാണ് വീരമൃത്യു വരിച്ചത്. ഈ പ്രദേശത്ത് നിര്‍മാണം തുടരുന്ന റോഡ് പൂര്‍ത്തിയായാല്‍ മാവോയിസ്റ്റ് മേഖലയിലേക്കുള്ള യാത്ര എളുപ്പമാവും. ഇതു തടസ്സപ്പെടുത്താനാണ് മാവോയിസ്റ്റുകളുടെ ശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.