മണിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Monday 24 April 2017 10:01 pm IST

തിരുവനന്തപുരം: മൂന്നാറിലെ സ്ത്രീകളെ അപമാനിച്ച മന്ത്രി എം.എം. മണിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്പീക്കര്‍ പി. ശ്രീരാകൃഷ്ണനും മണിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. വനിതാ കമ്മിഷന്‍ അംഗം ജെ. പ്രമീളാ ദേവി മൂന്നാറില്‍ സമരം നടത്തുന്ന പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിന്റെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ നടപടികളെടുക്കാന്‍ ഇടുക്കി എസ്പിക്കു നിര്‍ദേശം നല്‍കി. ആരായാലും നാവ് ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിച്ചുവേണമെന്നായിരുന്നു മണിക്കെതിരെ സ്പീക്കറുടെ പ്രതികരണം. നാവിന്റെ അറ്റത്താണ് എല്ലാം. ഒരു വാക്കോ വാചകമോ സമൂഹത്തിലുണ്ടാക്കുന്ന ആഘാതം എല്ലാവരും മനസിലാക്കണം, സ്പീക്കര്‍ പറഞ്ഞു. മണിക്കെതിരെ യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കി. നിയമവശം പരിശോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഡിജിപി ഓഫീസ് ആവശ്യപ്പെട്ടു. പല ജില്ലാ ഘടകങ്ങളും സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെന്നാണ് സൂചന. ബന്ധുനിയമന കേസിലേതു പോലെ മണിയുടെയും രാജി പാര്‍ട്ടി ആവശ്യപ്പെടണമെന്ന ആവശ്യം കണ്ണൂര്‍ ലോബി ഉന്നയിച്ചേക്കും. ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളത്തില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറുമെന്നുറപ്പായി. സിപിഎമ്മിലെ വനിതാ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരിക്കുന്നതിനാല്‍ സഭയില്‍ മണിയെ സംരക്ഷിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ ബാധ്യതയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.