സര്‍ക്കാരിന് ആശങ്ക, ആശയകുഴപ്പം

Monday 24 April 2017 10:19 pm IST

തിരുവനന്തപുരം: കോടതിവിധിയെ തുടര്‍ന്ന് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരില്‍ ആശയക്കുഴപ്പം. വിധിപ്പകര്‍പ്പ് കിട്ടിയതിനുശേഷം തീരുമാനം എടുക്കാനായിരുന്നു നീക്കമെങ്കിലും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കൂടിയാലോചനകള്‍ നടന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നിയമവശം പരിശോധിക്കാനായിരുന്നു യോഗം. റിവ്യൂ ഹര്‍ജി നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ സൂപ്രീംകോടതിയല്‍ നിന്ന് സെന്‍കുമാറിനെ അനുകൂലമായി വീണ്ടും വിധിയുണ്ടായാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാകുമെന്ന് ഒരു വിഭാഗം വാദിച്ചു. ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെ മാറ്റിയതെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് യോഗത്തില്‍ കൂടുതല്‍ പ്രതികരിച്ചില്ല. ഇതിനിടെ കോടതിവിധി മറികടക്കാന്‍ പോലീസ് വിഭാഗത്തെ രണ്ടാക്കാനും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. സായുധ സേന ബറ്റാലിയനെ ക്രമസമാധാന വിഭാഗത്തില്‍ നിന്ന് മാറ്റി പ്രത്യേക വിഭാഗമാക്കണം. അതിന്റെ തലപ്പത്ത് സെന്‍കുമാറിനെ നിയമിച്ചാലെന്തെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. പോലീസ് മേധാവി എന്ന നിലയില്‍ ഒരു സ്ഥാനം മാത്രമെ സംസ്ഥാനത്ത് നിലവിലുള്ളൂ. ഇത് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ വീണ്ടും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടിയുണ്ടാകും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് യോഗം ചേര്‍ന്ന് അന്തിമതീരുമാനം എടുക്കും. സര്‍ക്കാര്‍ തീരുമാനം എന്തെന്ന് അറിയട്ടെ എന്ന നിലപാടിലാണ് സെന്‍കുമാര്‍.