മുത്തലാഖിന്റെ ഒരു രക്തസാക്ഷി കൂടി പ്രധാനമന്ത്രിക്കു മുന്നില്‍

Monday 24 April 2017 10:55 pm IST

മീററ്റ്: മുത്തലാഖിലൂടെ ജീവിതം നരകതുല്യമായി മാറിയ ഒരു മുസ്ലീം യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു മുന്നിലും നീതി തേടിയെത്തി. നെറ്റ്‌ബോളില്‍ ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള കായികതാരം കൂടിയായ ഷുമേല ജാദവാണ് മുത്തലാഖിന്റെ ജീവിക്കുന്ന മറ്റൊരു രക്തസാക്ഷിയായി രാജ്യത്തിന്റെ മനസ്സാക്ഷിക്കു മുന്നില്‍ നില്‍ക്കുന്നത്. പെണ്‍കുട്ടിക്കു ജന്മം നല്‍കി എന്ന ഒറ്റക്കാരണത്താല്‍ മുത്തലാഖിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പായിരുന്നു അത്. ഭര്‍ത്താവ് മൂന്നു തവണ തലാഖ് എന്നുച്ചരിച്ച് തന്നെ ഉപേഷിച്ചു എന്നാണ് മാധ്യമപ്രവര്‍ത്തകരോട് ഷുമേല പറഞ്ഞത്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഷുമേല താമസിക്കുന്നത്. രണ്ടു വര്‍ഷത്തിനിടെ ഇത് ആരോടു പറയും എന്നറിയില്ലായിരുന്നു. മുത്തലാഖിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ വിശ്വാസമുള്ളതിനാലാണ് ഇപ്പോള്‍ തുറന്നു പറയുന്നത്. പെണ്‍കുട്ടിയെ പ്രസവിച്ചു എന്നതല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ല, ഷുമേല പറഞ്ഞു. മുത്തലാഖ് എന്റെ ജീവിതം തകര്‍ത്തു. ഇതൊരു സാമൂഹ്യ അനാചാരമാണ്. എത്രയോ മുസ്ലീം സ്ത്രീകളാണ് ഇപ്പോള്‍ മുന്നോട്ടുവരുന്നതെന്നു നോക്കൂ. ഇത്രയും കാലം അവരെല്ലാം നരകിക്കുകയായിരുന്നു, ഷുമേല പറഞ്ഞു. 2014 ഫെബ്രുവരിയിയിലാണ് ഷുമേലയും ലഖ്‌നൗ സ്വദേശിയായ ഫറൂഖ് അലിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കു ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചു തുടങ്ങി. ഗര്‍ഭിണിയായപ്പോള്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചായി ചര്‍ച്ച. പെണ്‍കുട്ടിയാണു ജനിക്കുന്നതെങ്കില്‍ അനുഭവിക്കും എന്നു ഭീഷണിപ്പെടുത്തി. 2015 മെയ് മാസം ഷുമേല പെണ്‍കുട്ടിക്കു ജന്മം നല്‍കി. 2016 ഏപ്രിലില്‍ മൂന്നു വട്ടം തലാഖ് പറഞ്ഞ് ഭര്‍ത്താവ് ഷുമേലയെ മൊഴി ചെല്ലി. മൂന്നു തവണ നെറ്റ്‌ബോള്‍ ദേശീയ ചാംപ്യന്‍ഷിപ്പില്‍ ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിച്ച ഷുമേല കുഞ്ഞുമായി മാതാപിതാക്കള്‍ക്കൊപ്പം ജീവിതമാരംഭിച്ചു. ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണിപ്പോള്‍. തലാഖിന്റെ സമയത്ത് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയാറായില്ലെന്ന് ഷുമേല പറയുന്നു. ഇനിയെങ്കിലും തനിക്കു നീതി കിട്ടണം. അതിനാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചത്. മീററ്റില്‍ മാത്രം മുത്തലാഖിനെതിരെ പ്രധാനമന്ത്രിക്കു കത്തു നല്‍കുന്ന മൂന്നാമത്തെ മുസ്ലീം സ്ത്രീയാണ് ഷുമേല.