കരാറുകാരനും പഞ്ചായത്തിനും ചാകരക്കോള്, കാട്ടാക്കട ചന്ത നവീകരണത്തില്‍ അഴിമതി

Monday 24 April 2017 10:54 pm IST

കാട്ടാക്കട: ചന്ത നവീകരണം ഏറ്റെടുത്ത കരാറുകാരനും പഞ്ചായത്ത് ഭരണസമിതിക്കും ചാകരക്കോള്. ചെയ്യാത്ത പണിക്കും ചെയ്ത പണിയില്‍ കൃത്രിമം നടത്തിയും വെട്ടിയെടുത്തത് ലക്ഷങ്ങള്‍. കാട്ടാക്കട ചന്തയുടെ നവീകരണപ്രവര്‍ത്തനങ്ങളിലാണ് വന്‍ അഴിമതി ആരോപണം. ജനുവരി 18 നാണ് 53 ലക്ഷംരൂപ ചെലവില്‍ പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കാട്ടാക്കട ചന്തയുടെ നവീകരണത്തിന് തുടക്കമിട്ടത്. തദ്ദേശ സ്വയംഭരണമന്ത്രി കെ.ടി. ജലീലായിരുന്നു ഉദ്ഘാടനം. അന്താരാഷ്ട്ര നിലവാരത്തില്‍ ചന്തയെ ഉടച്ചുവാര്‍ക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യഘട്ടമെന്ന നിലയ്ക്ക് ചന്തയുടെ നവീകരണത്തിനായി 53 ലക്ഷംരൂപ വകയിരുത്തി. മൂന്നുമാസത്തിലേറെയായി ചന്തയുടെ പ്രധാനകാവാടം അടച്ചിട്ട് ഉള്ളില്‍ രഹസ്യപ്പണി നടക്കുകയായിരുന്നു. കാലപ്പഴക്കത്താല്‍ വിണ്ടുകീറിയ തൂണുകളും ഇളകിമാറിയ അടിത്തറയും ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളും പൂര്‍ണമായും നീക്കംചെയ്ത് പുതിയത് നിര്‍മിക്കാനായിരുന്നു കരാര്‍. എന്നാല്‍ ഇവ അതേപടി നിലനിര്‍ത്തി ഇതിന് മുകളില്‍ കല്ലുകള്‍ കെട്ടിപൊക്കി സിമന്റ്പൂശി മേല്‍ക്കൂരയ്ക്കായി ഇരുമ്പുകമ്പികള്‍ സ്ഥാപിച്ചിരിക്കുകയാണ്. പുതിയകെട്ടിടം എന്ന് വരുത്തിതീര്‍ത്ത് തുക തട്ടാനാണ് പഞ്ചായത്തിന്റെ ഒത്താശയോടെ കരാറുകാരന്റെ ശ്രമമെന്നാണ് ആക്ഷേപം. കെട്ടിടത്തിന്റെ പുറകുവശം വിള്ളല്‍വീണും സിമന്റുപാളികള്‍ ഇളകി ചെങ്കല്ലുകള്‍ പൊട്ടിയും ഇരിക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചതോടെയാണ് വിവാദമായത്. അഞ്ചുലക്ഷത്തിന്റെ നിര്‍മാണജോലി പോലും പൂര്‍ത്തിയാക്കാതെ ഇതിനോടകം 23 ലക്ഷം കരാറുകാരന് നല്‍കി. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പഞ്ചായത്തും കരാറുകാരനും പൊതുഖജനാവ് കൊള്ളയടിക്കുകയാണെന്ന ആരോപണവുമായി ഇന്നലെ ബിജെപി മണ്ഡലം വൈസ്പ്രസിഡന്റ് സുദര്‍ശനന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചതോടെയാണ് ഞെട്ടിക്കുന്ന അഴിമതി പുറംലോകമറിഞ്ഞത്. നിര്‍മാണജോലികള്‍ മൂന്നുമാസം പിന്നിട്ടിട്ടും ചന്തയിലെ ശൗചാലയം നവീകരിക്കാനോ കുടിവെള്ളലഭ്യത ഉറപ്പുവരുത്താനോ മാലിന്യനിര്‍മാര്‍ജനത്തിന് പരിഹാരം കാണാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മത്സ്യമാംസാവശിഷ്ടങ്ങള്‍ ചീഞ്ഞുനാറി ചന്തയ്ക്കുള്ളില്‍ പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നു. ഇതിനെതിരെ കച്ചവടക്കാരും നാട്ടുകാരും പരാതി പറഞ്ഞിട്ടും പഞ്ചായത്തിന് അനങ്ങാപ്പാറ നയമാണ്. നവീകരണപ്രവര്‍ത്തനം നിര്‍ത്തിവച്ച് അഴിമതി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍വകക്ഷിയോഗം കൂടി ചന്തയുടെ നവീകരണപ്രവര്‍ത്തനം പ്രത്യേക കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.