വിദേശത്ത് കാണാതായ ആളെ വിദേശകാര്യ മന്ത്രാലയം ഇടപെട്ട് നാട്ടിലെത്തിച്ചു

Monday 24 April 2017 11:08 pm IST

പാറശ്ശാല: ഒന്നര വര്‍ഷം മുമ്പ് വിദേശത്ത് കാണാതായ പരശുവയ്ക്കല്‍ സ്വദേശിയെ വിദേശ കാര്യമന്ത്രാലയം ഇടപ്പെട്ട് നാട്ടിലെത്തിച്ചു. പാറശ്ശാല പരശുവയ്ക്കല്‍, തുത്തിവിള വീട്ടില്‍ സത്യനേശന്‍-സുശീല ദമ്പതികളുടെ മകനായ അനി സത്യനാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. നാലു വര്‍ഷം മുമ്പാണ് ഡ്രൈവര്‍ ജോലിക്കായി അനി സത്യന്‍ കുവൈറ്റിലേക്ക് പോയത്. ഒന്നര വര്‍ഷത്തിന് മുമ്പ് വിസാകാലാവധി അവസാനിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലുടമ അനുവദിച്ചില്ല. തൊഴില്‍രേഖകള്‍ പുതുക്കാതെ ജോലിയില്‍ തുടരാന്‍ തൊഴിലുടമ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രേഖകള്‍ പുതുക്കാതെ തുടരാന്‍ സാധ്യമല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തൊഴിലുടമ അനി സത്യനെ മര്‍ദ്ദിക്കുകയും യാത്ര രേഖകള്‍ പിടിച്ച് വയ്ക്കുകയും ചെയ്തു. ഒന്നര വര്‍ഷമായി മകന്റെ വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ അച്ഛനമ്മമാര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഒടുവില്‍ മകനെ കണ്ടെത്തി തിരികെ എത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ബിജെപി ദേശീയസമിതി അംഗം കരമന ജയനെ കണ്ട് നിവേദനം നല്‍കി. നിവേദനം കരമന ജയന്‍ ബിജെപിയുടെ രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖര്‍ മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ എത്തിച്ചു. തുടര്‍ന്ന് വിദേശകാര്യസഹമന്ത്രി ഇടപ്പെട്ട് അനി സത്യനെ കണ്ടെത്തി നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് അനി സത്യനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുവൈറ്റ് എം ബസിയുടെ കീഴിലെ പ്രത്യേക ഷെല്‍റ്ററില്‍ താമസിപ്പിച്ചു. എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കി അനി സത്യനെ തിങ്കളാഴ്ച പരശുവയ്ക്കല്‍ വീട്ടിലെത്തിച്ചു. നാട്ടിലെത്തിക്കുവാനുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ ചെലവുകളും വിദേശകാര്യ മന്ത്രാലയമാണ് വഹിച്ചത്. മന്ത്രലായത്തിന്റെ ശക്തമായ ഇടപെടലുകളാണ് തനിക്ക് നാട്ടിലെത്തുവാന്‍ സഹായമായതെന്ന് അനി സത്യന്‍ പറഞ്ഞു. കരമന ജയനോടൊപ്പം പാറശ്ശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്ത്, വൈസ് പ്രസിഡന്റ് കള്ളിക്കാട് രാധാകൃഷ്ണന്‍, നെടിയാംകോട് അജയകുമാര്‍, ശശീന്ദ്രന്‍ തുടങ്ങിയവര്‍ അനി സത്യന്റ വീട്ടിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.