പുതുമകളുമായി വിഷുക്കണി മേള

Monday 24 April 2017 11:09 pm IST

  അക്ഷയ ആര്‍.എസ്‌ തിരുവനന്തപുരം: കാര്‍ഷിക സംസ്‌കാരത്തെ പുതുതലമുറയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് പുത്തരിക്കണ്ടത്ത് ആരംഭിച്ച 'വിഷുക്കണി' കാര്‍ഷിക വ്യവസായിക വിജ്ഞാന വിപണന മേളയ്ക്ക് വന്‍ തിരക്ക്. മേളയിലേക്ക് കടന്നുചെല്ലുന്നവരുടെ ശ്രദ്ധ ആദ്യം എത്തുന്നത് പഴമയിലേക്കാണ്. കിളികളുടെ നാദം കേട്ടുകൊണ്ട് പ്രാചീന മനുഷ്യന്‍ തീ കായുന്നത് കാണാം. പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച തൊഴുത്തില്‍ ശാന്തമായ് നില്‍ക്കുന്ന കാസര്‍കോഡ് കുള്ളനെയും ഗിര്‍ കിടാരിയെയും വെച്ചൂര്‍ പശുവിനെയുംപോലെ തന്നെ കരോളി ആടും ശിരോഹി ആടും മേളയിലെ അത്യപൂര്‍വമായ കാഴ്ചയാണ്. വിവിധ കോഴികളുടെ പവലിയനില്‍ ഗിനി കോഴിയും കൊച്ചിന്‍ ബാന്റവും ഓണ ഗഡോരി പൂവനും താരങ്ങളാണ്. ഒപ്പം എഗ് ഗ്യാലറിയില്‍ റിയ, ഒട്ടകപക്ഷി, എമു, മുസ്‌കോവി, ഇണക്കുരുവികള്‍ തുടങ്ങിയ പക്ഷികളുടെ മുട്ടകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൃത്രിമ കുളത്തില്‍ നീന്തി തുടിക്കുന്ന അരയന്ന കൂട്ടരും കാഴ്ചക്കാരെ ഹരം കൊള്ളിക്കും. വിഴിഞ്ഞം സിഎംഎഫ്ആര്‍ഐ പ്രദര്‍ശിപ്പിച്ച ബ്ലൂ ഡാംസല്‍, മെലോണ്‍ ബട്ടര്‍ഫ്‌ളൈ, ബ്ലൂറിങ് എന്‍ജല്‍ഷിപ്പ്, റോസ് കോറല്‍ തുടങ്ങിയ കടല്‍ മത്സ്യങ്ങള്‍ മേളയുടെ മാറ്റുകൂട്ടുന്നു. കര്‍ഷകനും നെല്‍വയലും മത്സ്യങ്ങളുള്ള കുളവും പച്ചക്കറിത്തോട്ടവും ഉള്‍പ്പെടെയുള്ളവ മേളയിലുണ്ട്. കര്‍ഷകര്‍ക്ക് വിത്തും നടീല്‍ വസ്തുക്കളും ജൈവ വളങ്ങളും വളക്കൂട്ടുകളും കാര്‍ഷിക യന്ത്രങ്ങളും ഇവിടെ ലഭ്യമാണ്. ആധുനിക കൃഷി സങ്കേതങ്ങളായ പ്രിസിഷന്‍ ഫാമിങ്, വെര്‍ട്ടിക്കല്‍ ഫാമിങ്, തിരിനന, പോളി ഹൗസ് കൃഷി എന്നിവയും പരിചയപ്പെടുത്തുന്നു. മാനസിക ഉല്ലാസം, പരിസ്ഥിതി ശുചിത്വം, മെച്ചപ്പെട്ട ആരോഗ്യം എന്നിവ നല്‍കുന്ന അടുക്കള തോട്ടത്തിന്റെ മാതൃക 'സുരക്ഷിത ഭക്ഷണത്തിലൂടെ ഭക്ഷ്യ സുരക്ഷയിലേക്ക് എന്ന സന്ദേശവുമായ് മേളയില്‍ കാണാം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മികവുറ്റ നഴ്‌സറികള്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, റ്റിബിജിആര്‍, ഐവിഎസ്എസ്‌സി, കേരള പോലീസ് തുടങ്ങി അനവധി സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നു. മേള മേയ് 7ന് അവസാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.