ഇന്ന് വാഗ്ഭടാനന്ദ ജയന്തി

Monday 24 April 2017 11:14 pm IST

'വാഗ്‌ദേവതയുടെ വജ്രായുധമേറ്റ' വാഗ്ഭടാനന്ദന്‍ 1885 ഏപ്രില്‍ 25 ന് കണ്ണൂര്‍ ജില്ലയിലെ പാട്യം ഗ്രാമത്തില്‍ ജനിച്ചു. വയലേരി കുഞ്ഞിക്കണ്ണന്‍ എന്നായിരുന്നു ആദ്യകാല നാമം. ആലത്തൂര്‍ ബ്രഹ്മാനന്ദ ശിവയോഗിയാണ് 'വാഗ്ഭടാനന്ദന്‍' എന്ന നാമം നല്‍കിയത്. കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ തന്റെ പ്രഭാഷണങ്ങളെക്കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിച്ച വാഗ്മിയായിരുന്നു വാഗ്ഭടാനന്ദന്‍. പ്രഭാഷണകലയിലുള്ള അസാമാന്യമായ കഴിവാണ് വാഗ്ഭടാനന്ദന്റെ വ്യക്തിത്വത്തെ പ്രശോഭിപ്പിച്ചത്. സാമൂഹിക പരിഷ്‌കരണവും മതനവീകരണവുമാണ് വാഗ്ഭടാനന്ദന്റെ പ്രധാന പ്രവര്‍ത്തനമണ്ഡലം. 1921 ല്‍ വാഗ്ഭടാനന്ദന്‍ ആരംഭിച്ച മാസികയാണ് 'അഭിനവ കേരളം.' 'ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍ ക്ഷണമെഴുന്നേല്‍പ്പിന്‍, അനീതിയോടെതിര്‍പ്പിന്‍' എന്നതായിരുന്നു അഭിനവ കേരളം മാസികയുടെ ആപ്തവാക്യം. വിഗ്രഹാരാധനയും ക്ഷേത്രദര്‍ശനവും വാഗ്ഭടാനന്ദന്റെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് പ്രധാന വിഷയമായിരുന്നു. തന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാനായി 1922 ല്‍ ആത്മവിദ്യാസംഘം സ്ഥാപിച്ചു. 1925 ല്‍ 'ആത്മവിദ്യ' എന്ന ഗ്രന്ഥവും 1932 ല്‍ 'ആത്മവിദ്യാലേഖമാല' എന്ന ഗ്രന്ഥവും രചിച്ചു. അധ്യാത്മയുദ്ധം, പ്രാര്‍ത്ഥനാഞ്ജലി എന്നിവ വാഗ്ഭടാനന്ദന്റെ മറ്റ് പ്രധാന കൃതികളാണ്. 1937 മാര്‍ച്ച് 30 ന് വാഗ്ഭടാനന്ദന്‍ ദിവംഗതനായി. കന്യാകുമാരി മുനമ്പിന്റെ അഗ്രഭാഗത്തുനിന്നുകൊണ്ട് വാഗ്ഭടാനന്ദ ഗുരുദേവന്‍, 'ഭാരതമാതാവിന്റെ ദക്ഷിണപാദമേ എന്നു സംബോധന ചെയ്തുകൊണ്ട് സ്വാമി വിവേകാനന്ദന്‍ ഇവിടെവച്ച് മോഹാലസ്യപ്പെട്ടു എന്നു കേട്ടിട്ടുണ്ട്. അങ്ങനെ സംഭവിച്ചെങ്കില്‍ അതില്‍ അദ്ഭുതമില്ല. ഒരു ഭാരതീയന് ഇവിടെ നില്‍ക്കുമ്പോള്‍ ആര്‍ഷമായ അവന്റെ മാതൃഭൂമിയെക്കുറിച്ചുള്ള അഭിമാനബോധം തിളച്ചു തൂവുക തന്നെ ചെയ്യും. നോക്കൂ, വംഗസമുദ്രവും അറബിക്കടലും തമ്മില്‍ ആശ്ലേഷിച്ച് ആര്‍ഷഭാരതത്തിന്റെ അദ്വൈതത്തെ സാക്ഷാല്‍ക്കരിക്കുന്നു!' എന്നു പറഞ്ഞതായി വാഗ്ഭടാനന്ദന്‍ ആത്മീയ ഹിമാലയത്തില്‍ എന്ന പുസ്തകത്തില്‍ കെ. പവിത്രന്‍ എഴുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.