ആരാണീ പ്രമാണികള്‍

Monday 24 April 2017 11:17 pm IST

കേരള ചരിത്രത്തിലെ രാജ ഭരണവും നാടുവാഴി ഭരണവും സംബന്ധിച്ച അറിവ് ചരിത്രവും സംസ്‌കാരവും അറിയാനുള്ള വഴിയില്‍ സഹായകമാണ്. തിരുവിതാംകൂര്‍ രാജാവ്, കൊച്ചി രാജാവ്, സാമൂതിരി... ഇവര്‍ക്കപ്പുറം രാജാക്കന്മാരുടെ കാര്യങ്ങള്‍, നാടുവാഴികളുടെ ചരിതങ്ങള്‍ പാഠപുസ്തകങ്ങളില്‍ പോലും കുറവാണ്.  പഴയ ചില നാടുവാഴികളെയും മാടമ്പിമാരെയും കുറിച്ച് മദ്രാസ് ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ള 'മലബാറില്‍ ലന്തക്കാര്‍' എന്ന പുസ്തകത്തിലുണ്ട്. (20-പുറം) ബ്രിട്ടീഷ് ഭരണകാലത്ത്, വില്യം ബേക്കര്‍ ജേക്കബ്‌സ്, 1716 നവംബര്‍ 23-ന് കൊച്ചിയില്‍ എത്തിയതറിയിക്കാന്‍ അന്നത്തെ നാടുവാഴിമാര്‍ക്കും മാടമ്പിമാര്‍ക്കും ഓരോ കത്തയച്ചിരുന്നു. അതിലെ പേരു നോക്കി ആ വിവരമറിയാം. ചില പേരുകള്‍:- പുറക്കാട്ടിലെ രാജാ, കായംകുളത്തിലെ രാജാ, തിരുവിതാംകോട്ടിലെ രാജാ, തെക്കുംകൂര്‍ രാജാ, വടക്കുംകൂര്‍ രാജാ, പെരിത്തലെ രാജാ, ആറ്റിങ്ങലെ അമിനു, കൊച്ചിയിലെ അമിനു, പാലക്കാട്ടു ചേരിയിലെ രാജാ, വള്ളുവനാട്ടിലെ രാജാ, കോലത്തിലെ രാജാ, കൊടുങ്ങല്ലൂരിലെ രാജാ, തിരുവിതാംകോട്ടിലെ കുറുപ്പിനു, കരപ്പുറത്തെ ഏഴായിരം പേര്‍ക്ക്, കുന്നത്തുനാട്ടിലെ കൈമളിന്റെ മൂവായിരം പേര്‍ക്ക്, തേവങ്ങല്‍ നായരുടെ മൂവായിരം പേര്‍ക്ക് കൊല്ലവര്‍ഷം 917 ല്‍ ദേശിങ്ങനാട്, ചിറവായി-ഈ രണ്ടു സ്വരൂപങ്ങളുടെ അധീനതയിലിരുന്ന മാടമ്പിമാരില്‍ ചിലര്‍: ഈ രണ്ടു സ്വരൂപങ്ങളുടെ മാടപ്പള്ളിയില്‍ കുറുപ്പ്, കുമ്പുഴാട്ടുക്കോറാന്‍, മാടപ്പള്ളി നീലമ്പി നായര്‍, ചോലയില്‍ മാര്‍ത്താണ്ഡപിള്ള, ഇരുമേച്ചപ്പിള്ള, കടപ്പത്താന്‍, വേങ്ങയില്‍ത്താന്‍, മങ്ങാട്ടുകുറുപ്പ്, മണക്കാട്ടെ കുറുപ്പു, മൈനപ്പിള്ളി കണക്കപ്പിള്ള (ദേശിങ്ങനാടു സ്വരൂപം) പിലക്കാട്ടുത്താന്‍, വല്യവീട്ടിലെത്താന്‍, കരത്തരത്താന്‍ ഇട്ടിതറെകര മേലെപിള്ള, പാലക്കല്‍ പെരുങ്ങേലി പുരട്ടിനായര്‍ (ചിറവായി സ്വരൂപം)...'' കൊടകരനാട്ടിലെ നാടുവാഴിയായ കൊടകരനായര്, എറണാകുളവും അതിന് വടക്കുകിഴക്കുള്ള പ്രദേശങ്ങളും വാണ അഞ്ചിക്കയ്മന്മാര്‍, മട്ടാഞ്ചേരിക്കു തെക്കുള്ള കരപ്പുറവും ചേര്‍ത്തല താലൂക്കും ഭരിച്ച ഒരു ക്രിസ്ത്യാനിയുള്‍പ്പെടെ എഴുപത്തിരണ്ടു മാടമ്പിമാര്‍, ആറു നാടുകളിലെ പ്രഭുക്കന്മാരായിരുന്ന മുരിയനാട്ടു നമ്പ്യാര്, വേളുസ്സു നമ്പ്യാര്, കോടശ്ശേരി കര്‍ത്താവ്, ചങ്ങരങ്കോത കര്‍ത്താവ്, ചങ്ങരക്കണ്ട കര്‍ത്താവ്, കുന്നത്തേരി കര്‍ത്താവ് എന്നീ ആറു നാട്ടില്‍ പ്രഭുക്കന്മാര്‍-ഇതിന് തെക്ക് പടിഞ്ഞാറു ഭാഗത്തെ കൊരട്ടിക്കയ്മള്‍, അഡൂര്‍ ഗ്രാമത്തിന്റെ അയ്യനേഴി പടനായര്, കഴൂര്‍ ഗ്രാമത്തിലെ പടനായര്, തലപ്പിള്ളിയും കക്കാടും ഐനിക്കൂറും മനക്കുളവും വാണ നമ്പിടിരാജാക്കന്മാര്‍... ഇങ്ങനെ ഇങ്ങനെ എത്രയോ പേരുടെ വരുതിയിലും ചൊല്ലിലും അമര്‍ന്നുകഴിഞ്ഞതായിരുന്നു,കേരളം. പിന്നെ കുറെ പ്രമാണിമാര്‍. ആരാണീ പ്രമാണി? ''ഒരു ദേശത്ത് ഒന്നുമുതല്‍ അഞ്ചോ ആറോ വരെ പ്രമാണികള്‍ ഉണ്ടായിരുന്നു... ഇവര്‍ ക്രമപ്രകാരം നിശ്ചയിക്കപ്പെട്ടിരുന്നവരോ പാരമ്പര്യവഴിക്ക് ഈ അധികാരം നടത്തിവന്നിരുന്നവരോ അല്ല. ഇവര്‍ ജാതികൊണ്ടു പ്രാമാണ്യമുള്ളവരായിരിക്കും. ദേശത്തു മറ്റുള്ളവരെക്കാള്‍ കുറെ അധികം ബുദ്ധിമാനെന്നു വിചാരിക്കപ്പെട്ടിരുന്നവനും ദേശക്കാരുടെ ചെറിയ തര്‍ക്കങ്ങള്‍ പലപ്പോഴും തീര്‍ത്തുകൊടുത്തിരുന്നവനും ആയ ഒരുവന്‍ ക്രമത്തില്‍  ദേശത്തു പ്രമാണിയായിത്തീരുന്നു.'' ദേശവാഴിക്ക് നൂറുഭടന്മാരും നാടുവാഴിക്ക് അതില്‍ കൂടുതലും. മൂവായിരം ഭടന്മാരുള്ള നാടുവഴിക്ക് കര്‍ത്താവ്, കയ്മള്‍ എന്നീ സ്ഥാനങ്ങളുമുണ്ടായിരുന്നു.