വരണ്ടുണങ്ങി ജലസംഭരണികള്‍, ജനം കുടിനീരിനായി പരക്കം പായുന്നു

Monday 24 April 2017 11:20 pm IST

വിളപ്പില്‍: കരമനയാറും നെയ്യാറും ജലസമൃദ്ധി പകര്‍ന്ന മലയോരഗ്രാമങ്ങള്‍ ഇന്ന് കടുത്ത വരള്‍ച്ചയുടെ പിടിയില്‍. നെയ്യാര്‍, അരുവിക്കര, പേപ്പാറ ജലസംഭരണികള്‍ ഗ്രാമത്തിനും നഗരത്തിനും ഒരുപോലെ കുടിവെള്ളം എത്തിച്ചിരുന്നു. ഈ ജലസംഭരണികളെല്ലാം വരണ്ടുണങ്ങി മരുഭൂമിയായി. പല ഡാമുകളുടെയും വൃഷ്ടിപ്രദേശങ്ങള്‍ കുട്ടികള്‍ കളിക്കളങ്ങളാക്കി. വറ്റിവരണ്ട നെയ്യാറില്‍നിന്ന് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. അരുവിക്കരഡാമിലേക്ക് പൈപ്പ് ഇടുന്നതിനുള്ള ചാലുകീറല്‍ ദിവസങ്ങളായി നടക്കുന്നു. കാപ്പുകാട് നിന്ന് കുമ്പിള്‍മൂട് തോടുവരെയുള്ള അരകിലോമീറ്റര്‍ ദൂരത്തേക്ക് പൈപ്പിടീല്‍ പുരോഗമിക്കുന്നു. പൈപ്പ് ഇടാനുള്ള ചാല് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് രൂപപ്പെടുത്തുന്നത്. ഇതോടൊപ്പം കാടും പടര്‍പ്പും മാലിന്യവും മൂടിക്കിടക്കുന്ന കുമ്പിള്‍മൂട് തോട് വൃത്തിയാക്കലും ആരംഭിച്ചിട്ടുണ്ട്. മണ്‍വെട്ടിയും പിക്കാസും ഉപയോഗിച്ച് ആളുകള്‍ ചെയ്യുന്ന ഈ ജോലികള്‍ക്ക് പ്രതീക്ഷിച്ചത്ര വേഗമില്ല. ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തിലെന്ന് അവകാശപ്പെടുമ്പോഴും പമ്പ് ചെയ്യുന്ന ജലം നഷ്ടപ്പെടാതെ കുമ്പിള്‍മൂട് തോടുവഴി അണിയിലക്കടവിലേക്കും ശേഷം അരുവിക്കര പമ്പിംഗ് സ്റ്റേഷനിലേക്കും എത്തിക്കാനാകുമെന്ന പ്രതീക്ഷ അധികൃതര്‍ക്കില്ല. കാപ്പുകാട് മുതല്‍ അരുവിക്കര റിസര്‍വോയര്‍ ആരംഭിക്കുന്ന അണിയിലക്കടവ് വരെ ഒമ്പത്കിലോമീറ്ററുണ്ട്. ഇതില്‍ അരകിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞാല്‍ ശേഷിക്കുന്ന എട്ടര കിലോമീറ്റര്‍ തോട്ടിലൂടെയാണ് ജലം ഒഴുക്കിക്കൊണ്ട് പോകേണ്ടത്. ബണ്ടുകള്‍ പൊട്ടിയ, കയ്യേറ്റത്തിലൂടെ മിക്കപ്രദേശങ്ങളിലും കുപ്പിക്കഴുത്തുപോലായാണ് കുമ്പിള്‍മൂട് തോട്. കട്ടികൂടിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞാല്‍ തോട്ടിലൂടെ ഒഴുകുന്ന ജലം അല്‍പ്പം പോലും നഷ്ടപ്പെടില്ലെന്ന് വിദഗ്ധാഭിപ്രായമുണ്ടായിരുന്നു. ഇതിന് ഒരു കോടിയോളം രൂപ ചെലവുണ്ടാകുമെന്നതിനാല്‍ തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ചു. പകരം തോട്ടില്‍ വിള്ളലുള്ള ഭാഗങ്ങള്‍ സിമന്റ് ഉപയോഗിച്ച് അടയ്ക്കാനാണ് തീരുമാനം. ഇത് ഫലപ്രദമാണോ എന്നത് കണ്ടുതന്നെ അറിയണം. ദിവസേന പത്തുകോടി ലിറ്റര്‍ വെള്ളം നെയ്യാറില്‍ നിന്ന് ഊറ്റാനാണ് ജലവകുപ്പ് ലക്ഷ്യമിടുന്നത്. ഇത് നെയ്യാറിനെ ആശ്രയിക്കുന്ന നിരവധി ശുദ്ധജല വിതരണപദ്ധതികളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്ന പ്രാദേശികമായുണ്ടാകുന്ന എതിര്‍പ്പുകളെ സര്‍ക്കാരിന് നേരിടേണ്ടിവരും. എതിര്‍പ്പ് ശക്തമായാല്‍ അവശ്യസാധനം കൊണ്ടുപോകുന്നതിനുള്ള നിയമം പ്രയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു. മാലിന്യവും ചേറും നിറഞ്ഞ് അരുവിക്കരഡാമിന്റെ സംഭരണശേഷി കുറഞ്ഞതാണ് ജലം അധികമായി ശേഖരിക്കുന്നതിന് തടസം. പേപ്പാറഡാമില്‍ കരുതിയിരുന്ന ജലം അരുവിക്കരയിലേക്ക് ഒഴുക്കിയായിരുന്നു പമ്പിംഗ് നടത്തിയിരുന്നത്. സംഭരണം നടക്കാതായതോടെ ദിനംപ്രതി ലക്ഷക്കണക്കിന് ജലം അരുവിക്കരയില്‍ നിന്ന് പാഴായിക്കൊണ്ടിരുന്നു. കടുത്ത വേനലില്‍ നഗരത്തില്‍ കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴും അരുവിക്കരയില്‍ പാഴാക്കല്‍ തുടര്‍ന്നു. ഒടുവില്‍ പേപ്പാറായില്‍ നിന്ന് ഒഴുക്കിവിടാന്‍ വെള്ളമില്ലാതായപ്പോഴാണ് ഭരണകൂടം ഉണര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.