ചെല്ലമംഗലത്തും കരിയത്തും കുടിവെള്ളം പാഴാകുന്നു

Monday 24 April 2017 11:23 pm IST

ശ്രീകാര്യം: ചെല്ലമംഗലം ജംഗ്ഷന് സമീപത്തെ കിണറുകളില്‍ വെള്ളം പൊങ്ങിയത് കുടിവെള്ള പൈപ്പില്‍ നിന്നുള്ള വെള്ളമാണെന്ന് കണ്ടെത്തിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കരിയത്തെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നിരവധി പരാതികള്‍ നഗരസഭയ്ക്കും കൗണ്‍സിലര്‍ക്കും ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ക്കും നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അരുവിക്കരയില്‍ നിന്ന് പൗഡിക്കോണം പുതുകുന്ന് ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കുന്ന 110 എംഎം പൈപ്പിലെ എയര്‍ വാല്‍വിലുണ്ടായ ലീക്കിനെ തുടര്‍ന്നുള്ള ജലനഷ്ടമാണ് സമീപപ്രദേശത്തെ കിണറുകളില്‍ വെള്ളം നിറയാന്‍ കാരണം. ജപ്പാന്‍ കുടിവെള്ള പൈപ്പില്‍ നിന്നുള്ള ചോര്‍ച്ചയാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ വാദം തള്ളിയ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ അടുത്തുള്ള സെപ്റ്റിടാങ്ക് പൊട്ടിയതാകാമെന്നും സംശയം പ്രകടിപ്പിച്ച് മടങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ വാട്ടര്‍ അതോറിട്ടി ജീവനക്കാര്‍ തന്നെ പ്രധാന പൈപ്പിലെ വാല്‍വിന് സമീപം റോഡ് തുരന്ന് നടത്തിയ പരിശോധനയിലാണ് വാല്‍വില്‍നിന്നു പുറത്തേക്ക് തള്ളുന്ന വായുവിനൊപ്പം വെള്ളവും ചോര്‍ന്നതാണ് കിണറുകളിലെ ജലനിരപ്പ് ഉയരാന്‍ കാരണമെന്ന് കണ്ടെത്തിയത്. 12 അടി താഴ്ചയില്‍ സ്ഥാപിച്ച പൈപ്പില്‍ നിന്ന് ചോര്‍ന്നെത്തിയ വെള്ളം ഭൂമിക്കടിയിലൂടെ താഴ്ന്ന പ്രദേശത്തെ കിണറുകളില്‍ എത്തുകയായിരുന്നു. അതിനിടെ അറ്റകുറ്റപ്പണികള്‍ നടന്നെങ്കിലും ചോര്‍ച്ച പൂര്‍ണമായി പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്നലെ പ്രദേശത്തെ ഒരു കിണര്‍ കൂടി നിറഞ്ഞു. ചെല്ലമംഗലം ശബരിയില്‍ ബിനുവിന്റെ വീട്ടിലെ കിണറാണ് നിറഞ്ഞത്. ശനിയാഴ്ച രാവിലെ മുതലാണ് ചെല്ലമംഗലത്തെ വീടുകളിലെ കിണറുകളില്‍ ക്രമാതീതമായി ജലം ഉയര്‍ന്നിരുന്നു. കടുത്ത വേനലില്‍ കുടിക്കാന്‍ വെള്ളം പോലും ലഭിക്കാത്ത ഈ സമയത്ത് ജല അതോറിട്ടിയുടെ പിടിപ്പുകേട് കാരണം നഷ്ടമായത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ്. ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ പറയുന്നത് പുതുകുന്ന്, മണ്‍വിള ടാങ്കുകളില്‍ പോകുന്ന മെയിന്‍ ലൈനിലെ ചെറിയ ചോര്‍ച്ചയാണെന്നും ഇതു പരിഹരിക്കുന്നതിന് ലൈന്‍ അടച്ചാല്‍ ശ്രീകാര്യം, മണ്‍വിള, പൗഡിക്കോണം, ടെക്‌നോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ളവിടങ്ങളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങുമെന്നുമാണ്. കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതിനാല്‍ ഈ ലൈന്‍ അടച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കുടിവെള്ളം മുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് റോഡ് മുറിക്കുവാനുള്ള അനുവാദം നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.