കയ്യും കണക്കും

Monday 11 July 2011 9:41 pm IST

കാല്‍ നൂറ്റാണ്ടിനുശേഷം കേരളം 'മാണിണോമിക്സി' ന്‌ കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും കാതോര്‍ത്തു. കമ്മി ബജറ്റും മിച്ച ബജറ്റും കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റുമൊക്കെ കാഴ്ചവെച്ച്‌ ബജറ്റവതരണത്തില്‍ റിക്കാര്‍ഡിട്ട മാണിസാര്‍ തന്റെ അധ്വാനവര്‍ഗസിദ്ധാന്തം ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ എങ്ങനെ പുനരവതരിപ്പിക്കുന്നു എന്നറിയാനായിരുന്നു എനിക്ക്‌ താല്‍പ്പര്യം. രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്ന മാണിസാറിന്റെ ബജറ്റ്‌ പ്രസംഗത്തില്‍ കേട്ടത്‌ ചിലതൊക്കെ മധുരതരം കേള്‍ക്കാത്ത ചിലത്‌ അതിലേറെ മധുരതരമെന്നേ പറയാനാവൂ.
തന്റേത്‌ ഒരു തിരുത്തല്‍ ബജറ്റാണെന്ന്‌ ബജറ്റവതരണത്തിന്‌ വളരെ മുമ്പെ മാണിസാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റേയും മുന്‍ ധനമന്ത്രിയുടേയും തെറ്റായ ധനമാനേജ്മെന്റ്‌ ശൈലി തിരുത്തിക്കുറിക്കേണ്ടതുണ്ടെന്ന്‌ ബജറ്റ്‌ പ്രസംഗത്തിന്റെ ആരംഭത്തിലും അവസാനത്തിലും അടിവരയിട്ട്‌ പറയുന്നു. എന്നിരുന്നാലും ബജറ്റ്‌ പ്രസംഗം മുഴുവന്‍ വായിച്ചു കേട്ടു കഴിഞ്ഞപ്പോള്‍ കാര്യമായ തിരുത്തലൊന്നും ഇടക്കാല ബജറ്റില്‍ ഇല്ലെന്ന തോന്നലാണ്‌ എനിക്കുണ്ടായത്‌. കേരളത്തിലെ ചില സാമ്പത്തിക വിദഗ്ദ്ധരുമായി ചര്‍ച്ചചെയ്തപ്പോള്‍ അവരും എന്റെ നിഗമനം പങ്ക്‌ വെയ്ക്കുകയായിരുന്നു.
അടിമുടി പൊളിച്ചെഴുതാന്‍ സാധ്യമല്ലെന്ന്‌ മാണിസാര്‍ തന്നെ ബജറ്റ്‌ പ്രസംഗത്തില്‍ ഒരിടത്ത്‌ സമ്മതിക്കുന്നുണ്ട്‌. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം പിന്നിട്ട്‌ കഴിഞ്ഞ വേളയില്‍, മുന്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ച്‌ 'വോട്ട്‌ ഓണ്‍ അക്കൗണ്ടും' നേടിയ ഒരു ബജറ്റ്‌ അടിമുടി മാറ്റുകയെന്നത്‌ ഒരു ധനമന്ത്രിക്കും ഭൂഷണമല്ല. അത്‌ പ്രായോഗികവുമല്ല. പ്രത്യേകിച്ച്‌ പുതുക്കിയ ബജറ്റ്‌ നടപ്പിലാക്കാന്‍ ഇനിയും രണ്ടോ മൂന്നോ മാസംകൂടി കാത്തിരിക്കേണ്ട നിലയ്ക്ക്‌. ബജറ്റ്‌ സബ്ജക്ട്സ്‌ കമ്മറ്റിയില്‍ പോയി വരുമ്പോള്‍ തന്നെ രണ്ടുമാസമെങ്കിലും കഴിഞ്ഞിരിക്കും. അതായത്‌ ഒരു സമ്പൂര്‍ണ ബജറ്റ്‌ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ അവശേഷിക്കുന്നത്‌ ആറ്‌ മാസം മാത്രം. അതുകൊണ്ട്‌ മാണിസാറിനെപ്പോലെ പ്രായോഗികമതിയായൊരു ധനമന്ത്രി തന്റെ മുന്‍ഗാമിയുടെ നിര്‍ദ്ദേശങ്ങളും പരിഷ്ക്കാരങ്ങളും, എത്ര വിയോജിപ്പുണ്ടെങ്കില്‍കൂടി, അവ അപ്പാടെ തള്ളിക്കളയാന്‍ പുതുക്കിയ ബജറ്റില്‍ തയ്യാറാവില്ലെന്നത്‌ തീര്‍ച്ച. അക്കാരണത്താല്‍ തന്നെ അത്ഭുതത്തിന്‌ വലിയ വകയുമില്ല.
എന്നാല്‍ തോമസ്‌ ഐസക്കിന്റെ ബജറ്റിലെ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ നിര്‍ദ്ദേശമായിരുന്ന നാല്‍പ്പതിനായിരം കോടിയിലേറെ രൂപ ചെലവ്‌ വരുന്ന വന്‍റോഡ്‌ വികസനപദ്ധതി മാണിസാര്‍ പുതുക്കിയ ബജറ്റില്‍ അപ്പാടെ ഉപേക്ഷിച്ചിരിക്കുകയാണ്‌. കേരളത്തില്‍ പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ റോഡ്‌ വികസനപദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടത്‌. പദ്ധതിയുടെ വിഭവസമാഹരണത്തിനായി ഐസക്‌ കണ്ടെത്തിയത്‌ ഒരു നവീന സ്രോതസ്സായിരുന്നു. സംസ്ഥാനത്ത്‌ ഇടക്കാലത്ത്‌ വിവാദമുയര്‍ത്തിയ നിര്‍ദ്ദിഷ്ട ഇസ്ലാമിക്‌ ബാങ്കിലൂടെയാണ്‌ റോഡ്‌ വികസനത്തിനുള്ള ധനം സ്വരൂപിക്കാന്‍ ഐസക്‌ ഉദ്ദേശിച്ചത്‌. സംസ്ഥാനത്തിന്റെ വികസനനയങ്ങള്‍ക്ക്‌ പലതും വിഭവസമാഹരണം ഇസ്ലാമിക്‌ ബാങ്കിലൂടെ ആയിരിക്കുമെന്നും ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനമന്ത്രി അസന്നിഗദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിക്‌ ബാങ്കിന്‌ വേണ്ടിയേറെ വാദിച്ചതും വിയര്‍ത്തതും ഇടതുമുന്നണിഭരണകാലത്ത്‌ ധനമന്ത്രി തോമസ്‌ ഐസക്കും വ്യവസായമന്ത്രി എളമരം കരീമും ആയിരുന്നു. ഇസ്ലാമിക്‌ ബാങ്ക്‌ സ്ഥാപിക്കുന്നതിനായി സുപ്രീംകോടതിവരെ കേരള സര്‍ക്കാര്‍ അന്ന്‌ കയറിയിറങ്ങിയതുമാണ്‌. ഇസ്ലാമിക്‌ ബാങ്കിലൂടെ ധനം സമാഹരിച്ച്‌ നടപ്പിലാക്കാനിരുന്ന റോഡ്‌ വികസനപദ്ധതി മാണിസാര്‍ വേണ്ടെന്ന്‌ വയ്ക്കുക മാത്രമല്ല ഉയര്‍ത്തിപ്പിടിച്ച ഇസ്ലാമിക്‌ ബാങ്ക്‌ പ്രായോഗികമല്ലെന്ന്‌ ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞുവെയ്ക്കുകകൂടി ചെയ്തു. അതേയവസരത്തില്‍ കേരളത്തിന്റെ ധനസമാഹരണത്തിനും ധനമാനേജ്മെന്റിനും തികച്ചും അപരിചിതമായ ഇസ്ലാമിക്‌ ബാങ്കിംഗിനെപ്പറ്റി കൂടുതലൊന്നും പറയാന്‍ ബജറ്റ്‌ പ്രസംഗത്തില്‍ മാണിസാര്‍ മിനക്കെട്ടുമില്ല.
ഇവിടെ ഉയരുന്ന കാതലായ ഒരു സംശയം ഇസ്ലാമിക്‌ ബാങ്കിനെ കുറിച്ചുള്ള ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിനേയും സമീപനത്തേയും കുറിച്ചാണ്‌. ഇസ്ലാമിക്‌ ബാങ്കിംഗിനെ സംസ്ഥാനമന്ത്രി അംഗീകരിക്കുന്നുവോ എന്നും ഇസ്ലാമിക്‌ ബാങ്ക്‌ അദ്ദേഹം അനുവദിക്കുമോ എന്നതുമാണ്‌ മാണിസാറില്‍നിന്നും ഇനി അറിയേണ്ടത്‌. ബജറ്റവതരണത്തിന്‌ രണ്ടുനാള്‍ മുമ്പാണ്‌ തിരുവനന്തപുരത്ത്‌ അല്‍ ബറാക്ക്‌ എന്ന ഇസ്ലാമിക്‌ ബാങ്കിന്റെ ഔപചാരികമായ ഉദ്ഘാടനം കൊട്ടും കുരവയുമായി നടന്നത്‌. മുഖ്യമന്ത്രി സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെയാണ്‌ ഉദ്ഘാടനം നിര്‍വഹിച്ചത്‌. ഇസ്ലാമിക്‌ ബാങ്കിന്റെ പ്രസക്തിയേയും പ്രാധാന്യത്തേയും പറ്റി പ്രസംഗിച്ച മുഖ്യമന്ത്രി കഴിഞ്ഞ സര്‍ക്കാരിന്റെ നല്ല കാര്യങ്ങളില്‍ ഒന്നാണ്‌ ഇസ്ലാമിക്‌ ബാങ്കെന്നും പുതിയ സര്‍ക്കാര്‍ അതുമായി മുന്നോട്ട്‌ പോവുമെന്നുമാണ്‌ അവിടെ പ്രസംഗിച്ചത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കൊപ്പം ഇസ്ലാമിക്‌ ബാങ്കിന്‌ ആശംസയും പിന്തുണയും നല്‍കാന്‍ അന്നവിടെ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു. കേരളത്തിലെ മുസ്ലീം സമുദായത്തില്‍നിന്നുള്ള സമ്പന്നന്മാരൊക്കെ ആ സമ്മേളനത്തിലേക്ക്‌ ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ അനുഭവപ്പെട്ട ശ്രദ്ധേയമായൊരു അസാന്നിധ്യം ധനമന്ത്രി കെ.എം.മാണിയുടേതാണ്‌.
പരിപാടിയിലൊന്നും അദ്ദേഹത്തിന്റെ പേര്‌ കണ്ടില്ല. എന്നാല്‍ പഴയ ധനമന്ത്രി തോമസ്‌ ഐസക്കിന്‌ പരിപാടിയില്‍ പ്രധാന 'റോള്‍' തന്നെ സംഘാടകര്‍ നല്‍കിയിരുന്നു. പുതിയ ധനമന്ത്രിയെ ക്ഷണിക്കാതെ മനഃപൂര്‍വം ഒഴിവാക്കിയതാണോ അതോ ക്ഷണിച്ചിട്ടും അദ്ദേഹം അത്‌ നിരസിച്ചതാണോ എന്നത്‌ വ്യക്തമല്ല. എന്തായാലും കെ.എം.മാണി ഇസ്ലാമിക്‌ ബാങ്കിനെ അനുകൂലിക്കുന്നില്ലെന്ന്‌ തോമസ്‌ ഐസക്‌ തന്നെ ഇടക്കാല ബജറ്റവതരണത്തിനുമുമ്പ്‌ അഭിമുഖങ്ങളിലും മറ്റും അഭിപ്രായപ്പെട്ടിരുന്നു.
മാണിസാറിനെ ക്ഷണിച്ചോ, അതോ അദ്ദേഹം ക്ഷണം നിരസിച്ചോ എന്നതല്ല ഇവിടെ പ്രശ്നം. ഇസ്ലാമിക്‌ ബാങ്കിംഗ്‌ എന്നത്‌ കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ സാമ്പത്തിക രംഗത്തെ വലിയൊരു വ്യതിയാനമാണ്‌. ബാങ്കിംഗ്‌ നിയമങ്ങളുടെ ലംഘനവും മതേതരവിരുദ്ധവും എന്ന നിലയ്ക്ക്‌ വിവാദവിഷയമായ ഇസ്ലാമിക്‌ ബാങ്കിന്റെ കാര്യത്തില്‍ ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിലെ ധനമന്ത്രിയും മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടോ എന്നതാണ്‌ ഇവിടെ പ്രശ്നം. ഉണ്ടെന്ന സൂചനയാണ്‌ മാണിസാറിന്റെ ബജറ്റ്‌ പ്രസംഗം നല്‍കുന്നത്‌. ഒരു സര്‍ക്കാരിന്റെ ഔദ്യോഗിക നയവും പരിപാടികളുമാണ്‌ ബജറ്റ്‌ പ്രസംഗത്തിലൂടെ പ്രഖ്യാപിക്കുക. മന്ത്രിസഭ അംഗീകാരം നല്‍കിയശേഷം മാത്രമാണ്‌ ധനമന്ത്രി പ്രസംഗം നിയമസഭയില്‍ വായിക്കുന്നത്‌. അങ്ങനെയെങ്കില്‍ ഇസ്ലാമിക്‌ ബാങ്ക്‌ പ്രായോഗികമല്ലെന്ന ബജറ്റ്‌ പ്രസംഗത്തിലെ പ്രസ്താവന മന്ത്രിസഭയുടെ നിലപാട്‌ തന്നെയല്ലെ? എങ്കില്‍ പിന്നെ എന്തുകൊണ്ട്‌ ഇസ്ലാമിക്‌ ബാങ്ക്‌ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയും ആശംസകളര്‍പ്പിക്കാന്‍ വ്യവസായ മന്ത്രിയും പോയി? എവിടെയോ എന്തോ പന്തികേടുള്ളതുപോലെ!
-ഹരി എസ്‌. കര്‍ത്താ


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.