ദേശീയ നദി മഹോത്സവം; ലോഗോ പ്രകാശിപ്പിച്ചു

Sunday 21 May 2017 8:37 pm IST


നിളാ വിചാര വേദി ദേശീയ നദി മഹോത്സവത്തിന്റെ ലോഗോ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ പ്രകാശനം ചെയ്യുന്നു. കുമ്മനം രാജശേഖരന്‍, വിപിന്‍ കൂടിയേടത്ത്, പ്രദീപ് നമ്പ്യാര്‍ സമീപം

ന്യൂദല്‍ഹി: നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന രണ്ടാമത് ദേശീയ നദി മഹോത്സവത്തിന്റെ ലോഗോ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ പ്രകാശനം ചെയ്തു. സംസ്‌കാരത്തിന്റെ പ്രതീകമായ നിള സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിനെപ്പോലെ തന്നെ ജനങ്ങള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. നിളാ സംരക്ഷണത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കുമ്മനം രാജശേഖരന്‍, വിപിന്‍ കൂടിയേടത്ത്, പ്രദീപ് നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരതപ്പുഴയില്‍ നദീതട സംരക്ഷണ അതോറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി.

ജൂണ്‍ രണ്ട് മുതല്‍ അഞ്ച് വരെയാണ് നദീ മഹോത്സവം. അതിരപ്പിള്ളി, പരിസ്ഥിതിനയം, നദീ മലിനീകരണ പ്രശ്‌നങ്ങള്‍, പ്രകൃതി സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചയും നടക്കും. മന്ത്രിമാരും ജനപ്രതിനിധികളും വിദഗ്ധരും സംബന്ധിക്കും. നിള പുരസ്‌കാര സമര്‍പ്പണം, കഥകളി, കൂടിയാട്ടം, നാടന്‍ കലകള്‍ എന്നിവയും നടക്കും.

ജലം എന്ന വിഷയത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനം, നിളാ പരിക്രമ, ചിത്രപ്രദര്‍ശനം തുടങ്ങിയവയുണ്ടാകും. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി 2009ല്‍ മഹാകവി അക്കിത്തത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സംഘടനയാണ് നിളാ വിചാരവേദി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.