അബദ്ധമാകരുതാത്ത പരിഷ്‌കാരങ്ങള്‍

Wednesday 26 April 2017 8:22 am IST

വിദ്യാഭ്യാസമേഖലയെ നവീകരിക്കാനുള്ള പല നടപടികള്‍ക്കും പ്രൊഫസര്‍ സി. രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം തുടക്കംകുറിക്കുകയുണ്ടായി. വളരെയേറെ പ്രതീക്ഷയോടെയാണ് പുതിയ വിദ്യാഭ്യാസമന്ത്രിയെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നോക്കിക്കണ്ടത്. കാരണം സാമുദായിക പരിഗണനകള്‍കൂടാതെ, ഒരു വിദ്യാഭ്യാസ മന്ത്രിയെ ലഭിക്കുകയെന്നത് കേരളത്തിന്റെ സ്വപ്‌നമായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് എം.എ. ബേബി സിപിഎമ്മില്‍നിന്ന് മന്ത്രിയായിയെങ്കിലും അതിലും സാമുദായിക പരിഗണനയും വിലപേശലും തന്നെയായിരുന്നു അന്തര്‍ധാര. സഖാവ് ബേബിയെ സഭാവ് ബേബി എന്നായിരുന്നു ആളുകള്‍ രഹസ്യമായി വിളിച്ചിരുന്നതത്രേ! പ്രൊഫസര്‍ രവീന്ദ്രനാഥിന് വിദ്യാഭ്യാസവകുപ്പ് നല്‍കിയപ്പോള്‍ അദ്ധ്യാപകന്‍ വിദ്യാഭ്യാസമന്ത്രിയാകുന്നതിന്റെ ഗുണം വിദ്യാഭ്യാസമേഖലയ്ക്കുണ്ടാകും എന്ന പ്രതീക്ഷ എല്ലാവരും പുലര്‍ത്തിയിരുന്നു. രവീന്ദ്രനാഥ് മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം അദ്ദേഹം അദ്ധ്യാപകനായിരുന്ന തൃശൂര്‍ സെന്റ് തോമസ് കോളജിലെ സ്വീകരണ സമയത്ത് ഈ ലേഖകന്‍ കൂടെ പങ്കെടുത്ത ഒരു പരിശീലന ക്യാമ്പ് അവിടെ നടക്കുന്നുണ്ടായിരുന്നു. അദ്ധ്യാപക ശാക്തീകരണ ക്യാമ്പിലേക്ക് ക്ഷണപ്രകാരം സന്ദര്‍ശനത്തിെനത്തിയ മന്ത്രി വിദ്യാഭ്യാസരംഗത്ത് ഇതേവരെയുണ്ടായിരുന്ന അനാസ്ഥകള്‍ ഇനിമേല്‍ ഉണ്ടാവില്ലെന്നും, പല മാറ്റങ്ങളും പ്രതീക്ഷിക്കാമെന്നും അദ്ധ്യാപകലോകത്തോട് പ്രഖ്യാപിച്ചു. വിദ്യാലയങ്ങളിലെ പഠനസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതായിരുന്നു മന്ത്രിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് പ്രധാനമായും തുടക്കംകുറിക്കപ്പെട്ട പദ്ധതി. അതിന്റെ ഭാഗമായി ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ പഠനസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ ഹൈടെക് ക്ലാസ് മുറികള്‍ ആരംഭിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പുതുക്കാട് ഉള്‍പ്പെടെയുള്ള നിയോജക മണ്ഡലങ്ങളിലെ വിദ്യാലയങ്ങളെയാണ് തുടക്കത്തില്‍ ഹൈടെക്കായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചത്. സ്‌കൂളുകള്‍ ഹൈടെക്കായി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂളുകളിലേക്ക് കമ്പ്യൂട്ടറുകളും, പ്രൊജക്ടറുകളും നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ അദ്ധ്യയനം സാധ്യമാക്കണമെന്നതാണ് സങ്കല്‍പം. ക്ലാസ് മുറികളില്‍ ലാപ് ടോപ്പുകളും, എല്‍സിഡി പ്രൊജക്ടറുകളും ഉപയോഗിച്ച് വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് അദ്ധ്യാപനവും അദ്ധ്യയനവും കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലേക്കും എത്തിച്ചേര്‍ന്നു. അദ്ധ്യാപകര്‍ക്ക് അതിനുള്ള പരിശീലനങ്ങള്‍ നല്‍കുന്നതിനായുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തി. ചുരുക്കിപ്പറഞ്ഞാല്‍ അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകള്‍ എല്ലാം സ്മാര്‍ട്ടായിത്തീരുമെന്നും ഹൈടെക് ആയിത്തീരുമെന്നുമാണ് സങ്കല്‍പം. പക്ഷേ, ഈ ഹൈടെക് സ്വപ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയത്തുതന്നെ നമ്മുടെ വിദ്യാലയങ്ങളിലെ ശോചനീയാവസ്ഥകള്‍ അതേപടി അവിടെ നിലനില്‍ക്കുന്നുവെന്നതാണ് സത്യം. പുറമേ കാണിക്കാന്‍വേണ്ടി ഹൈടെക് എന്നുപറഞ്ഞുകൊണ്ട് ലാപ്‌ടോപുകളും പ്രൊജക്ടറുകളും സ്ഥാപിക്കുമ്പോഴും ഇവയുപയോഗിച്ച് പഠിപ്പിക്കേണ്ട വിഷയങ്ങളുടെ അവസ്ഥ പഴയപടിതന്നെ നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ആരുടെയും ശ്രദ്ധയില്‍പ്പെടുന്നില്ല. പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് വിവരസാങ്കേതികവിദ്യ പഠനവിഷയമാക്കിയ കാലത്തുതന്നെ എല്ലാ വിഷയങ്ങളും വിവരസാങ്കേതികവിദ്യയുപയോഗിച്ച് പഠിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കണമെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ സയന്‍സും സോഷ്യല്‍ സയന്‍സും കണക്കും ഇംഗ്ലീഷും മലയാളവുമൊക്കെപ്പോലെ കുട്ടികള്‍ പഠിക്കേണ്ട വിഷയമായി വിവരസാങ്കേതികവിദ്യയും മാറുകയായിരുന്നു. എല്ലാ വിഷയങ്ങളും ഐടി ഉപയോഗിച്ചു പഠിക്കുന്നതിനു പകരം, ഐടി പ്രത്യേകവിഷയമായി മാറ്റപ്പെട്ടു. പ്രത്യേകം ടെക്സ്റ്റ്ബുക്കും പിരീഡുകളും പരീക്ഷകളുമൊക്കെ ഐടിക്കും വന്നു. ഫലത്തില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ പുതിയൊരു വിഷയംകൂടെ കിട്ടി. കമ്പ്യൂട്ടര്‍ പഠനത്തിനുള്ള അവസരം കുട്ടികള്‍ക്ക് ലഭിച്ചുവെങ്കിലും, കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മറ്റുവിഷയങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായും ഫലപ്രദമായും അദ്ധ്യയനം നടത്തുകയെന്ന സ്വപ്‌നം അവിടെ യാഥാര്‍ത്ഥ്യമാകാതെ കിടന്നുവെന്നു സാരം. പുതിയ പദ്ധതി പ്രകാരം ക്ലാസ്മുറികള്‍ ഹൈടെക്കുകളായി മാറുമ്പോഴും, ഈ ഹൈടെക് സൗകര്യങ്ങള്‍ ഉപയോഗിച്ച് പഠിക്കാനും പഠിപ്പിക്കാനുമുതകുന്ന ഉള്ളടക്കങ്ങളല്ല പാഠപുസ്തകങ്ങളിലുള്ളത്. സ്വകാര്യ അണ്‍ എയിഡഡ് സ്‌കൂളുകളുമായി മത്സരിക്കേണ്ടത് ആവശ്യമായി വന്നപ്പോള്‍, പല എയിഡഡ് സ്‌കൂളുകളും ചില സര്‍ക്കാര്‍ സ്‌കൂളുകളും എംഎല്‍എമാരുടെയും എംപിമാരുടെയും പ്രാദേശികവികസനഫണ്ടുകളുപയോഗിച്ചും, പ്രാദേശികമായി ലഭ്യമാകുന്ന സഹായങ്ങളുപയോഗിച്ചുമൊക്കെ, സര്‍ക്കാരിന്റെ ഹൈടെക് നിര്‍ദ്ദേശം വരുന്നതിനുമുമ്പുതന്നെ, മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ എന്ന് ഓമനപ്പേരിട്ടുവിളിച്ചിരുന്ന ഈ ക്ലാസ് റൂമുകളിലൊന്നുംതന്നെ ഉദ്ദേശിച്ചതരത്തില്‍ സ്മാര്‍ട്ടായി ക്ലാസ്സുകള്‍ നടത്താന്‍ സാധിച്ചില്ല. പ്രൊജക്ടറുകള്‍ പലതും പൊടിപിടിച്ച് ഉപയോഗശൂന്യമായി. ലാപ് ടോപ്പുകള്‍ മേശകള്‍ക്കുള്ളില്‍ സ്വസ്ഥമായി വിശ്രമിച്ചു. സ്മാര്‍ട്ടായി ക്ലാസ്സെടുക്കാന്‍ പറ്റുന്ന രീതിയിലുള്ള പാഠ്യവിഷയങ്ങളുടെ ഉള്ളടക്കമല്ല പുസ്തകങ്ങളിലുള്ളത് എന്നതാണ് പ്രധാന വെല്ലുവിളി. പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാമൂഹ്യശാസ്ത്രപുസ്തകത്തില്‍ 22 പാഠങ്ങളാണുള്ളത്. ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രശാസ്ത്രം എന്നീ വിഷയങ്ങള്‍ സോഷ്യല്‍ സയന്‍സ് എന്ന ഒറ്റമേല്‍ക്കൂരയ്ക്കുകീഴില്‍ കുട്ടി പഠിക്കണം. ഈ 22 പാഠങ്ങളുടെയും ഉള്ളടക്കത്തിന്റെ വ്യാപ്തി അതിഭീമമാണ്. ഇന്നത്തെ സ്‌കൂള്‍ സാഹചര്യത്തില്‍ കലാമേളകളും കായികമേളകളും ശാസ്ത്രമേളകളും മറ്റ് പഠനാനുബന്ധപ്രവര്‍ത്തനങ്ങളും കഴിഞ്ഞുകിട്ടുന്ന ക്ലാസ്‌റൂം പീരിയേഡുകളുപയോഗിച്ച്, ഈ പാഠഭാഗങ്ങളത്രയും ഒരുതവണയെങ്കിലും വായിച്ചുതീര്‍ക്കാനുള്ള സമയംപോലും ഒരുവര്‍ഷംകൊണ്ട് കുട്ടിക്കോ അദ്ധ്യാപകനോ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. മറ്റുവിഷയങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഓരോ ടേമിലും പാഠഭാഗങ്ങള്‍ എടുത്തുതീര്‍ക്കാന്‍വേണ്ടി അവധിദിവസങ്ങളില്‍ സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ വെക്കാത്ത ഒരു സ്‌കൂളും കേരളത്തിലുണ്ടാവാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ഈ പാഠഭാഗങ്ങള്‍ എങ്ങനെ ക്ലാസ്‌റൂമുകളില്‍ കമ്പ്യൂട്ടറും, പ്രൊജക്ടറുമുപയോഗിച്ച് പഠിപ്പിക്കാന്‍ സാധിക്കും? കുട്ടികള്‍ക്ക് വീഡിയോകളും സ്ലൈഡ് പ്രസന്റേഷനുകളുമുപയോഗിച്ചുള്ള അദ്ധ്യയനത്തിന് വേണ്ടത്ര സമയം ലഭ്യമാകില്ലെന്നത് വലിയ പ്രശ്‌നം തന്നെയാണ്. പുതിയ പദ്ധതി വിജയകരമായി നടപ്പിലാക്കാനായി ആദ്യം ചെയ്യേണ്ടിയിരുന്നത് പാഠപുസ്തകങ്ങളും ഉള്ളടക്കവും സ്മാര്‍ട്ടാവുകയെന്നതായിരുന്നു. അതിനുവേണ്ടി പാഠപുസ്തകങ്ങള്‍ മുഴുവന്‍ മാറേണ്ടിവരും. പുസ്തകങ്ങള്‍ മാറിയിട്ട് ഒരുവര്‍ഷമാവുന്നതേയുള്ളൂ. ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചനയുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം പുതുതായി മാറിയ പുസ്തകങ്ങളെങ്കിലും സാങ്കേതികവിദ്യയ്ക്കനുസരിച്ചായാല്‍പ്പോരായിരുന്നോ? പാഠ്യവിഷയങ്ങളുടെ ഉള്ളടക്കം വിവരസാങ്കേതികവിദ്യയുപയോഗിച്ച് സ്മാര്‍ട്ടായി പഠിപ്പിക്കാനുതകുന്ന രീതിയില്‍ പരുവപ്പെടുത്തി, രൂപപ്പെടുത്തിയാല്‍ സ്വാഭാവികമായും അതിന്റെ അദ്ധ്യയനത്തിനായി സാങ്കേതികവിദ്യ അത്യാവശ്യമായിത്തീരുമായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹൈടെക് പദ്ധതികള്‍ അതിവേഗം സ്വീകരിക്കപ്പെടുകയും, നടപ്പിലാക്കപ്പെടുകയും ചെയ്യുമായിരുന്നു. പക്ഷെ അതൊന്നുമുണ്ടായില്ലെന്നത് ഒരു വീഴ്ചയാണ്. വൈകിയവേളയിലെങ്കിലും ആദ്യം ചെയ്യേണ്ടിയിരുന്നത് അവസാനമെങ്കിലും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും, ഇപ്പോള്‍ ലഭ്യമാക്കുന്ന ഹൈടെക് സംവിധാനങ്ങള്‍ പൊടിപിടിച്ച് നശിക്കുംമുമ്പെങ്കിലും അതുണ്ടാകുമെന്നും നമുക്ക് പ്രത്യാശിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.