കൊട്ടാരക്കരയുടെ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാരും ജനങ്ങളും

Tuesday 25 April 2017 1:36 pm IST

കൊട്ടാരക്കര: കൊട്ടാരക്കരയുടെ കുരുക്കഴിക്കാന്‍ പദ്ധതികളില്ല. ജനം വലയുന്നു. കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കൊട്ടാരക്കര ടൗണിലെ ഗതാഗതപരിഷ്‌കാരങ്ങള്‍ യോഗത്തില്‍ മാത്രം ഒതുങ്ങുന്നതോടെ ഗതാഗതകുരുക്കില്‍പ്പെട്ട് ജനം വലയുകയാണ്. ഇടുങ്ങിയ ടൗണിലെ വാഹനപ്പെരുക്കവും, അനധികൃത പാര്‍ക്കിങും, അനധികൃത കച്ചവടസ്ഥാപനങ്ങളും എല്ലാംകൂടി ടൗണിനെ ശ്വാസം മുട്ടിക്കുകയാണ്. ഏനാത്ത് പാലം തകരാറിലായി കൂടുതല്‍ വാഹനങ്ങള്‍ ടൗണ്‍ വഴി ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങിയതോടെ ഗതാഗതകുരുക്ക് ഏറിയിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഗതാഗതപരിഷ്‌കരണസമിതി യോഗം ചേര്‍ന്ന് 12 ഇന കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ച് അടിയന്തിരമായി നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും യോഗത്തിലെ ആവേശം പ്രവൃത്തിയില്‍ ഇല്ലാത്തതുകാരണം പരിഷ്‌കരണങ്ങള്‍ പാതിവഴിയില്‍ നിലച്ചു. കോളേജ് ജങ്ഷന്‍മുതല്‍ മെയിന്‍ പോസ്റ്റ് ഓഫീസ് വരെയുള്ള ഭാഗത്ത് മുംബൈ മാതൃകയില്‍ വണ്‍സൈഡ് പാര്‍ക്കിങ് നടപ്പാക്കുമെന്നതാണ് ആദ്യ നിര്‍ദേശം. ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ വശങ്ങള്‍ മാറ്റി പാര്‍ക്ക് ചെയ്യും. സ്ഥിരം പാര്‍ക്കിങ് മൂലം വ്യാപാരികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാനും ട്രാഫിക് തടസം ഒഴിവാക്കാനും ഇതിലൂടെ കഴിയുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും പുറത്തിറങ്ങിയതോടെ ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഇപ്പോള്‍ എവിടെ നോക്കിയാലും തോന്നിയപോലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. മര്‍മപ്രധാനമായ 30 സ്ഥലങ്ങള്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് ടൗണിനെ ക്യാമറ കണ്ണിനുള്ളിലാക്കുമെന്ന തീരുമാനവും ഇനിയും എങ്ങുമെത്തിയില്ല. ആര്യാസ് മുതല്‍ ലോട്ടസ് വരെയുള്ള ഭാഗത്ത് പാര്‍ക്കിങ് പൂര്‍ണ്ണമായും നിരോധിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി. ഓയൂര്‍ റോഡിലെ വണ്‍വേ കര്‍ശനമാക്കി പാര്‍ക്കിങ് നിരോധിക്കും. നടപ്പാതകള്‍ ഒഴിപ്പിച്ച് കാല്‍നടയാത്ര സുഗമമാക്കും. തിരക്കുള്ള സമയങ്ങളില്‍ ചരക്കിറക്കുന്നതും കയറ്റുന്നതും നിരോധിക്കും. ട്രാഫിക് നിയന്ത്രണത്തിന് വാര്‍ഡന്‍മാരെ കൂടാതെ സന്നദ്ധപ്രവര്‍ത്തകരെ കൂടി നിയമിക്കും. ഡ്രൈവര്‍മാരുടെ കാഴ്ചക്ക് തടസമായി നില്‍ക്കുന്ന ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യും. ടിബി ജംഗ്ഷന്‍ പോസ്റ്റ് ഓഫിസ് റോഡ് വണ്‍വേയാക്കും. ടാക്‌സി-ആട്ടോ സ്റ്റാന്‍ഡുകള്‍ പുനക്രമീകരിക്കും. ബസ്‌ബേ ഏര്‍പ്പെടുത്തും തുടങ്ങിയ നിര്‍ദ്ദേശങ്ങളില്‍ ഒന്നും തന്നെ ഇതുവരെ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല വഴിപാടിന് പോലും ഇപ്പോള്‍ യോഗം കൂടുന്നുമില്ല. യോഗം വിളിക്കേണ്ട നഗരസഭക്ക് പരിഷ്‌കരണത്തില്‍ താല്‍പര്യമില്ലാത്തതാണ് തുടക്കത്തിലെ പരിഷ്‌കരണം അട്ടിമറിക്കാന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.