സംഭരണം വൈകുന്നു നെല്ല് കത്തിച്ച് പ്രതിഷേധിക്കും

Tuesday 25 April 2017 7:19 pm IST

അമ്പലപ്പുഴ: കൊയ്ത നെല്ല് മൂന്നാഴ്ച കഴിഞ്ഞിട്ടും സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കൃഷിഭവനു മുന്നില്‍ നെല്ല് കൂട്ടിയിട്ട് കത്തിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. അമ്പലപ്പുഴ വടക്കുപഞ്ചായത്ത് നീര്‍ക്കുന്നം കപ്പാം വേലി കൊങ്ങന്നൂര്‍ പാടശേഖരത്താണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം 12 ലോഡ് നെല്ല് കെട്ടിക്കിടക്കുന്നത്. എണ്‍പതേക്കറുള്ള ഇവിടെ 71 കര്‍ഷകരാണ് കൃഷിചെയ്യുന്നത്. ഏക്കറിന് 27,000 മുതല്‍ 30,000 രൂപ വരെ ചെലവഴിച്ച് കൃഷി ചെയ്ത കര്‍ഷകര്‍ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. കടം വാങ്ങിയും പലിശയ്ക്ക് പണമെടുത്തുമാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. കൊയ്‌തെടുത്ത നെല്ല് വരമ്പത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പാഡി മാര്‍ക്കറ്റിങ് ഓഫീസറോ മില്‍ അധികൃതരോ സംഭരണവുമായി ബന്ധപ്പെട്ട് ഇവിടെ എത്തിയിട്ടില്ലെന്ന് പാടശേഖര സമിതി പ്രസിഡന്റ് സുഗുണന്‍, സെക്രട്ടറി ഗോവിന്ദന്‍ എന്നിവര്‍ പറഞ്ഞു. നെല്ലിന്റെ ഗുണനിലവാരം നോക്കാതെ മില്ലുടമകളുടെ ഏജന്റുമാരെത്തി 32 കിലോ കിഴിവാണ് ആവശ്യപ്പെടുന്നത്. നെല്ലിന്റെ ഗുണനിലവാരം തങ്ങളെ ബോദ്ധ്യപ്പെടുത്താതെ മില്ലുടമകളും സപ്ലൈകോ ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്നാണ് അവരുടെ പരാതി. വേനല്‍ മഴ പെയ്താല്‍ ഏതാണ്ട് 28 ലക്ഷം രൂപയുടെ നെല്ലാണ് നശിക്കുക. സംഭരണം നടന്നില്ലെങ്കില്‍ അമ്പലപ്പുഴ വടക്ക് കൃഷിഭവനു മുന്നിലിട്ട് നെല്ല് കത്തിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.