കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടതിങ്ങനെ

Wednesday 26 April 2017 8:21 am IST

സ്വന്തം വീട്ടില്‍, അച്ഛനമ്മമാര്‍ക്കിടയില്‍ വരെ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല എന്നാണ് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പരിഹാരം ഉടന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം നടത്തേണ്ടതും ചുരുങ്ങിയ പക്ഷം പതിനാലു വയസ്സുവരേക്കും കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളില്‍നിന്ന് നിയമംമൂലം സര്‍ക്കാരേറ്റെടുക്കേണ്ടതുമാണ്. ഇവിടെ ഉദ്ദേശിക്കുന്നത്, അകാരണമായി മാതാപിതാക്കള്‍ വരെ കുട്ടികളെ മര്‍ദ്ദിക്കുകയോ മറ്റു വേലകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ശാരിരിക ക്ഷമതയ്ക്കപ്പുറമുള്ള ജോലികള്‍ ചെയ്യിക്കുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍, മാതാപിതാക്കളായാലും ബന്ധുക്കളായാലും അവരുടെമേല്‍ നടപടി സ്വീകരിക്കാനുള്ള അധികാരം നിയമം മൂലം സര്‍ക്കാരിനുണ്ടായിരിക്കണം എന്നാണ്. കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതുവരെ സംരക്ഷിക്കാനും പരിപാലിക്കാനും സാഹചര്യമില്ലാത്തവര്‍ക്കും കഴിവില്ലാത്തവര്‍ക്കും കുട്ടികളെ ജനിപ്പിക്കാനുള്ള അവകാശമില്ലാതാക്കണം. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ കടന്നുകയറ്റംകൊണ്ട് ലിവിങ് റ്റുഗതറും സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാര ഉയര്‍ച്ചയും അവരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുകയും അവര്‍ക്ക് അമ്മയെന്നുള്ള പരിപാവനതയെ അംഗീകരിക്കാന്‍ കഴിയാതെയുമായി. അതുകൊണ്ടുതന്നെ ആണും പെണ്ണും ഇണചേരുന്നതിന്റെ 'ബൈ പ്രൊഡക്ട്' മാത്രമാണ് കുട്ടികള്‍ എന്ന സങ്കല്‍പ്പത്തിലെത്തി. ചുംബന സമരങ്ങളും മറ്റും നടത്താന്‍ അമിതാവേശം കാണിച്ച് സ്ത്രീകള്‍ മുന്നോട്ടു വരുന്നതിനും കാരണമിതാണ്. ഇത്തരം സ്ത്രീ പുരുഷന്മാരാണ് ഏതു പൊതുസ്ഥലത്തും ഇണചേരാനവകാശമുണ്ടെന്ന് വാദിക്കുന്നവര്‍. ഉപോല്‍പന്നം വേണ്ടവിധത്തില്‍, നിയമാനുസൃതമായി സംരക്ഷിക്കാനും പരിപാലിക്കാനും ബാധ്യസ്ഥരാണെന്ന കാര്യം ഇവര്‍ ചിന്തിക്കുന്നില്ല. പടിഞ്ഞാറന്‍ രാജ്യങ്ങളിലങ്ങനെയാണല്ലോ? ഇവിടെ ചെറിയ വ്യത്യാസമുള്ളത് കുട്ടികളെ ജനിപ്പിക്കുന്നത്, അവരവരുടെ ഇഷ്ടത്തിന് ദുരുപയോഗം ചെയ്യാനാണെന്നുള്ള തെറ്റിദ്ധാരണയാണ്. ഇത് മാറ്റിയെടുക്കണമെങ്കില്‍ കര്‍ശനമായ നിയമം ആവശ്യമായിരിക്കുന്നു. മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ ആര്‍ക്കും ബാധ്യതയില്ലാത്ത കുട്ടികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കാനേ സാധ്യതയുള്ളൂ. സ്വന്തമല്ലാത്ത കുട്ടികളെ എങ്ങനെ വേണമെങ്കിലും ദുരുപയോഗം ചെയ്യാമല്ലോ. കുണ്ടറയിലേതും, സമാനമായ മറ്റ് പല സംഭവങ്ങളും വിരല്‍ചൂണ്ടുന്നത്, കുട്ടികളെ സെക്‌സിനും മറ്റാവശ്യങ്ങള്‍ക്കുമായി സ്വന്തം അച്ഛനമ്മമാര്‍ തന്നെ വിറ്റുകാശാക്കുന്നു എന്ന വസ്തുതയിലേക്കാണ്. ആര്‍ക്കും ആരോടും കടമകളോ കടപ്പാടുകളോ ഇല്ലാത്ത, ആരും ആരേയും മാനിക്കാത്ത ഈ സമൂഹത്തില്‍, കുറ്റം ചെയ്തവരെ ശിക്ഷിക്കാന്‍ നിയമമുള്ളതുപോലെ കുറ്റകൃത്യത്തിലേര്‍പ്പെടാനുള്ള സാധ്യത തടയുന്ന നിയമങ്ങളാണ് വേണ്ടത്, പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍. സ്വയം സംരക്ഷിക്കാന്‍ കഴിയാത്ത പ്രായത്തിലുള്ള കുട്ടികളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ചുമതലയാണ്. സമൂഹമോ ഭരണാധികാരികളോ ഇതു കണ്ടില്ലെന്ന് നടിക്കരുത്. അബദ്ധത്തില്‍ സംഭവിക്കുന്നതല്ലാതെ പതിനാലു വയസ്സിനു താഴെയുള്ള കുട്ടികളൊന്നും ആത്മഹത്യാ പ്രവണത കാണിക്കാറില്ല. പെട്ടെന്നുണ്ടാകുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചേക്കാം. എന്നാല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പീഡനത്തില്‍നിന്ന് മുക്തിക്കുവേണ്ടി ആത്മഹത്യ പ്രതിവിധിയാണെന്ന് ചിന്തിക്കാന്‍ മാത്രം ബുദ്ധി വളര്‍ച്ച ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കുണ്ടാവില്ല. കുണ്ടറയിലെ പത്തുവയസ്സുകാരിയെ മുത്തച്ഛനാണ് പീഡിപ്പിച്ചതെന്നാണ് പുറത്തുവന്നത്. ഇത് അതേപടി വിശ്വസിക്കാന്‍ കഴിയുന്നില്ല. മരണത്തിന് മൂന്നു ദിവസം മുന്‍പുവരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും ഇത് വര്‍ഷങ്ങളായി തുടര്‍ന്നിരുന്നതായും രഹസ്യഭാഗങ്ങളില്‍ ഇരുപത്തി എട്ടോളം മുറിവുകളുണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു. ഇത്രയും ക്രൂരത ഒരു പിഞ്ചുകുട്ടിയോട് കാണിച്ചിട്ടും നടപടി എടുക്കാന്‍ അധികാരികള്‍ മടിക്കുന്നതെന്തുകൊണ്ട്? ഇത്രയും ക്രൂരതയില്ലാത്ത ബാലവേലയ്‌ക്കെതിരെ കര്‍ശന നടപടികളെടുക്കുന്നുണ്ടല്ലോ. തന്നെയുമല്ല രണ്ടുവര്‍ഷമായി തുടരുന്ന ഈ പീഡനം, അച്ഛനും അമ്മയും അറിയാതിരിക്കുന്നതെങ്ങനെ? പള്ളി വികാരി പീഡിപ്പിച്ചു ജനിപ്പിച്ച കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാനും പീഡനം സ്വയം ഏറ്റെടുക്കാനും തയ്യാറായ പിതാവും അതിന് കൂട്ടുനില്‍ക്കുന്ന മാതാവും ജീവിക്കുന്നത് ഇതേ സമൂഹത്തില്‍ തന്നെയാണല്ലോ? പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന മാനസികാവസ്ഥയുള്ള, മനുഷ്യമൃഗങ്ങളുള്ള ഈ സമൂഹത്തില്‍, നിയമങ്ങള്‍ കര്‍ശനമാക്കുകയും രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കുകയുമാണ് വേണ്ടത്. 'പോക്‌സോ' നിയമം അപര്യാപ്തമാണ്. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം പെണ്‍മക്കളെ പണത്തിനുവേണ്ടി കച്ചവടച്ചരക്കാക്കിയ എത്രയോ കേസുകളാണ് നാം പലപ്പോഴും കേട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ജനിച്ചുവീഴുന്ന നിമിഷം മുതല്‍ ആ കുട്ടിയുടെ ജീവനും ശരീരത്തിനും പൂര്‍ണ സംരക്ഷണം കൊടുക്കേണ്ട ചുമതല സര്‍ക്കാരേറ്റെടുക്കണം. അതിനുതകുന്ന നിയമനിര്‍മാണം ഉടന്‍ നടത്തണം. രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നത് അധികാരത്തിനുവേണ്ടി മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും സംരക്ഷിക്കുന്നതിനുകൂടിയാണ്. അതുകൊണ്ടുതന്നെ 'പോക്‌സോ' നിയമത്തില്‍ ശിക്ഷിച്ചാലും ജീവപര്യന്തം ശിക്ഷിച്ചാലും പ്രതികള്‍ രക്ഷപ്പെട്ടുകൊണ്ടിരിക്കും. അവര്‍ അവരുടെ പ്രവര്‍ത്തന മേഖല വികസിപ്പിച്ചുകൊണ്ടിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.