വെള്ളം ലഭിക്കാന്‍ കാത്തത് പത്താണ്ട്

Tuesday 25 April 2017 9:27 pm IST

ആലപ്പുഴ: പത്താണ്ടുകള്‍ക്ക് ശേഷം ആലപ്പുഴ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. മെയ് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വൈകിട്ട് 4.30ന് ആലപ്പുഴ ടൗണ്‍ഹാളിലാണ് ഉദ്ഘാടന പരിപാടി. ആലപ്പുഴ നഗരസഭയിലെയും സമീപത്തെ എട്ട് പഞ്ചായത്തുകളിലെയും അഞ്ചുലക്ഷം പേര്‍ക്ക് ഇതോടെ കുടിവെള്ളം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 2007ല്‍ ഭരണാനുമതി ലഭിച്ച പദ്ധതി പൂര്‍ത്തിയാകാന്‍ ഇത്രയും വൈകിയത് ഇടതുവലതു സര്‍ക്കാരുകളുടെ അലംഭാവം കാരണമാണ്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 2006- 07 കാലത്താണ് പദ്ധതി ആവിഷ്‌കരിച്ചത്. പിന്നീട് സമീപത്തെ എട്ട് പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. ആലപ്പുഴ നഗരം, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം പഞ്ചായത്തുകള്‍ എന്നീ പ്രദേശങ്ങളാണ് പദ്ധതിക്കു കീഴില്‍വരുന്നത്. 220 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. കരുമാടിയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പഌന്റ് സ്ഥാപിച്ചിട്ട് ആറു വര്‍ഷത്തോളമായി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ പനച്ചുവട് ഭാഗത്ത് റെയില്‍പാതയ്ക്കു സമാന്തരമായും പാത മുറിച്ചുകടന്നും 150 മീറ്റര്‍ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിക്ക് റെയില്‍വെ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനുള്ള അനുമതി നേടിയെടുക്കാനോ തടസങ്ങള്‍ നീക്കാനോ മറ്റ് പോംവഴി തേടാനോ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് പദ്ധതി വൈകാന്‍ കാരണം. വളരെ വൈകിയാണ് റെയിവെയുടെ അനുമതി ലഭിച്ചത്. കേന്ദ്രപദ്ധതിയായ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് സ്‌കീം ഫോര്‍ സ്മാള്‍ ആന്‍ഡ് മീഡിയം ടൌണ്‍സ് (യുഐഡിഎസ്എസ്എംടി) പദ്ധതിക്കുകീഴിലാണ് ആലപ്പുഴ പദ്ധതി. 99.98 കോടി രൂപയായിരുന്നു അടങ്കല്‍. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെതന്നെ സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതി (അക്‌സലറേറ്റഡ് റൂറല്‍ വാട്ടര്‍ പൊജക്ട്എആര്‍പി) ആലപ്പുഴ പദ്ധതിയുമായി സംയോജിപ്പിച്ച് അമ്പലപ്പുഴ താലൂക്കില്‍പ്പെടുന്ന എട്ടു പഞ്ചായത്തുകള്‍ക്കു കൂടി ബാധകമാക്കി. 69.53 കോടിരൂപയായിരുന്നു ഇതിന്റെ അടങ്കല്‍. പിന്നീട് രണ്ടു പദ്ധതികളുടെയും തുക വര്‍ധിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ 80 ശതമാനവും നഗരസഭ, സംസ്ഥാനസര്‍ക്കാര്‍ എന്നിവര്‍ പത്തുശതമാനം വീതവും പദ്ധതിയടങ്കല്‍ ഏറ്റെടുക്കണമെന്നായിരുന്നു വ്യവസ്ഥ.കടപ്ര പഞ്ചായത്തിലെ സൈക്കിള്‍ മുക്കില്‍നിന്ന് ശേഖരിക്കുന്ന വെള്ളം കരുമാടി ട്രീറ്റ്‌മെന്റ് പഌന്റില്‍ എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. 620 ലക്ഷം ലിറ്ററാണ് പഌന്റിന്റെ പ്രതിദിന ശുദ്ധീകരണ ശേഷി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.