കുറവിലങ്ങാട് മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി

Tuesday 25 April 2017 9:57 pm IST

കുറവിലങ്ങാട്: അധികൃതരുടെ അനാസ്ഥയും കലാവസ്ഥാ വ്യതിയാനവും ഒത്തുചേര്‍ന്നപ്പോള്‍ കുറവിലങ്ങാട് മേഖലയില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു. വേനല്‍ ചൂട് രൂക്ഷമായതോടെ കുറവിലങ്ങാട് മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഇടയ്ക്കുവരുന്ന ചാറ്റല്‍ മഴയും ജലസംഭരണികള്‍ വറ്റിവരണ്ടതും കുടിവെള്ളപദ്ധതികള്‍ യഥാസമയം പ്രവര്‍ത്തിക്കാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണമായി. അതോടൊപ്പം ഈമേഖലയില്‍ വന്‍തോതിലുള്ള വെള്ളമൂറ്റും നടത്തുന്നു. വെള്ളമൂറ്റ് മൂലം വിവിധ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റിവരളാന്‍ കാരണമായി. കുറവിലങ്ങാട് ഉഴവൂര്‍, കാണക്കാരി, മരങ്ങാട്ടുപള്ളി, വെളിയന്നൂര്‍ പഞ്ചായത്തുകളാണ് പ്രധാനമായും ജനങ്ങള്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നത്. കാണക്കാരി പഞ്ചായത്തില്‍ ജലവിതരണം ആരംഭിച്ചുവെങ്കിലും ഇത് കൃത്യമായി നടക്കുന്നില്ലെന്ന പരാതി ശക്തമാണ്. വെമ്പള്ളിയിലും കടപ്പൂരും പ്രവര്‍ത്തിക്കുന്ന ജലമൂറ്റ് കേന്ദ്രങ്ങള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമാണ്. കഴിഞ്ഞദിവസം കടപ്പൂര്‍ ഭാഗത്തെ ജലമൂറ്റ് കേന്ദ്രം സ്ത്രീകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചിരുന്നു. ഈ മേഖലകളില്‍ കുടിവെള്ള മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണ്. പഞ്ചായത്തിലെ മാവോല ഭാഗത്തെ കുടിവെള്ള പദ്ധതി അട്ടിമറിക്കപ്പെട്ടട്ട് ഏതാനം മാസങ്ങളായി. ടാങ്കില്‍ നിന്നും ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകള്‍ക്ക് ഗുണനിലവാരം ഇല്ലാത്തതും മോട്ടര്‍വാഹനത്തിലെ ക്രമക്കേടും പദ്ധതി അട്ടിമറിക്കുവാന്‍ കാരണമായി. രണ്ടുമാസം മുന്‍പ് വെമ്പള്ളിയില്‍ എംവിഐപി കനാല്‍ പൊട്ടിയതോടെ കാണക്കാരി വെമ്പള്ളി കൂടല്ലൂര്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷമാകാന്‍ കാരണമായി. കനാലില്‍ നിന്നുള്ള ജലമൊഴുക്ക് നിലച്ചതാണ് ഇതിന് കാരണം. നാളിതുവരെയായിട്ടും കനാല്‍ നവീകരിച്ച് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞട്ടില്ല. പഞ്ചായത്തിലെ വാറ്റുപുര, വട്ടുകുളം, ചാത്തമല, അമ്പാറമാക്കേല്‍, വിളങ്ങാട്കുന്ന്, കളത്തൂര്‍ ആശുപത്രിപ്പടി, മന്നത്താനി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായും ജലക്ഷാമം അനുഭവപ്പെടുന്നത്. കനാലിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ജലവിതരണം ആരംഭിച്ചാല്‍ ഈ മേഖലയിലെ ജലക്ഷാമത്തിന് ഒരു പരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടും. കുറവിലങ്ങാട് പഞ്ചായത്തില്‍ 18 ചെറുകിട പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്നും 3000ത്തിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിച്ചിരുന്നു. എന്നാല്‍ നിലവില്‍ 18 പദ്ധതികളിലും വെള്ളം കുറവാണ്. ഇതില്‍ പകുതിയിലധികം പദ്ധതികളും പ്രവര്‍ത്തിക്കുന്നത് കുറവിലങ്ങാട് വലിയതോടിനെ ആശ്രയിച്ചാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന മണ്ണെടുപ്പും തോട് സംരക്ഷണത്തിലെ അപാകതയും തോട്ടിലെ നീരുറവക്കുറവും മൂലം ജലശ്രോതസ്സുകള്‍ വറ്റിയനിലയിലാണ്. കുറവിലങ്ങാട് ടൗണിലെ ചില വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാര്‍ക്കറ്റില്‍ നിന്നും തോട്ടിലേക്ക് മാലിന്യനിക്ഷേപം പതിവാണ്. തോട് നവീകരണത്തിന് പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തി തുക വകയിരുത്തിയെങ്കിലും ഒന്നും നടപ്പായില്ല. എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. സ്വകാര്യവ്യക്തിയുടെ വ്യാപാരസ്ഥാപനത്തെ സഹായിക്കുന്നതിനായി ബൈപാസ് റോഡില്‍ തോടിന്റെ പകുതിയോളം വീതി കവര്‍ന്നെടുത്ത്, കരിങ്കല്ലുകൊണ്ട് കെട്ടിയടക്കാന്‍ ശ്രമിച്ചതാണ് ഇവിടുത്തെ നീരൊഴുക്ക് നില്‍ക്കുവാന്‍ പ്രധാന കാരണം. ഉഴവൂര്‍ പഞ്ചായത്തില്‍ ജലവിതരണത്തിന് അപേക്ഷകള്‍ നല്‍കിയെങ്കിലും ഇതുവരെ പദ്ധതി ആരംഭിക്കുവാന്‍ കഴിഞ്ഞില്ല. വെള്ളൂര്‍ വെളിയന്നൂര്‍ പദ്ധതിയുടെ പമ്പിംഗ് യഥാസമയം നടക്കാത്തതും പലകുടിവെള്ളപദ്ധതികളും പ്രവര്‍ത്തിക്കാത്തതും പ്രദേശത്തെ പുല്‍പ്പാറ, കലാമുകളം, നെടുമ്പാറ, പയസ്മൗണ്ട്, ഉഴവൂര്‍ ടൗണ്‍ തുടങ്ങിയ മേഖലകളില്‍ കുടിവെള്ള ദൗര്‍ലഭ്യത്തിന് കാരണമായി. വെളിയന്നൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍പെട്ട പ്രദേശത്ത് പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് കുടിവെള്ളത്തിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണ്. പഞ്ചായത്തില്‍ ജലവിതരണം നടക്കുന്നു എങ്കിലും പകുതിയിലധികം പ്രദേശങ്ങളിലും എത്തുന്നില്ല എന്നതാണ് സത്യം. മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം പഞ്ചായത്തുകളില്‍ ജലനിധി പദ്ധതിപ്രകാരം കുടിവെള്ളവിതരണം നടക്കുന്നുണ്ട്. എന്നിരുന്നാലും പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഈ പദ്ധതിയില്‍ നിന്നും ചില ദിവസങ്ങളില്‍ ജലം എത്തുന്നില്ല എന്ന് പരാതിയുണ്ട്. കടപ്ലാമറ്റത്ത് 39 ജലവിതരണ സമിതികളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഭരണകാലത്ത് ജലവിഭവ വകുപ്പ് കുറവിലങ്ങാട് പ്രദേശത്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട സമഗ്ര കുടിവെള്ളപദ്ധതി ഇന്നും ഓര്‍മ്മയില്‍ മാത്രമാണ്. പദ്ധതിക്ക് ഏഴുകോടി രൂപ അനുവദിച്ചുവെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നാളിതുവരെ ഒന്നും നടന്നട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.