ദേശീയ വോളി: കേരളം മൂന്നാമത്, പെണ്‍കുട്ടികളില്‍ തമിഴ്‌നാട്

Tuesday 25 April 2017 10:47 pm IST

പറവൂര്‍: 43-മത് ദേശീയ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ കിരീടം തമിഴ്‌നാടിന്. ഇന്നലെ നടന്ന ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പശ്ചിമ ബംഗാളിനെ തകര്‍ത്താണ് തമിഴ്‌നാട് പെണ്‍കുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 25-23, 25-21, 25-16. ആദ്യ സെറ്റില്‍ മാത്രമാണ് തമിഴ്‌നാടിനെതിരെ പശ്ചിമ ബംഗാളിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞത്. രണ്ടാം സെറ്റിലും നേരിയ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മൂന്നാം സെറ്റില്‍ കാര്യമായൊന്നു പൊരുതാന്‍ കഴിയാതെയാണ് ബംഗാള്‍ പെണ്‍കുട്ടികള്‍ കീഴടങ്ങിയത്. സെമി ഫൈനലില്‍ കേരളത്തെ പരാജയപ്പെടുത്തിയാണ് തമിഴ്‌നാട് ഫൈനലില്‍ കടന്നത്. രാജസ്ഥാനെ തോല്‍പ്പിച്ചായിരുന്നു ബംഗാള്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഇരുവിഭാഗം ലൂസേഴ്‌സ് ഫൈനലിലും വിജയിച്ച് കേരളം മൂന്നാം സ്ഥാനം നേടി. ഇന്നലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ചണ്ഡീഗഢിനെയും പെണ്‍കുട്ടികള്‍ രാജസ്ഥാനെയും പരാജയപ്പെടുത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. സ്‌കോര്‍: 25-15, 25-6, 25-13. ആണ്‍കുട്ടികളുടെ വിഭാഗത്തിലും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കേരളം ചണ്ഡീഗഢിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 25-20, 25-17, 25-17.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.