മൂവായിരത്തോളം റേഷന്‍ കടകള്‍ പൂട്ടുന്നു

Wednesday 26 April 2017 9:57 am IST

കൊച്ചി: കേരളത്തിലെ ചെറിയ റേഷന്‍ കടകള്‍ വലിയ റേഷന്‍ കടകളില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം കാര്‍ഡുടമകള്‍ക്ക് വന്‍ തിരിച്ചടിയാകും. റേഷന്‍ വാങ്ങാന്‍ കാര്‍ഡുടമകള്‍ ഇനി കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ആദ്യഘട്ടത്തില്‍ 350 കാര്‍ഡില്‍ താഴെയുള്ള 2,720 റേഷന്‍ കടകള്‍ ലയിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് 14,419 റേഷന്‍ കടകളാണുള്ളത്. ഇത് നേര്‍പകുതിയാക്കാനാണ് നീക്കം. 350 മുതല്‍ 400 കാര്‍ഡുകള്‍ വരെയുള്ള റേഷന്‍ കടകളാണ് രണ്ടാംഘട്ടത്തില്‍ നിര്‍ത്തുക. 1,280 എണ്ണം വരുമിത്. 400 മുതല്‍ 500 കാര്‍ഡുകള്‍ വരെയുള്ള 2,741 കടകളും സംസ്ഥാനത്തുണ്ട്. ഇവയും ഭാവിയില്‍ ലയിപ്പിക്കും. ബാക്കിയുള്ള ഓരോ റേഷന്‍ കടയിലും കാര്‍ഡുടമകളുടെയെണ്ണം ശരാശരി രണ്ടായിരം ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒരു തദ്ദേശസ്ഥാപനത്തില്‍ ആറു മുതല്‍ 10 വരെ റേഷന്‍ കടകളുണ്ട്. ഇത് രണ്ടു മുതല്‍ അഞ്ചു വരെയാക്കാനും നീക്കം. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. ഭക്ഷ്യഭദ്രത നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് ജീവിക്കാനാവശ്യമായ മാന്യമായ വേതനം നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇന്‍സെന്റീവും കമ്മീഷനുമുള്‍പ്പെടെ ചെറുകിട റേഷന്‍ വ്യാപാരികള്‍ക്ക് മാസം 15,000 മുതല്‍ 20,000 രൂപവരെ നല്‍കാനും ധാരണയായിരുന്നു. പിന്നീടാണ് ചെറുകിട കടക്കാരെ പൂര്‍ണമായും ഒഴിവാക്കി സാമ്പത്തിക ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയത്. സാധനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ റേഷന്‍ കടകളിലെത്തിക്കണമെന്ന ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥയും വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. അതിനാല്‍ റേഷന്‍ കടകളുടെ എണ്ണം കുറച്ച് ബാധ്യത ഇല്ലാതാക്കാനാണ് ശ്രമം. സര്‍ക്കാര്‍ നീക്കത്തില്‍ റേഷന്‍ സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.