റവന്യൂ വകുപ്പിന്റെ തീരുമാനങ്ങള്‍ നിയമവിരുദ്ധം

Tuesday 25 April 2017 11:12 pm IST

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ മന്ത്രിസഭായോഗ തീരുമാനങ്ങളില്‍ റവന്യൂ വകുപ്പിന്റെ 44 തീരുമാനങ്ങളും ചട്ടം ലംഘിച്ചാണെന്ന് മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ പേരില്‍ അടൂര്‍ താലൂക്കില്‍ 187.07 ഭൂമി മുന്‍ ഭൂവുടമകള്‍ക്ക് തിരികെ നല്‍കാനുള്ള തീരുമാനം നിയമലംഘനമാണ്. കോന്നി താലൂക്കിലെ പത്തിടങ്ങളിലും അടൂര്‍ താലൂക്കിലെ ഒരിടത്തും ഭൂമി സൗജന്യമായി പതിച്ചു നല്‍കാനെടുത്ത തീരുമാനം നിയമലംഘനമായതിനാല്‍ പുനഃപരിശോധിക്കണം. കൊച്ചി മണീട് വില്ലേജില്‍ സ്വകാര്യ മാധ്യമസംരംഭത്തിനായി വാങ്ങുന്ന 26.81 ഏക്കര്‍ ഭൂമിക്ക് ഇളവുകള്‍ നല്‍കാനുള്ള തീരുമാനം നിയമപരമായി നിലനില്‍ക്കില്ല. ഇത് റദ്ദുചെയ്യണമെന്നും ഉപസമിതി ശുപാര്‍ശ ചെയ്തു. നെല്ലിയാമ്പതി പോബ്‌സ് എസ്റ്റേറ്റിന്റെ നികുതി സ്വീകരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും തോട്ടം ഉടമകളെ സഹായിക്കാന്‍ വേണ്ടിയായിരുന്നെന്ന് സമിതി കണ്ടെത്തി. യുഡിഎഫ് സര്‍ക്കാര്‍ ഹോപ്പ് പ്ലാന്റേഷന് അനുകൂലമായി എടുത്ത തീരുമാനവും നിയമവിരുദ്ധമാണ്. വിവാദങ്ങളെ തുടര്‍ന്ന് തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ 151 ഏക്കര്‍ ഭൂമി കമ്പനി സ്വന്തമാക്കിയേനെ എന്ന് സമിതി കണ്ടെത്തി. തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന്റെ് 4.25 ഏക്കര്‍ ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനവും പുനഃപരിശോധിക്കണം. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇന്നലെ നിയമസഭയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.