താമര നേടി; കേജ്‌രി വീണു

Thursday 27 April 2017 12:20 am IST

ന്യൂദല്‍ഹി: പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് വരെ ബിജെപി എന്ന ലക്ഷ്യത്തിലേക്ക് ഉജ്ജ്വലമായ കുതിപ്പു കൂടി. രാജ്യതലസ്ഥാനത്തെ ജനപിന്തുണ പാര്‍ട്ടി തിരിച്ചുപിടിച്ചു. ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നു കോര്‍പ്പറേഷനുകളും പാര്‍ട്ടി നേടി. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അമ്പേ തകര്‍ന്നടിഞ്ഞ ജനവിധിക്ക് ദല്‍ഹിയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. അതേസമയം, ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സൈനികര്‍ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷം വേണ്ടെന്ന് ബിജെപി തീരുമാനിച്ചിരുന്നു. മൂന്നു കോര്‍പ്പറേഷനുകളിലെ 270 സീറ്റുകളില്‍ നൂറ്റിഎണ്‍പത്തിനാല് സീറ്റും നേടിയാണ് ബിജെപി ഹാട്രിക് വിജയം കൊയ്തത്. വടക്കന്‍ ദല്‍ഹി, തെക്കന്‍ ദല്‍ഹി, കിഴക്കന്‍ ദല്‍ഹി കോര്‍പ്പറേഷനുകളില്‍ വീണ്ടും അധികാരത്തിലെത്തിയ ബിജെപിയുടെ വിജയം ആധികാരികം. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടിയാണ് ജനവിധി. വടക്കന്‍ ദല്‍ഹിയില്‍ 103ല്‍ 66 സീറ്റുകളും ബിജെപി നേടി. ആപ്പിന് 22, കോണ്‍ഗ്രസിന് 15 സീറ്റുകള്‍. തെക്കന്‍ ദല്‍ഹിയില്‍ 104ല്‍ 70 സീറ്റുകളില്‍ ബിജെപി വിജയിച്ചു. ആപ്പിന് 16, കോണ്‍ഗ്രസിന് 12 സീറ്റുകള്‍. തെക്കന്‍ ദല്‍ഹിയില്‍ 63ല്‍ 48 സീറ്റുകളും ബിജെപിക്കൊപ്പം. ആപ്പിന് 10 സീറ്റ്, കോണ്‍ഗ്രസ് മൂന്നു സീറ്റിലൊതുങ്ങി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 56 ശതമാനം വോട്ടുകളും 70ല്‍ 67 സീറ്റുമായി ചരിത്ര ജയം നേടിയ ആംആദ്മി പാര്‍ട്ടിയെ രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ ദല്‍ഹിയിലെ ജനങ്ങള്‍ കൈവിട്ടെന്ന് വ്യക്തമാക്കുന്നതാണ് വിധി. ആപ്പിന്റെ വോട്ട് ശതമാനം 25 ശതമാനത്തിലേക്ക് കുറഞ്ഞപ്പോള്‍ ബിജെപിയുടേത് 32ല്‍ നിന്ന് 40 ശതമാനത്തിലേക്ക് ഉയര്‍ന്നു. കോണ്‍ഗ്രസ് 20 ശതമാനം വോട്ട് പിടിച്ചു. മുസ്ലിം വോട്ടര്‍മാര്‍ അധികമുള്ള പഴയ ദല്‍ഹിയിലെ വാര്‍ഡുകളിലും ബിജെപിക്കാണ് ജയം. പഞ്ചാബിലെയും ഗോവയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വിക്കു ശേഷം ആംആദ്മി പാര്‍ട്ടിക്ക് അവരുടെ തട്ടകമായ ദല്‍ഹിയും നഷ്ടപ്പെട്ടു. പതിവുപോലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രമാണ് തങ്ങളുടെ തോല്‍വിക്ക് കാരണമെന്ന വാദവുമായി ആപ്പ് നേതാക്കള്‍ രംഗത്തെത്തിയെങ്കിലും മാധ്യമങ്ങളും മറ്റു നേതാക്കളും രൂക്ഷ വിമര്‍ശനവും പരിഹാസവും ഉയര്‍ത്തിയതോടെ അവര്‍ പിന്‍വാങ്ങി. ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കനും ദല്‍ഹി തെരഞ്ഞെടുപ്പ് ചുമതലയുള്ള പി.സി. ചാക്കോയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. ആംആദ്മി പാര്‍ട്ടിയുടെ അരാഷ്ട്രീയതയ്‌ക്കേറ്റ തിരിച്ചടിയാണ് ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു. ദല്‍ഹിയിലെ ബിജെപി ടീമിന്റെ കഠിനാധ്വാനത്തിന്റെ വിജയമാണ് നേട്ടത്തിന്ന കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.