എഴുത്ത് ലോട്ടറി വീണ്ടും സജീവമാകുന്നു

Wednesday 26 April 2017 10:43 am IST

നിലമ്പൂര്‍: സംസ്ഥാന ലോട്ടറിയുടെ വയറ്റത്തടിച്ച് എഴുത്ത് ലോട്ടറി വീണ്ടും ജില്ലയില്‍ വ്യാപകമാകുന്നു. സംസ്ഥാന ലോട്ടറിയുടെ വ്യാജപതിപ്പിന് പുറകെയാണ് എഴുത്തുലോട്ടറിയും ജനങ്ങളുടെ പണം തട്ടുന്നത്. കാരുണ്യ, കാരുണ്യ പ്ലസ് ലോട്ടറികളില്‍ വ്യാജനുണ്ടെന്ന കുറ്റസമ്മതം സംസ്ഥാന സര്‍ക്കാര്‍വൃത്തങ്ങള്‍ നടത്തിയിരുന്നു. അതിനിടിയിലാണ് വ്യാജനെ വെല്ലുന്ന രീതിയില്‍ എഴുത്ത് ലോട്ടറി വ്യാപിക്കുന്നത്, ഇത് തടയാന്‍ പോലീസ് തയ്യാറാകണമെന്നാണ് ലോട്ടറി ഏജന്റമാരും, വില്‍പ്പനക്കാരും ആവശ്യപ്പെടുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാനത്തെ മൂന്നക്കം മുന്‍കൂട്ടി പ്രവചിച്ചാല്‍ 5000 രൂപ മുതല്‍ സമ്മാനങ്ങള്‍ ഉടനടി ലഭിക്കുമെന്നതാണ് എഴുത്തുലോട്ടറിയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കാരണം. സര്‍ക്കാര്‍ ലോട്ടറിക്ക് 30 രൂപയാണെങ്കില്‍ എഴുത്തുലോട്ടറിക്ക് വെറും പത്ത് രൂപ മാത്രമേയുള്ളൂ. മുന്‍കൂര്‍ പ്രവചന നമ്പര്‍ കടലാസില്‍ എഴുതി നല്‍കും. വൈകുന്നേരം കേരളാ ലോട്ടറി ഫലം വരുമ്പോള്‍ ഒന്നാം സമ്മാനം ലഭിച്ച നമ്പറിന്റെ അവസാന മൂന്നക്കവും എഴുതി നല്‍കിയ നമ്പറും ഒത്തുവന്നാല്‍ 5000 രൂപ കിട്ടും. ഇത്തരത്തില്‍ പത്തും ഇരുപതും നമ്പര്‍ എഴുതുന്നവരുണ്ട്. ഇത്തരത്തില്‍ ആയിരക്കണക്കിന് എഴുത്ത് ലോട്ടറികളാണ് രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെ വിറ്റഴിക്കപ്പെടുന്നത്. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരില്‍ ചിലര്‍ ഈ മാഫിയയില്‍ മുഖ്യകണ്ണികളാണ്. പാലക്കാട് ജില്ല കേന്ദ്രീകരിച്ചുള്ള ലോബിയാണ് ഇതിന് പിന്നില്‍. തിമിഴ്നാട്ടില്‍ ലോട്ടറി നിരോധനം തുടരുന്നതിനാല്‍ ജില്ലയിലും അതിര്‍ത്തി ദേശങ്ങളിലും തമിഴ്നാട്ടുകാരും, തൊഴിലാളികളുമാണ് പ്രധാന ആവശ്യക്കാര്‍. സര്‍ക്കാര്‍ ലോട്ടറിയേക്കാള്‍ വേഗത്തില്‍ സമ്മാനങ്ങള്‍ ലഭിക്കുമെന്നതും, തുച്ഛമായ തുകയും ആളുകളെ കൂടൂതല്‍ ഇതിലേക്ക് ആകര്‍ഷിക്കുന്നു. ഉടനടി സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ആയിരത്തോളം ലോട്ടറി കച്ചവടക്കാര്‍ക്കും, സര്‍ക്കാര്‍ ഖജനാവിനും വന്‍ നഷ്ടമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.