ജനത്തെ കൊള്ളയടിച്ച് കുപ്പിവെള്ള കമ്പനികള്‍

Wednesday 26 April 2017 7:01 pm IST

ആലപ്പുഴ: നാട് വരണ്ടുണങ്ങുമ്പോള്‍ ജനത്തെ കൊള്ളയടിച്ച് കുപ്പിവെള്ള കമ്പനികള്‍ സജീവം. ജില്ലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം മുതലെടുത്ത് ലാഭം കൊയ്യുകയാണ് അനധികൃത കുപ്പിവെള്ള കമ്പനികള്‍. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കുപ്പിവെള്ള വില്‍പ്പന നടക്കുന്നത്. തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഏതൊരു വിധ പരിശോധനയുമില്ലാതെ കുപ്പിവെള്ളം ജില്ലയിലെത്തിച്ച് വില്‍ക്കുന്നു. ചില പുഴകളില്‍ നിന്ന് പോലും ഇത്തരത്തില്‍ വെള്ളം കുപ്പികളില്‍ ശേഖരിച്ച് എത്തിക്കുന്നതായും സൂചനയുണ്ട്. ഇത് പരിശോധിക്കേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഏജന്‍സികളുമായി ഒത്തുകളിക്കുകയാണെന്നാണ് ആരോപണം. ശുദ്ധീകരിക്കാത്തതും മോശം അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കുപ്പിവെള്ള കമ്പനികളാണ് വിപണിയിലുള്ളവയില്‍ ഭൂരിഭാഗവും. പലതിനും ലൈസന്‍സില്ല. മതിയായ രീതിയില്‍ ശുദ്ധീകരിക്കാത്തതും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയകള്‍ നടത്താതെയുമാണ് ഇത്തരക്കാര്‍ പൊതുവിപണിയില്‍ കുപ്പിവള്ളം വില്‍ക്കുന്നത്. ഏറ്റവും ലാഭകരമായതും കാര്യമായ മുതല്‍മുടക്കില്ലാത്തതുമായ കച്ചവടമാണ് കുപ്പിവെള്ള വില്‍പ്പന. 20 ലിറ്ററിന്റെ കുപ്പിവെള്ള ബോട്ടിലിന് 60 രൂപാ മുതല്‍ നൂറുരൂപ വരെ ഈടാക്കുന്നുണ്ട്. കൊള്ളലാഭമാണിവര്‍ കൊയ്യുന്നത്. ഇത്തരം കുപ്പിവെള്ളമാണ് ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഉപയോഗിക്കുന്നത്. എന്നാല്‍ അധികൃതരാകട്ടെ ഇതുസംബന്ധിച്ച് കുപ്പിവെള്ളശാലകളില്‍ പരിശോധന നടത്തുവാന്‍ കൂട്ടാക്കുന്നില്ല. വിതരണം ചെയ്യുന്നവയില്‍ യഥാര്‍ത്ഥ മിനറല്‍ വാട്ടര്‍ ഇല്ല എന്ന് ബന്ധപ്പെട്ട കമ്പനികള്‍ തന്നെ പറയുന്നു. പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്ന തരത്തില്‍ വിവിധ ഫില്‍ട്ടര്‍ സംവിധാനങ്ങളില്‍ ശുദ്ധീകരിക്കുന്ന വെള്ളവുമാണ് കുപ്പിവെള്ളമായി കിട്ടുന്നത്. ഇവയുടെ ഗുണനിലവാര പരിശോധനകളും കാര്യക്ഷമമല്ല. വന്‍കിട കമ്പനികളുടെ വ്യാജ പേരുകളിലും കുപ്പിവെള്ളം മാര്‍ക്കറ്റിലെത്തുന്നു. മൊത്ത വിതരണക്കാരെ സ്വാധീനിച്ചാണിത്. വിവാഹ വീട്ടിലേക്കും മറ്റുള്ള ആഘോഷ പരിപാടികളിലേക്കും കുപ്പിവെള്ളം വ്യാപകമായി വാങ്ങുന്നുണ്ട്. വിവാഹം, വിരുന്ന് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കുപ്പിവെള്ള കമ്പനികള്‍ വന്‍ ലാഭമാണ് കൊയ്യുന്നത്. മാത്രവുമല്ല ഉപയോഗശൂന്യമായ കുപ്പികള്‍ ശേഖരിച്ച് ലേബല്‍ ഒട്ടിച്ച് വെള്ളം വില്‍പന നടത്തുന്നതും വ്യാപകമായിട്ടുണ്ട്. തീവണ്ടി, ബസ് യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ വെള്ള കുപ്പികള്‍ വില്‍പന നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.