ആധാര്‍ നിര്‍ബന്ധം; പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം

Wednesday 26 April 2017 9:27 pm IST

ആലപ്പുഴ: ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നതിനു ആധാര്‍കാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മുടങ്ങി. പെന്‍ഷന്‍ പദ്ധതിയില്‍ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാത്തതാണ് ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടത്. ഇത് ഏറെയും ബാധിച്ചിരിക്കുന്നത് പരാശ്രയമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തവരെയാണ്. കണ്ണിന്റെയും കൈവിരലുകളുടെയും സ്‌കാന്‍ ചെയ്തരേഖയാണ് ആധാറിനടിസ്ഥാനം. വികലാംഗ പെന്‍ഷന്‍ ലഭിക്കുന്ന കണ്ണിനു കാഴ്ചയില്ലാത്തയാള്‍ക്കു ആധാര്‍ എടുക്കുക എന്നത് പ്രായോഗികമല്ല. കണ്ണിനു കാഴ്ചയില്ലാത്ത വ്യക്തിയുടെ കണ്ണിന്റെ വിവരങ്ങള്‍ സ്‌കാന്‍ ചെയ്യാനാകാത്തതിനാല്‍ ആധാര്‍ എടുക്കാന്‍ കഴിയാത്തതാണ് ഇവര്‍ക്ക് പ്രതിസന്ധിയാകുന്നത്. ഇതുപോലെ തന്നെയാണ് ജന്മനാ തളര്‍ന്നു കിടക്കുന്ന വ്യക്തിയുടെയും അവസ്ഥ. ഗുണഭോക്താക്കളുടെ ദയനീയാവസ്ഥ നേരില്‍ ബോദ്ധ്യമുണ്ടെങ്കില്‍ പോലും നിസഹായരാണ് ഉദ്യോഗസ്ഥര്‍. ആധാര്‍ കാര്‍ഡ് നടപ്പാക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വിതരണ കാര്യത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കിയതു പിന്‍വലിക്കണമെന്ന ആവശ്യം ഉയരുന്നു. ഇരട്ടപെന്‍ഷന്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള നടപടി വികലാംഗ, അഗതി, വിധവ, പെന്‍ഷന്‍ വാങ്ങുന്നവരെയാണ് പ്രധാനമായും പുതിയ തീരുമാനം ബാധിച്ചത്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ കുടിശിഖ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആധാര്‍ ലിങ്ക് ചെയ്യാത്തതാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്ന് വ്യക്തമായത്. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ ബാങ്കുകളിലെത്തിയെങ്കിലും ഇതുവരെ വിതരണം പൂര്‍ത്തിയായിട്ടില്ല. ഇരട്ടപെന്‍ഷന്‍കാര്‍ ക്ക് ഒരു പെന്‍ഷന്‍ 600 പൂരയായി കുറച്ചിട്ടുമുണ്ട്. സഹ. ബാങ്കുകളിലെ ജീവനക്കാരുടെ കുറവ്: ക്ഷേമ പെന്‍ഷന്‍ വിതരണത്തെ ബാധിക്കുന്നു മാവേലിക്കര: സഹകരണ ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങുന്നു. സഹകരണ ബാങ്കിലെ ജീവനക്കാരോ, ബോര്‍ഡ് മെമ്പര്‍മാരോ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തി പെന്‍ഷന്‍ നേരിട്ട് വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. ഒരു ബാങ്കില്‍ നിന്നും ഒന്നോ, രണ്ടോ ജീവനക്കാരെയാണ് പെന്‍ഷന്‍ വിതരണത്തിനായി നിയോഗിക്കുന്നത്. ഒരു പഞ്ചായത്ത് പരിധിയില്‍ 700-1000വരെ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് ഉള്ളത്. ഇവര്‍ക്ക് ബാങ്ക് പരിധിയില്‍ മുഴുവന്‍ വീടുകളിലും എത്തി പെന്‍ഷന്‍ നല്‍കാന്‍ സാധിക്കുന്നില്ല. ബുദ്ധിമുട്ടുള്ള ജോലിയായതിനാല്‍ ബോര്‍ഡ് മെമ്പര്‍മാര്‍ പലരും നിസ്സഹരിക്കുന്നു. ബാങ്ക് ജീവനക്കാര്‍ അതാത് വാര്‍ഡ് മെമ്പര്‍മാരുമായി ബന്ധപ്പെട്ട് പെന്‍ഷന്‍ ഗുണഭോക്താക്കളെ വാര്‍ഡിലെ ചില കേന്ദ്രങ്ങളിലേക്ക് വിളിച്ചു വരുത്തി അവിടെ പെന്‍ഷന്‍ വിതരണം ചെയ്യുന്നു. ഫലത്തില്‍ വീട്ടില്‍ പെന്‍ഷന്‍ ലഭിക്കുമെന്ന ആശ്വാസത്തില്‍ എഴുതി നല്‍കിയവര്‍ ദിവസങ്ങളായി പെന്‍ഷനുവേണ്ടി കാത്തിരിക്കുകയാണ്. ഇതോടെ പലരും അക്കൗണ്ടിലേക്കോ പോസ്റ്റ് ഓഫീസ് വഴിയോ പെന്‍ഷന്‍ ലഭിക്കാനുള്ള സാധ്യതകള്‍ ആരായുകയാണ്. ഇതിനെ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതികള്‍ നിരുത്സാഹപ്പെടുത്തുന്നതായും പരാതിയുണ്ട്. അക്കൗണ്ടിലൂടെ പെന്‍ഷന്‍ കൃത്യമായി ലഭിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ അക്കൗണ്ട് വഴി പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ആഴ്ചകള്‍ക്ക് മുന്‍പ് കൃത്യമായി പെന്‍ഷന്‍ ലഭിച്ചെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.