നാഥനില്ലാക്കളരിയായി ചിന്നക്കനാല്‍ വില്ലേജ് ഓഫീസ്

Sunday 21 May 2017 7:45 pm IST

ചിന്നക്കനാല്‍ വില്ലേജ് ഓഫീസ്

ഇടുക്കി: പാപ്പാത്തിച്ചോല കയ്യേറ്റത്തിലൂടെ ശ്രദ്ധാകേന്ദ്രമായ ചിന്നക്കനാല്‍ വില്ലേജ് ഓഫീസ് നാഥനില്ലാക്കളരി. ഇവിടെ വില്ലേജ് ഓഫീസര്‍ അവധിയായിട്ട് നാളുകളായി. ചിന്നക്കനാലില്‍ നിന്നു മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന് ഇടയ്ക്ക് മാത്രമേ ഇവിടെ എത്താന്‍ കഴിയുന്നുള്ളൂ.

സര്‍ക്കാരിന്റെ മൂവായിരത്തോളം ഏക്കര്‍ ഭൂമി സംരക്ഷിക്കേണ്ടതും വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങള്‍ക്ക് സേവനം നല്‍കേണ്ടതും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ടതും വില്ലേജിലുള്ള മൂന്ന് ജീവനക്കാരുടെ ചുമതലയായി മാറിയിരിക്കുകയാണ്.
ആറ് ജീവനക്കാരാണ് ഇവിടെ വേണ്ടത്. വില്ലേജ് ഓഫീസര്‍, വില്ലേജ് മാന്‍, വില്ലേജ് അസിസ്റ്റന്റ് എന്നിവരുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്.

ഒരു സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും ഒരു ഫീല്‍ഡ് അസിസ്റ്റന്റും മാത്രമാണ് ഇപ്പോഴുള്ളത്. ഇവര്‍ സമയം നോക്കാതെ ജോലി ചെയ്തിട്ടും ലഭിച്ചിരിക്കുന്ന അപേക്ഷയില്‍ പകുതി പോലും തീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.  കയ്യേറ്റമൊഴിപ്പിക്കുന്നതിനെ അനുകൂലിച്ച് സംസാരിക്കുന്ന സിപിഐ കയ്യാളുന്ന വകുപ്പിലാണ് ഉദ്യോഗസ്ഥരില്ലാതെ താളപ്പിഴ സംഭവിക്കുന്നത്.

മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ ഏറ്റവും അധികം കയ്യേറ്റം നടത്തിയിരിക്കുന്ന വെള്ളൂക്കുന്നേല്‍ കുടുംബക്കാര്‍ ചിന്നക്കനാല്‍ വില്ലേജിലാണ് താമസിക്കുന്നത്. ഇവരുടെ ഭൂമി സംബന്ധമായ പ്രശ്‌നം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കി ഉദ്യോഗസ്ഥര്‍ മടുത്തിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.