നികത്തിയത് ഇരുപത് ഏക്കര്‍ തണ്ണീര്‍ത്തടം നികത്തി അനധികൃത കെട്ടിട നിര്‍മ്മാണം

Wednesday 26 April 2017 10:04 pm IST

കോഴിക്കോട്: കൊടും വേനലില്‍ ഒരു തുള്ളി വെള്ളത്തിനായി അലയുമ്പോള്‍ ഇരുപത് ഏക്കറോളം വരുന്ന തണ്ണീര്‍ത്തടം നികത്തി കെട്ടിടം നിര്‍മ്മിക്കുന്നു. എരഞ്ഞിപ്പാലം ബൈപ്പാസിന് സമീപം കരുണ സ്‌കൂളിനടുത്താണ് സെന്റ് സേവിയേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിടം നിര്‍മ്മിക്കുന്നത് തണ്ണീര്‍ത്തടം നികത്തിയാണെന്ന് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയില്‍ വിജിലന്‍സ് ത്വരിതാന്വേഷണം ആരംഭിച്ചു പ്രാഥമിക അന്വേഷണത്തില്‍ നികത്തിയതായി പറയുന്ന ഇരുപത് ഏക്കര്‍ സ്ഥലത്തിന്റെ പല ഭാഗങ്ങളം തണ്ണീര്‍ത്തടമാണെന്ന് കണ്ടെത്തിയതായി വിജിലന്‍സ് സംഘം പറഞ്ഞു. 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായാണ് ഇവിടെ തണ്ണീര്‍ത്തടം നികത്തിയിരിക്കുന്നത്. തണ്ണീര്‍ത്തടം നികത്തി കെട്ടിട നിര്‍മ്മാണത്തിന് പുറമെ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടും ഉണ്ടാക്കിയിട്ടുണ്ട്. വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം സ്ഥലം നിലത്തില്‍പ്പെടുന്നതാണ്. കൂടാതെ കെട്ടിടത്തിന്റെ മൂന്നു ഭാഗവും നികത്താന്‍ പറ്റാത്ത വിധം തണ്ണീര്‍ത്തടമാണ്. 2013 ല്‍ ബിഷപ്‌സ് ഹൗസ് നല്‍കിയ അപേക്ഷ പരിഗണിച്ചു 2014 ലാണ് കെട്ടിടം നിര്‍മ്മിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ അനുമതി നല്‍കിയത്. നിര്‍മ്മാ ണം നടക്കുന്ന കെട്ടിടത്തോടു ചേര്‍ന്ന് അമ്പത് സെന്റോളം ഭൂമി നാല് വര്‍ഷം മുമ്പ് തരം മാറ്റുകയും ചെയ്തിട്ടുണ്ട്. അനധികൃത തരം മാറ്റല്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ ഭൂമിക്ക് മുമ്പില്‍ പടുകൂറ്റന്‍ പരസ്യ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. സെന്റ് സേവിയേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പേരിലാണ് പരസ്യബോര്‍ഡ്. കോളജ് കെട്ടിടത്തിന്റെ വിപുലീകരണത്തോടെ കൂടുതല്‍ തണ്ണീര്‍ത്തടം നികത്താനുള്ള സാധ്യതയുണ്ടെന്ന് കച്ചേരി വില്ലേജ് ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയറ കൃഷിഭവന്റെ വിവരാവകാശ രേഖകളിലും ഇരുപത് ഏക്കര്‍ സ്ഥലം നികത്താന്‍ പാടില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍ നിയമ വിരുദ്ധമായി തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും കോര്‍പ്പറേഷനില്‍ നിന്ന് അനുമതി ലഭിച്ചതുകൊണ്ട് മാത്രമാണ് കെട്ടിട നര്‍മ്മാണം നടത്തുന്നതെന്നും സെന്റ്‌സേവിയേഴ്‌സ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.