മോഷണക്കേസിലെ പ്രതിയായ സിപിഐ നേതാവിനെതിരെ പിതാവ്

Wednesday 26 April 2017 10:27 pm IST

കോട്ടയം: സിപിഐ കിടങ്ങൂര്‍ ലോക്കല്‍കമ്മറ്റി അംഗം അശോക് കുമാര്‍ പ്രതിയായ മോഷണക്കേസില്‍ പോലീസ് നടപടി വൈകിക്കുന്നതായി പ്രതിയുടെ പിതാവിന്റെ ആരോപണം. ഈ കേസ്സില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. വിമുക്തഭടനായ കിടങ്ങൂര്‍ പുതുമന ഗോവിന്ദന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ചത്. കഴിഞ്ഞ 8ന് ഗോവിന്ദന്‍നായരുടെ കൈവശമുള്ള കടമുറി കുത്തിത്തുറന്ന് രേഖകളും 15,000 രൂപയും ടെലിവിഷനും മോഷ്ടിച്ച കേസ്സിലാണ് പോലീസ് അലംഭാവം കാട്ടുന്നത്. സംഭവത്തില്‍ അശോക് കുമാറിനെയും മൂന്ന് കൂട്ടാളികളെയും പ്രതിയാക്കി ഭവനഭേദനത്തിനും മോഷണത്തിനും കിടങ്ങൂര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ മകനായ പ്രതിയുടെ രാഷ്ട്രീയ സ്വാധീനത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. ഒരു മകനും മകളും ഉണ്ടെങ്കിലും എഴുപത്തൊമ്പതുകാരനായ ഗോവിന്ദന്‍നായരും ഭാര്യ സരോജിനിയും തനിച്ചാണ് കിടങ്ങൂരില്‍ താമസം. വിമുക്തഭടനുള്ള പെന്‍ഷനും മകളുടെ സഹായത്തിലുമാണ് കഴിയുന്നത്. ചെറിയ മുറുക്കാന്‍കട നേരത്തെ നടത്തിയിരുന്നെങ്കിലും അസുഖംമൂലം കടപൂട്ടി. സ്വന്തം പേരിലുണ്ടായിരുന്ന വീടും കടമുറികളും ധനനിശ്ചയ ആധാരപ്രകാരം മകന് നല്‍കിയിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ജീവിതാവസാനം വരെ താമസിക്കുന്നതിനും മുറിവാടക തുടങ്ങിയ ആദായങ്ങള്‍ വാങ്ങിയെടുക്കാനുമുള്ള അവകാശം ഇവര്‍ നിലനിര്‍ത്തിയിരുന്നു. മകന് കട നടത്താന്‍ ഒരു മുറി വിട്ടുകൊടുത്തിരുന്നു. മകന്‍ വസ്തു പണയെപ്പെടുത്തി എടുത്ത വായ്പ കുടിശിക ആയതോടെ ബാങ്ക് നടപടിയിലാണ്. നിലവിലുള്ള ഒരു മുറിയുടെ വാടക വാങ്ങാനോ ആദായം എടുക്കുന്നതിനോ മകന്‍ അനുവദിക്കുന്നില്ലെന്നാണ് പിതാവിന്റെ പരാതി. പോലീസിനും മറ്റ് അധികാരികള്‍ക്കും നിരവധി തവണ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയപരമായ സ്വാധീനം ഉപയോഗിച്ച് എല്ലാ പരാതികളും ഒതുക്കി തീര്‍ക്കുകയാണെന്ന് ഗോവിന്ദന്‍ നായര്‍ പറയുന്നു. (ഇന്നലെ ഈ വാര്‍ത്തയില്‍ സിപിഎം എന്ന് ചേര്‍ക്കപ്പെട്ടത് ശരിയല്ല സിപിഐ ആണ്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.