ഇടുക്കി: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച ചിന്നക്കനാല്‍ വെള്ളൂക്കുന്നേല്‍ ടോമി സഖറിയയ്ക്കും ഭാര്യ ലിസയ്ക്കും കയ്യേറ്റ ഭൂമി കൂടാതെ ഭൂപരിഷ്ക്കരണ നിയമം ലംഘിച്ചും ഭൂമിയുണ്ടെന്ന് റവന്യൂ രേഖ. ഭൂസംരക്ഷണ നിയമ പ്രകാരം ഒരു കുടുംബത്തിന് 15 ഏക്കര്‍ ഭൂമിയില്‍ കൂടുതല്‍ വാങ്ങാനാവില്ല. ടോമിയുടെയും ലിസയുടെയും പേരില്‍ 21 ഏക്കര്‍ ഭൂമിയുണ്ടെന്ന് ചിന്നക്കനാല്‍ വില്ലേജില്‍ രേഖയുണ്ട്.
ഉദ്യോഗസ്ഥര്‍ ഇവരുടെ പേരിലുള്ള ഭൂമിയുടെ അളവ് പരിശോധിക്കാതെയാണ് ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചത് എന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു. ഒമ്പത് സര്‍വ്വേ നമ്പരുകളിലായാണ് ഭൂമി. 3903 തണ്ടപ്പേരില്‍ 386/1, 409ല്‍ 435/1-378/1, 505ല്‍ 389/1 556/1, 3235ല്‍ 34/1, 589ല്‍ 554, 3636ല്‍ 34/1, 4666ല്‍ 34/1 എന്നീ സര്‍വ്വേ നമ്പരിലാണ് ടോമിയുടെ ഭൂമി. 3711 തണ്ടപ്പേരില്‍ 449, 450,176/1, 3226ല്‍ 34/1 എന്നിങ്ങനെയാണ് ലിസയുടെ പേരിലുള്ള ഭൂമി.
ഈ ഭൂമി കൂടാതെ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കുരിശ് സ്ഥാപിച്ചത്. കയ്യേറിയ ഭൂമിയെ സംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
വെള്ളൂക്കുന്നേല്‍ കുടുബത്തില്‍പ്പെട്ട 13 പേരോടും ഇന്ന് ഉടുമ്പന്‍ചോല താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗം വില്ലേജില്‍ നിന്ന് രേഖകള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: