യുപി ട്രെയിനപകടം: മരണം 68 ആയി

Monday 11 July 2011 10:54 pm IST

ഫത്തേപ്പൂര്‍: ദല്‍ഹി-കൊല്‍ക്കത്ത മെയില്‍ ഉത്തര്‍പ്രദേശില്‍ പാളം തെറ്റിയതിനെത്തുടര്‍ന്നുണ്ടായ മരണസംഖ്യ 68 ആയി ഉയര്‍ന്നു. ഇന്ന്‌ കണ്ടെടുത്ത 30 ജഡങ്ങളില്‍ രണ്ട്‌ സ്വീഡന്‍കാരുമുണ്ടായിരുന്നു. 259 പേര്‍ക്കാണ്‌ പരിക്കേറ്റതെന്ന്‌ ഫത്തേപ്പൂര്‍ പോലീസ്‌ സൂപ്രണ്ട്‌ രാം ബറോസ്‌ അറിയിച്ചു.
മരിച്ച ഒരു സ്വീഡന്‍കാരന്റെ പേര്‌ വിക്ക്‌ എന്നാണെന്ന്‌ സഹയാത്രികന്‍ വെളിപ്പെടുത്തി. മറ്റൊരു സ്വീഡന്‍കാരനെക്കുറിച്ച്‌ ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. തകര്‍ന്ന എസി ബോഗിയില്‍നിന്നും മറ്റ്‌ ബോഗികളിലേക്ക്‌ യാത്രക്കാര്‍ക്കായുള്ള തെരച്ചില്‍ കഴിഞ്ഞദിവസം രാത്രിയും തുടരുകയായിരുന്നു. ദുരന്തത്തില്‍നിന്ന്‌ രക്ഷപ്പെട്ട 167 യാത്രക്കാരുമായി ഒരു പ്രത്യേക തീവണ്ടി കഴിഞ്ഞദിവസം ദല്‍ഹിയിലെത്തി. ഇക്കൊല്ലമുണ്ടായ ഏറ്റവും വലിയ ട്രെയിനപകടത്തിന്റെ കാരണം 48 മണിക്കൂര്‍ കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. അടുത്തദിവസം ഹൗറ-ദല്‍ഹി റെയില്‍പ്പാത പുനഃസ്ഥാപിക്കുമെന്ന്‌ റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ വിനയ്‌ മിത്തല്‍ അറിയിച്ചു.
പാളത്തിന്‌ തകരാറൊന്നുമില്ലെന്നും ട്രെയിന്‍ 927/23 എന്ന പോസ്റ്റിനടുത്തെത്തിയപ്പോള്‍ എഞ്ചിന്‍ ആടിയുലഞ്ഞ്‌ പുകയുയര്‍ന്നതായി കാബിന്‍മാന്‍ പറഞ്ഞതായും അദ്ദേഹം അറിയിച്ചു. സിഗ്നലുകള്‍ ശരിയായി പ്രവര്‍ത്തിക്കുകയും റെയില്‍പ്പാളത്തിലെ ഫിഷ്പ്ലേറ്റുകള്‍ തകരാറൊന്നുമില്ലാതെ കാണപ്പെടുകയും ചെയ്തു. ഇതിനിടെ ആസാമില്‍ നടന്ന മറ്റൊരു ട്രെയിന്‍ അപകട സ്ഥലത്തേക്ക്‌ പുറപ്പെടാന്‍ റെയില്‍വേ സഹമന്ത്രി മുകുള്‍ റോയിയോട്‌ പ്രധാനമന്ത്രി നിര്‍ദേശിച്ചു.