ചേര്‍ത്തല: യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. മാമ്പറമ്പ് പാലത്തിന്റെ നിര്‍മ്മാണം തുടങ്ങി. കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം വാര്‍ഡിലെ കുരിശിങ്കല്‍ തോടിന് കുറുകെയുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അര്‍ത്തുങ്കല്‍, തങ്കിപ്പള്ളി, അന്ധകാരനഴി എന്നീ മേഖലകളിലേക്കുള്ള സഞ്ചാരം സുഗമമാകും.
ലോകബാങ്കിന്റെ സഹായത്തോടെ നിര്‍മിക്കുന്ന പാലത്തിന് നാലുലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് അനുവദിച്ചിട്ടുള്ളത്. അഞ്ചരമീറ്റര്‍ വീതിയിലും മൂന്നര മീറ്റര്‍ നീളത്തിലുമാണ് പാലം പണിയുന്നത്.
സമീപത്തെ പാപ്പുപറമ്പ് പാലം മാസങ്ങള്‍ക്കുമുന്‍പ് പൂര്‍ത്തീകരിച്ചിരുന്നു. മാമ്പറമ്പ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ കാലങ്ങളായി അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരമാകും.
ഇതോടൊപ്പം മൂന്നാം വാര്‍ഡിലെ പുന്നയ്ക്കല്‍ തോടിന് കുറുകെയുള്ള പാലം കൂടി യാഥാര്‍ഥ്യമാകുന്നതോടെ ദേശീയ, തീരദേശ പാതകളുടെ മധ്യത്തിലുള്ള പ്രധാന യാത്രാമാര്‍ഗമായി റോഡ് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: