'രണ്ടാമൂഴത്തിലെ ഭീമന്‍' മഹാഭാരതത്തിലില്ല

Thursday 27 April 2017 8:45 pm IST

മലയാള നോവല്‍ സാഹിത്യത്തിലെ സുവര്‍ണ്ണദളമാണ് എം.ടി. വാസുദേവന്‍നായരുടെ വിഖ്യാതകൃതി 'രണ്ടാമൂഴം.' ആ നോവല്‍ സൃഷ്ടിച്ച ഭാവുകത്വവും വായനാനുഭവവും അത്രയ്ക്ക് വിലപ്പെട്ടതാണ്. 34 വര്‍ഷം മുന്‍പ് 'കലാകൗമുദി' വാരികയിലൂടെ മലയാളവായനക്കാരനു മുന്നിലേക്ക് എംടി തങ്കത്തളികയില്‍ സമര്‍പ്പിച്ച മഹത്തായ കൃതി. വാരികയില്‍ പ്രസിദ്ധീകരിച്ചപ്പോഴും അതിനുശേഷം, പുസ്തകമായപ്പോഴും ആയിരക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ചു. പുസ്തകങ്ങളും വായനയും കൂടുതല്‍ സജീവമായിരുന്ന എണ്‍പതുകളില്‍ 'രണ്ടാമൂഴ'ത്തിന് ഉന്നതങ്ങളില്‍ സ്ഥാനം നേടാനായി. മൂന്നരപതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ സ്ഥാനത്തിനു കോട്ടം സംഭവിക്കുന്നില്ല. ആഖ്യാനത്തിലും ഭാവനയിലും അത്രയ്ക്ക് മനോഹരമാണ് 'രണ്ടാമൂഴ'ത്തിലെ എംടി ശൈലി. 1984 ഡിസംബറിലാണ് 'രണ്ടാമൂഴം' പുസ്തകമായി ആദ്യം പുറത്തുവരുന്നത്. രണ്ടു മാസങ്ങള്‍ക്കുശേഷം 1985 ഫെബ്രുവരിയില്‍ രണ്ടാമത്തെ പതിപ്പിറക്കേണ്ടി വന്നു. വീണ്ടും രണ്ടുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം പതിപ്പും. തുടര്‍ന്ന് 2016 ആഗസ്റ്റ് വരെ 48 പതിപ്പുകളാണ് ഈ പുസ്തകത്തിനുണ്ടായത്. കഴിഞ്ഞ 34 വര്‍ഷമായി മലയാള നോവലിലെ 'ബെസ്റ്റ്‌സെല്ലര്‍' ആയി 'രണ്ടാമൂഴം' നിലനില്‍ക്കുന്നു. വായിച്ചവരെ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുകയും, പുതിയ വായനക്കാരെ അദ്ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വ്യാസമഹാഭാരതത്തില്‍ നിന്ന് പാണ്ഡവരില്‍ കരുത്തനായ ഭീമസേനനെ മാത്രം അടര്‍ത്തിയെടുത്ത്, ഭീമന്റെതായ ഒരു ലോകം സൃഷ്ടിക്കുകയാണ് 'രണ്ടാമൂഴത്തി'ല്‍ എംടി ചെയ്തത്. വേണ്ടുവോളം കരുത്തുണ്ടായിരുന്നിട്ടും എല്ലാ കാര്യത്തിലും രണ്ടാമൂഴക്കാരനായിരുന്നു ഭീമന്‍. എന്നും രണ്ടാമനായിപ്പോകേണ്ടിവരുന്ന ഭീമന്റെ വ്യഥകളാണ് എംടി അവതരിപ്പിച്ചത്. ഭീമസേനന്റെ മനസ്സിനുള്ളില്‍ കയറിയിരുന്നൊരു നോട്ടം എന്നുവേണമെങ്കില്‍ പറയാം. അതത്രയും അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞതുമാത്രമായിരുന്നു. എഴുത്തുകാരനെന്ന നിലയില്‍ അദ്ദേഹത്തിന് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിഹാസ കൃതികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടോ, അതല്ലെങ്കില്‍ ഒരേട് അടര്‍ത്തിമാറ്റിയോ എംടി വേറെയും രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. 'വൈശാലി' എന്ന സിനിമാക്കഥ നമ്മള്‍ അങ്ങനെ അറിഞ്ഞതാണ്. യഥാര്‍ത്ഥ വൈശാലിയുടെ കഥയില്‍ ചതിയില്ല. വടക്കന്‍പാട്ടിലെ പ്രശസ്തമായ കഥ എംടിയുടെ തൂലികയിലൂടെ വന്നപ്പോള്‍ ചന്തു ചതിയനല്ലാതായി. അതുവരെ കരുത്തിന്റെയും ധീരതയുടെയും ഉദാഹരണമായി നാമറിഞ്ഞിരുന്ന ആരോമല്‍ ദുര്‍ബലതയുടെ ആള്‍രൂപമായി. പാടിയും പറഞ്ഞുംകേട്ട കഥ എംടി വഴിതിരിച്ചുവിട്ടു. മഹാഭാരതത്തെ കേന്ദ്രമായി സ്വീകരിച്ച് നിരവധി കൃതികള്‍ ഉണ്ടായിട്ടുണ്ട്. കെ.എം.മുന്‍ഷിയും വി.എസ്.ഖാണ്‌ഡേക്കറും ശിവാജി സാവന്തുമൊക്കെ അത്തരം വിലപ്പെട്ട സംഭാവനകള്‍ വായനക്കാര്‍ക്ക് നല്‍കിയവരാണ്. പി.കെ. ബാലകൃഷ്ണന്റെ 'ഇനി ഞാനുറങ്ങട്ടെ' മഹാഭാരതത്തെ അടിസ്ഥാനമായി സ്വീകരിച്ച് മലയാളത്തിലുണ്ടായിട്ടുള്ള മഹത്തായ കൃതിയാണ്. ഏറ്റവും ഒടുവില്‍ ആനന്ദ് നീലകണ്ഠന്റെ 'ദുര്യോധനന്‍, കുരുവംശത്തിന്റെ ഇതിഹാസം' എന്ന നോവല്‍ വരെ നമുക്കു മുന്നിലുണ്ട്. ഈ രചനകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് 'രണ്ടാമൂഴത്തി'ല്‍ എംടി സ്വീകരിച്ചിരിക്കുന്ന ശൈലി. ഭീമസേനന്റെ ജീവിതത്തെ വരികള്‍ക്കിടയിലൂടെ നോക്കിക്കാണുകയാണദ്ദേഹം. കമ്പരാമായണത്തെ അധികരിച്ച് വയലാര്‍ രാമവര്‍മ്മ എഴുതിയ 'രാവണപുത്രി' കാവ്യാസ്വാദകര്‍ സ്വീകരിച്ച രചനയാണ്. അതില്‍ സീത രാവണന്റെ പുത്രിയാകുന്നു. നാമറിയുകയും ആരാധിക്കുകയും ചെയ്യുന്ന രാമായണത്തിന്റെ 'വയലാര്‍ ഭാഷ്യ'മായിരുന്നു അത്. ഒഎന്‍വിയുടെ 'ഉജ്ജയിനി' എന്ന മഹാകാവ്യം കാളിദാസനെ ഒഎന്‍വിയുടെ കണ്ണിലൂടെ നോക്കിക്കാണുകയായിരുന്നു. അതുവരെ അറിഞ്ഞതില്‍നിന്ന് വ്യത്യസ്തനായ കാളിദാസന്‍. എല്ലാക്കാലത്തും എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്ന കൃതിയായി മഹാഭാരതമുണ്ട്. അറിവിന്റെയും ആശയങ്ങളുടെയും അക്ഷയഖനിയാണത്. അതില്‍നിന്ന് ആവശ്യമുള്ളത് സ്വീകരിക്കാനും പ്രയോജനപ്പെടുത്താനും ആര്‍ക്കും അവകാശമുണ്ട്. ആ അവകാശത്തില്‍ നിന്നാണ് 'രണ്ടാമൂഴവും' രൂപപ്പെടുന്നത്. നാമറിയുന്ന ഭീമസേനനെ നമുക്കുമുന്നില്‍ മാറ്റിമറിക്കുകയാണ് എംടി ചെയ്തത്. ഭീമന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമോ?, ധര്‍മ്മപുത്രരെയും ദ്രൗപതിയെയും കുന്തിയെയും കുറിച്ചെല്ലാം ഭീമന്റെ ചിന്തകള്‍ ഇത്തരത്തിലായിരുന്നിരിക്കുമോ? ഇതെല്ലാം 'രണ്ടാമൂഴം'വായിച്ചിട്ടുള്ളവരുടെ മനസ്സില്‍ രൂപപ്പെടുന്ന സംശയങ്ങളാണ്. മഹാഭാരതത്തിലെ ഭീമനെയല്ല 'രണ്ടാമൂഴത്തി'ലെ ഭീമനിലൂടെ നാം മനസ്സിലാക്കേണ്ടത്. ഇവിടെ പൂര്‍ണ്ണമായും എംടിയുടെ കഥാപാത്രം മാത്രമാകുകയാണ് ഭീമസേനന്‍. മഹാഭാരതത്തിലെ ഭീമസേനന്‍ പല സന്ദര്‍ഭത്തിലും സ്വീകരിക്കുന്ന മൗനത്തിന് അര്‍ത്ഥം നല്‍കുകയാണ് എംടി ചെയ്തിട്ടുള്ളത്. വ്യാസന്റെ തൂലിക ധര്‍മ്മക്ലേശത്താല്‍ വിറകൊണ്ട ചില സന്ദര്‍ഭങ്ങളില്‍, വ്യാസന്‍ നിറുത്തിയിടത്തു നിന്നാണ് എംടി തുടങ്ങുന്നതെന്നും വ്യാസന്‍ എഴുതാതെവിട്ട ഭാഗങ്ങളാണ് എംടി പൂരിപ്പിക്കുന്നതെന്നും പറയുന്നവരുണ്ട്. വ്യാസനുംമേല്‍ എംടിയെ പ്രതിഷ്ഠിക്കുന്നവര്‍ അതിരുവിട്ട എംടി ഭക്തി പ്രകടിപ്പിക്കുകയോ അതല്ലെങ്കില്‍ മഹാഭാരതമെന്ന മഹത്തായ കൃതിയെ ഇകഴ്ത്തുകയോ ആണ് ചെയ്യുന്നത്. 'രണ്ടാമൂഴം' ഒരിക്കലും മഹാഭാരതമല്ലെന്ന തിരിച്ചറിവാണവര്‍ക്കുണ്ടാകേണ്ടത്. മഹാഭാരതത്തിന്റെ ഒരു കോണില്‍നിന്ന് ഒരാളെ മാത്രം മാറ്റിനിര്‍ത്തി അയാളിലേക്ക് സങ്കടവും അസൂയയും ആഹ്ലാദവും കാമവും ചപലതയുമെല്ലാം തിരുകിക്കയറ്റി അവതരിപ്പിക്കുക. ഭാവനാസമ്പന്നനായ എഴുത്തുകാരന്‍ അതുചെയ്യുമ്പോള്‍ മഹത്തായ സാഹിത്യം സൃഷ്ടിക്കപ്പെടുന്നു. 'രണ്ടാമൂഴത്തി'ലെ ഭീമനെ മഹത്വവത്കരിക്കാനുള്ള വെമ്പലില്‍ മഹാഭാരതത്തിലെ ധര്‍മ്മപുത്രര്‍ ചതിയനും അസൂയക്കാരനും സ്ത്രീലമ്പടനുമാകുന്നുണ്ട് എംടിയുടെ ഭാവനയില്‍. ഇല്ലാത്ത ജ്യേഷ്ഠാനുജന്‍ തര്‍ക്കം ഇവിടെ സ്ഥാപിക്കപ്പെടുന്നു; എംടിയുടെ മറ്റ് കൃതികളിലെ തകര്‍ന്ന നായര്‍ തറവാട്ടിലെ കലഹം പോലെ. വ്യാസന്റെ കൃതിയിലെ ആദര്‍ശധീരരും ധര്‍മ്മിഷ്ടരും ധൈര്യശാലികളുമെല്ലാമായ കഥാപാത്രങ്ങള്‍ 'രണ്ടാമൂഴത്തി'ല്‍ മോശക്കാരാകുന്നു. കഴിവില്ലാത്തവരാകുന്നു. ഭീമനെ ആരേക്കാളും മഹത്വവത്കരിക്കാനുള്ള തത്രപ്പാടാണ് നോവലിലുടനീളം എംടി ചെയ്യുന്നത്. അതിന്റെ വഴിയില്‍ കൂടുതല്‍ പരിക്കേല്‍ക്കുന്നത് ധര്‍മ്മപുത്രര്‍ക്കും. വികലമായ ചിത്രീകരണവും പരിഹാസവും കലര്‍ത്തി ധര്‍മ്മപുത്രരെ കോമാളിയാക്കി. 'രണ്ടാമൂഴം' വായിച്ചകാലം മുതല്‍ മനസ്സില്‍ തോന്നിയതാണ് അത് സിനിമയായിരുന്നെങ്കില്‍ എന്ന്. ഓരോ മലയാളിയും അതാഗ്രഹിച്ചിട്ടുണ്ട്. അത്രയ്ക്ക് ദൃശ്യവത്കരിച്ച രചനയാണ് എംടിയുടേത്. വായനക്കാരന്റെ മനസ്സിലേക്ക് ദൃശ്യങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. 'രണ്ടാമൂഴം' സിനിമയായാല്‍ ഭീമന്‍ മോഹന്‍ലാലെന്നും വായനക്കാര്‍ ഉറപ്പിച്ചു. മലയാളത്തിന്റെ ആഗ്രഹമായിരുന്നു 'രണ്ടാമൂഴത്തി'ന്റെ വെള്ളിത്തിര പ്രവേശം. ഇപ്പോള്‍ അത് സാധ്യമാകാനുള്ള സാധ്യത തെളിയുന്നു. ആയിരം കോടി ചെലവിട്ട് രണ്ടുഭാഗങ്ങളിലായി 'രണ്ടാമൂഴം' സിനിമയാകുന്നു. മോഹന്‍ലാല്‍ തന്നെ ഭീമനായി എത്തും, എംടിയുടെ തിരക്കഥയില്‍. ഭീമന്റെ മനോവ്യാപാരങ്ങളില്‍ ഭാവനനിറച്ച് കഥയുണ്ടാക്കി അവതരിപ്പിക്കാനുള്ള അവകാശം എഴുത്തുകാരനുണ്ട്. അത് വായനക്കാരന്‍ ആസ്വദിക്കുകയും ചെയ്തു. എന്നാല്‍ ആ കഥയ്‌ക്കോ സിനിമയ്‌ക്കോ മഹാഭാരതമെന്ന പേരിട്ടുവിളിക്കുമ്പോള്‍ അത് മഹാഭാരതത്തെ തന്നെ അധിക്ഷേപിക്കലാകും. എംടി സൃഷ്ടിച്ച ഭീമനാണ് 'രണ്ടാമൂഴത്തി'ലുള്ളത്. വ്യാസമഹാഭാരതത്തിലെ ഭീമന് അതുമായി ചേര്‍ച്ചയില്ല. വ്യാസന്റെ ധര്‍മ്മപുത്രരും എംടിയുടേതിന് സമനല്ല. സിനിമ സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന കലാരൂപമാണ്. വായിച്ചുവളരാത്ത പുതിയ തലമുറ കണ്ടുവളരുകയാണ്. രണ്ടാമൂഴം, മഹാഭാരതമെന്ന പേരില്‍ സിനിമയായാല്‍ ഇതാണ് മഹാഭാരതമെന്ന് അവര്‍ തെറ്റിധരിക്കാന്‍ ഇടവരികതന്നെ ചെയ്യും. ''വ്യാസഭാരതത്തില്‍ എല്ലാമുണ്ടെന്ന പഴമൊഴി വെറും വാക്കല്ല. ചരിത്രവും ഭൂമിശാസ്ത്രവും സസ്യശാസ്ത്രവും ജന്തുശാസ്ത്രവുമെല്ലാമുണ്ടതില്‍. കാറ്റിന്റെ ഗതിവിഗതികളെ അറിയണോ, അതാ ഒരധ്യായം. ശരീരശാസ്ത്രവും രോഗലക്ഷണവും അറിയണോ, അതിലുണ്ട്. അതിമഹത്തായ ഒരപൂര്‍വ്വകൃതി. അതിതീക്ഷണമായ മനുഷ്യകഥ. അതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രീക്കുകാരുടെ 'ഇലിയഡ്' നിഷ്പ്രഭമാകും. പേഴ്‌സ്യാക്കാരുടെ 'ഷാനാമ' അഗണ്യമേഖലയിലേക്ക് മാറും...''എംടി തന്നെ മഹാഭാരതത്തെക്കുറിച്ച് പറഞ്ഞുവയ്ക്കുന്നതിതാണ്. മഹാഭാരതകൃതിയുടെ പ്രസക്തി ഓരോ കാലത്തും കൂടിക്കൂടി വരികയാണ്. അതിനെ മറികടക്കുന്ന ഒരുകൃതിയും ഉണ്ടായിട്ടില്ല. മഹാഭാരതമെന്ന പേരില്‍ എല്ലാമടങ്ങിയിട്ടുണ്ട്. അതിന്റെ അവകാശം വ്യാസനോ, അല്ലെങ്കില്‍ ഒന്നില്‍കൂടുതലുണ്ടെന്ന് പറയപ്പെടുന്ന വ്യാസന്മാര്‍ക്കോ മാത്രം ഉള്ളതാണ്. രണ്ടാമൂഴം സിനിമയാകുമ്പോള്‍ നല്‍കാവുന്ന പേര് രണ്ടാമൂഴമെന്നു മാത്രമാണ്. രണ്ടാമൂഴത്തിലെ ഭീമന്‍ മഹാഭാരതത്തിലില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.