മേച്ചാല്‍-പൂഞ്ചിറ റോഡ് നിര്‍മ്മാണത്തില്‍ അഴിമതി

Thursday 27 April 2017 8:52 pm IST

തൊടുപുഴ: നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്തുന്ന മേച്ചാല്‍-ഇലവീഴാപൂഞ്ചിറ റോഡ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആരോപണം. മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മാണം നടത്തുന്ന റോഡിന്റെ ആദ്യഘട്ട ടാറിങ് മുതല്‍ വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്. കലുങ്ക് നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ ആക്ഷേപമുണ്ട്. ചക്കിക്കാവ് കുരിശുമല ഭാഗത്തു നിന്നുമെത്തുന്ന മഴവെള്ളം ഒഴുകി പോകുവാനുള്ള ഓട പോലും നിര്‍മ്മിക്കാതെയാണ് റോഡിന്റെ ടാറിങ് ജോലികള്‍ ആരംഭിച്ചത്. 8 മീറ്റര്‍ വീതി വേണ്ട റോഡിന് പലയിടത്തും ആറ് മീറ്റര്‍ വീതി പോലുമില്ല. ആവശ്യത്തിന് ഓട നിര്‍മ്മിക്കാത്തതിനാല്‍ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇത് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും. ടാറിങ് ജോലികളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ടാറിങ് കഴിഞ്ഞ ദിവസം തടസപ്പെടുത്തിയിരുന്നു. മൂന്നിലവില്‍ നിന്നും മേച്ചാല്‍ എത്തി അവിടെ നിന്നും ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡാണിത്. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. ഈ കമ്പനിയില്‍ നിന്നും സബ് കരാര്‍ എടുത്ത കരാറുകാരനാണ് മേച്ചാല്‍  പൂഞ്ചിറ റോഡിന്റെ നിര്‍മ്മാണം നടത്തുന്നത്. മഴക്കാലമാരംഭിച്ചാല്‍ വന്‍തോതില്‍ കുത്തൊഴുക്കുള്ള പ്രദേശമാണിത്. ഇവിടെയാണ് ഓട നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാതെ റോഡിന്റെ ടാറിങ് ജോലികള്‍ ആരംഭിച്ചത്.  റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.