സിപിഎം കയര്‍ സഹകരണ സംഘത്തില്‍ ഭിന്നത

Thursday 27 April 2017 9:22 pm IST

മണ്ണഞ്ചേരി: കയര്‍ സഹകരണ സംഘത്തിന്റെ ഗോഡൗണില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പനശാലയ്ക്ക് അനുവദിച്ചതിന്റെ പേരില്‍ ഭിന്നത. സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തായത്തായി അറിയപ്പെടുന്ന മാരാരിക്കുളത്തെ സര്‍വ്വോദയപുരത്താണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മദ്യശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന് സമീപം റേഷന്‍കടയും ഹോമിയോ ആശുപത്രിയുമുള്ളതാണ് എതിര്‍പ്പുയരാന്‍ പ്രധാനകാരണം. മദ്യശാലയുടെ പ്രവര്‍ത്തനം മുന്‍കൂട്ടിയറിഞ്ഞ പ്രദേശത്തെ സ്ത്രീകള്‍ പ്രതിഷേധവുമായെത്തിയെങ്കിലും ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. വീണ്ടും പ്രതിഷേധമുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കനത്ത പോലീസ് കാവലിലാണ് മദ്യശാലയുടെ പ്രവര്‍ത്തനം. ഇതേ പഞ്ചായത്തില്‍ തന്നെ വളവനാട് പ്രദേശത്ത് മൂന്നാഴ്ചയ്ക്കുമുമ്പ് ബിവറേജസിന്റെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബുധനാഴ്ച തുറന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലയ്ക്ക് ഇതുമായി ഒരു കിലോ മീറ്റര്‍ മാത്രമാണ് അകലം. ജില്ലയില്‍ മദ്യവില്‍പ്പന ശാലയ്‌ക്കെതിരായ സ്ത്രീകളുടെ കൂട്ടായ്മകള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ സ്ത്രീ സൗഹൃദ ഗ്രാമത്തിലേക്ക് രണ്ടാമത്തെ ഷോപ്പും തുടങ്ങാന്‍ പഞ്ചായത്ത് അധികൃതര്‍ പച്ചക്കൊടി കാട്ടിയത് ആശങ്കയുയര്‍ത്തുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കയര്‍ സഹകരണസംഘം തന്നെ മദ്യശാലയ്ക്കായി തെരഞ്ഞടുത്തത് വിവാദമാകുകയാണ്. സംഘത്തിന്റെ ഡയറക്ട് ബോര്‍ഡില്‍ എതിര്‍പ്പുകള്‍ രൂപപ്പെട്ടെങ്കിലും സിപിഎം നേതൃത്വം ഇത്തരക്കാരെ നേരില്‍ കണ്ട് അനുനയിപ്പിക്കുകയായിരുന്നു. സംഘം കടക്കെണിയിലാണെന്നും മദ്യശാലയുടെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഒരുലക്ഷത്തിനടുത്ത് രൂപ വാടകയിനത്തില്‍ കയര്‍സംഘത്തിന് ലഭിക്കുമെന്നും ഇതിലെ സഹകാരികളോട് നേതൃത്വം പറഞ്ഞതോടെയാണ് എതിര്‍പ്പിന് അയവുവന്നത്. ആലപ്പുഴ നഗരത്തില്‍ കോടതിപ്പാലത്തിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പന ശാലയാണ് സര്‍വോദയപുരത്ത് തുടങ്ങിയത്. എക്‌സൈസിനെതിരെ സിപിഎം ചാരുംമൂട്: രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് ചേര്‍ത്ത കള്ളും സ്പിരിറ്റും പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സിപിഎം നേതാക്കള്‍. വള്ളികുന്നം കണ്ണനാകുഴി കള്ളുഷാപ്പ് നടത്തിപ്പുകാരന്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കലര്‍ത്തിയ 250 ലിറ്റര്‍ കള്ളും കാറില്‍ സൂക്ഷിച്ചിരുന്ന 34 ലിറ്റര്‍ സ്പിരിറ്റും ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍.എസ്. സലിംകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ശനിയാഴ്ച രാത്രി പിടികൂടിയത്. ഷാപ്പ് നടത്തിപ്പുകാരന്‍ വള്ളികുന്നം തൊണുവേലി പടീറ്റതില്‍ പുഷ്പാംഗദ (55)നെ അറസ്റ്റു ചെയ്തു. യഥാര്‍ത്ഥ കള്ള് പിടിച്ചെടുത്ത് വ്യാജകള്ള് എന്ന പേരില്‍ കേസ് എടുക്കുകയാണുണ്ടായതെന്ന് ആരോപിച്ചാണ് ഉദ്യഗസ്ഥര്‍ക്കെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ദേവസ്വം ബോര്‍ഡ് മെമ്പറുമായ കെ. രാഘവന്‍, ജില്ലാ നേതാക്കളായ കെ.ഒ. അബ്ദുള്‍ ഷുക്കൂര്‍, അഡ്വ. ജി. ഹരിശങ്കര്‍, എ. തങ്കച്ചന്‍ എന്നിവര്‍ ഉദ്യോസ്ഥന്മാര്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരിക്കുന്നത്. മാവേലിക്കര താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ കൂടിയാണ് ഇവര്‍. ഇതിനിടെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി ആരോപിച്ച് ഷാപ്പ് നടത്തിപ്പുകാരന്റെ വീട്ടുകാര്യസ്ഥന്‍ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി അരുണാചലം പരാതിയുമായി നൂറനാട് പോലീസ് സ്റ്റേഷനില്‍ എത്തി. കേസ് ദുര്‍ബലപ്പെടുത്തി പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് സിപിഎം നേതാക്കള്‍ നടത്തുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. അരുണാചലത്തിനെ ചോദ്യം ചെയ്യാന്‍ കൂട്ടിക്കൊണ്ടു വരികയും നിരപരാധിയാണെന്ന് ബോധ്യം വന്നതിനെ തുടര്‍ന്ന് വിട്ടയച്ചെന്നും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ കെ.ആര്‍. ബാബു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.