മണിയുടെ തെറ്റ് മുഖ്യമന്ത്രി സമ്മതിക്കണം: കുമ്മനം

Sunday 21 May 2017 1:49 pm IST

മൂന്നാറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ
തമിഴിശൈ സൗന്ദരരാജന്‍ സംസാരിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍,
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജോജന്‍ ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍ സുരേഷ് എന്നിവര്‍ സമീപം

മൂന്നാര്‍: മന്ത്രി എം എം മണി ചെയ്ത തെറ്റ് ജനങ്ങളോട് തുറന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. എം എം മണിയുടെ രാജി തേടി പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണി നാടന്‍ ശൈലിയില്‍ സംസാരിക്കുകയാണ് ചെയ്തതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ നിലപാടിന് വിപരീതമായ സമീപനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്ളത്. പിണറായിയുടെ നിലപാട് തള്ളി മണിയെ ശാസിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. തെറ്റ് ചെയ്തതിനാലാണ് മണിയെ ശാസിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ മണി ചെയ്ത തെറ്റ് പൊതുസമൂഹത്തോട് തുറന്ന് പറയാന്‍ പിണറായിക്ക് ബാധ്യതയുണ്ടെന്നും കുമ്മനം പറഞ്ഞു.

യോഗത്തില്‍ ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴിശൈ സൗന്ദരരാജന്‍ മുഖ്യപ്രഭാഷണം നടത്തി. മൂന്നാറിലെ സഹോദരിമാര്‍ക്ക് അയല്‍ സംസ്ഥാനം എന്ന നിലയില്‍ തമിഴ്‌നാടിന്റെ എല്ലാ പിന്തുണയും ഉണ്ടെന്ന് അവര്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, സംസ്ഥാന കമ്മറ്റിയംഗം വി.എ വേലുക്കുട്ടന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സോജന്‍ ജോസഫ്, ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.