ജലക്ഷാമം ഇവര്‍ക്ക് ചാകരക്കാലം, കുടിവെള്ളമെന്ന പേരില്‍ വില്‍ക്കുന്നത് മലിനജലം

Thursday 27 April 2017 10:42 pm IST

ശിവാകൈലാസ് വിളപ്പില്‍: പാറമടകളില്‍ കെട്ടിനില്‍ക്കുന്ന മലിനജലം, കുളങ്ങളില്‍ ശേഷിക്കുന്ന ചെളിവെള്ളം ഇവയെല്ലാം ടാങ്കറില്‍ നിറച്ച് കുടിവെള്ളമെന്ന പേരില്‍ വിറ്റഴിക്കുന്ന മാഫിയ തലസ്ഥാന ജില്ലയില്‍ സജീവം. ജലക്ഷാമം ഇക്കൂട്ടര്‍ക്ക് ചാകരക്കാലമാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കുടിവെള്ള മാഫിയ നഗരത്തിലും തീരദേശ മേഖലകളിലും നിന്നായി കൊയ്തത് കോടികള്‍. ജില്ലയിലെ പ്രധാന കുടിവെള്ള വിതരണ സംഭരണിയായ അരുവിക്കര പ്ലാന്റില്‍ ടാങ്കറുകള്‍ക്ക് ശുദ്ധീകരിച്ച ജലം വില്‍ക്കുന്നുണ്ട്. ആശുപത്രികള്‍, സ്‌കൂള്‍, കോളേജ് ഹോസ്റ്റലുകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെന്ന വ്യാജേനയാണ് ടാങ്കറുകളില്‍ ഇവിടെനിന്ന് ജലം കടത്തുന്നത്. ആയിരം ലിറ്റര്‍ ശുദ്ധജലത്തിന് 60 രൂപയാണ് അരുവിക്കര വാട്ടര്‍ അതോറിറ്റി ഇവരില്‍ നിന്ന് ഈടാക്കുന്നത്. ദിവസേന ഇരുനൂറോളം ടാങ്കര്‍ ലോറികളാണ് ഇവിടെനിന്ന് കുടിവെള്ളം കൊണ്ടുപോകുന്നത്. അരുവിക്കരയില്‍ നിന്ന് ഇങ്ങനെ കടത്തുന്ന കുടിവെള്ളം നഗരത്തിലെ ഫഌറ്റുകളിലും വന്‍കിട ഹോട്ടലുകളിലും തീരദേശത്തെ ചില റിസോര്‍ട്ടുകളിലും അമിത വിലയ്ക്ക് വിറ്റഴിച്ച് ചുരുങ്ങിയ സമയംകൊണ്ട് കച്ചവട മാഫിയ കൊയ്‌തെടുത്തത് കോടികള്‍. ജലക്ഷാമം രൂക്ഷമായതോടെ നഗരത്തിലടക്കം വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ അരുവിക്കരയിലും വെള്ളക്കച്ചവടത്തിന് നിയന്ത്രണം വന്നിട്ടുണ്ട്. പേപ്പാറ, നെയ്യാര്‍ ജലസംഭരണികള്‍ വറ്റിയതും തെളിനീരൊഴുകുന്ന നദികളില്‍ നിന്ന് വെള്ളമൂറ്റുന്നത് പ്രദേശവാസികള്‍ അനുവദിക്കാത്തതും കച്ചവട സംഘങ്ങള്‍ക്ക് തിരിച്ചടിയായി. അതോടെ ഇക്കൂട്ടരുടെ കണ്ണുകള്‍ പാറമടകളിലും മലിനജലം കെട്ടിക്കിടക്കുന്ന കുളങ്ങളിലേക്കും തിരിഞ്ഞു. സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് പറഞ്ഞ് ഇവിടെ നിന്നും വെള്ളം എടുക്കുന്നു. വെളുപ്പിന് നാല് മണിക്ക് മുന്‍പും രാത്രി ഏറെ വൈകിയുമാണ് വിജനമായ പ്രദേശങ്ങളിലെ പാറക്കുളങ്ങള്‍ തേടി ഇവരുടെ യാത്ര. ഇങ്ങനെ ശേഖരിക്കുന്ന വെള്ളത്തില്‍ ഓരും ചേറും ദുര്‍ഗന്ധവും കൂടുതലായാല്‍ ആലം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ സമം ചേര്‍ത്ത് ഇവര്‍തന്നെ ശുദ്ധീകരണ പ്രക്രിയ നടത്തുന്നു. മലിനജലം നഗരത്തിലെത്തിയാല്‍ ലിറ്ററിന് രണ്ട് രൂപയാണ് വില. പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഒരു ടാങ്ക് വെള്ളം ഒരു സ്ഥാപനത്തിനെന്ന കണക്കിലാണ് വിതരണം. ഒരു ഡീലര്‍ ഒരുദിവസം ചുരുങ്ങിയത് അഞ്ച് പേര്‍ക്കെങ്കിലും ഇത്തരത്തില്‍ കുടിവെള്ളം നല്‍കുന്നു. രാത്രിയിലും നേരം പുലരുന്നതിനു മുന്‍പും വന്‍കിടക്കാര്‍ക്കുള്ള വെള്ളമെത്തിക്കല്‍ കഴിഞ്ഞാല്‍ ചെറിയ വാഹനങ്ങളില്‍ കുടിവെള്ള ക്യാനുകള്‍ നിറച്ച് പകല്‍ വെളിച്ചത്തില്‍ വില്‍പ്പന ആരംഭിക്കും.മലിനജലം പരസ്യമായും രഹസ്യമായും വില്‍ക്കുന്ന മാഫിയകളെ നിയന്ത്രിക്കാന്‍ നിയമപാലകരോ ആരോഗ്യ വകുപ്പോ തയ്യാറാകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.