ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിഐടിയു ആക്രമണം

Thursday 27 April 2017 10:59 pm IST

പേട്ട: പേട്ട മാര്‍ക്കറ്റില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിഐടിയു ആക്രമണം. കേരള ബ്രദേഴ്‌സ് വഴിയോര കച്ചവട മസ്ദൂര്‍ സംഘ് പേട്ട മാര്‍ക്കറ്റ് യൂണിറ്റ് സെക്രട്ടറി നിസാര്‍, മകന്‍ ഗോപി, മരുമകന്‍ മനോജ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇന്നലെ രാവിലെയോടെയാണ് സംഭവം. മാര്‍ക്കറ്റിലെ മത്സ്യവ്യാപാര തൊഴിലാളിയായ നിസാര്‍ മീനുകള്‍ ലേലത്തിനെടുത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് മറിച്ച് വില്‍ക്കുന്നതിനിടയില്‍ സംഘം ചേര്‍ന്നെത്തിയ സിഐടിയുക്കാര്‍ നിസാറിനെ ആക്രമിക്കുകയായിരുന്നു. നിസാറിനെ മര്‍ദ്ദിക്കുന്നതുകണ്ട് ഓടിയെത്തിയ മകനേയും മരുമകനേയും അക്രമികള്‍ മര്‍ദ്ദിച്ചു. ഗുരുതരമായി മര്‍ദ്ദനമേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ക്കറ്റില്‍ ബിഎംഎസിന്റെ കേരള ബ്രദേഴ്‌സ് വഴിയോര കച്ചവട മസ്ദൂര്‍ സംഘ് രൂപീകരിച്ചതു സംബന്ധിച്ചുളള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിഎംഎസ് ആരോപിച്ചു. പുത്തംപാലം സ്വദേശിയായ പത്രം അനൂപ്, ആനയറ കുടവൂര്‍ സ്വദേശി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ കരാര്‍ കാലയളവില്‍ നിസാറാണ് മാര്‍ക്കറ്റ് ലേലം പിടിച്ചിരുന്നത്. ഈ സമയത്താണ് വഴിയോര കച്ചവട സംഘ് രൂപീകരിച്ചതും. എന്നാല്‍ മാര്‍ക്കറ്റ് ലേലം സിഐടിയു തൊഴിലാളി 12.5 ലക്ഷത്തിന് ഈ വര്‍ഷം പിടിച്ചെടുത്ത് കൂടുതല്‍ തുക കച്ചവടക്കാരില്‍ നിന്ന് തറവാടകയായി വാങ്ങാനുളള നീക്കം നടത്തിയിരുന്നു. ഇതിനെതിരെ വഴിയോര കച്ചവട സംഘ് പ്രതിഷേധം ഉന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി പറയുന്നത്. ആക്രമണ സമയത്ത് പേട്ട പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും സിഐടിയുക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത് . അക്രമികളെ പിടികൂടാതെ മര്‍ദ്ദന മേറ്റവരുടെ പേരിലും കേസെടുക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ബിഎംഎസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വഴിയോര കച്ചവട മസ്ദൂര്‍ സംഘ് സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജെറി ജോണ്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് .ആര്‍. തമ്പി , ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് കെ.രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.