നെയ്യാര്‍ ജലം നഗരത്തിലേക്ക്; പരീക്ഷണ പമ്പിംഗ് ആരംഭിച്ചു

Thursday 27 April 2017 11:02 pm IST

കാട്ടാക്കട: നെയ്യാറില്‍ നിന്നും നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന്റെ ആദ്യപടിയായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പമ്പിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ നടന്നു. ഇന്നലെ വൈകുന്നേരം ആറിന് വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പമ്പിംഗ് നടത്തിയത്. പമ്പിംഗ് നടത്തിയ ജലം കുമ്പിള്‍മൂട് തോട്ടില്‍ എത്തിച്ച് വിജയകരമെന്ന് അധികൃതര്‍ അറിയിച്ചു. ജല സമ്മര്‍ദ്ദം കാരണം ഫ്‌ലോട്ടിങ് പമ്പുകളില്‍ ചോര്‍ച്ചയുണ്ടെന്നത് അധികൃതര്‍ സമ്മതിക്കുന്നു. ഇതിലൂടെ ജലം പാഴാകുന്നതിനാല്‍ തോട്ടിലൂടെയുള്ള നീരൊഴുക്കിന്റെ അളവ് കുറയുമെന്നാണ് കണക്കുകൂട്ടല്‍. അതെ സമയം മണിക്കൂറില്‍ 720 മീറ്റര്‍ ക്യൂബ് വെള്ളം പമ്പ് ചെയ്യാനാകുമെന്ന പ്രതീക്ഷയില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചുനില്‍ക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ഒരു ഡ്രഡ്ജര്‍ കൂടി എത്തുമ്പോള്‍ കൂടുതല്‍ ജലം അരുവിക്കരയിലേക്കു എത്തിക്കാനാകുമെന്നും കരുതുന്നു. ഇപ്പോഴുള്ള ചോര്‍ച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച അളവില്‍ ജലം അരുവിക്കരയില്‍ എത്തുകയുള്ളു. ഇതിനായുള്ള ജോലികള്‍ നടക്കുകയാണ്. മോട്ടോറുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പമ്പിംഗ് നിറുത്തും. ഗുജറാത്തില്‍ നിന്നും എത്തിക്കുന്ന 100 എച്ച്പി ശേഷിയുള്ള ഫ്‌ലോട്ടിംഗ് പമ്പുകള്‍ നീറ്റിലിറക്കിയാവും ജലവിതരണം. ഇതിനു കാലതാമസം വരാന്‍ സാധ്യത ഉള്ളതിനാല്‍ വാട്ടര്‍ അതോറിട്ടിയുടെ പക്കലുള്ള 90 എച്ച്പിയുടെ മൂന്ന് പമ്പുകള്‍ കാപ്പുകാട് എത്തിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് വൈദ്യുതി എത്തിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ദ്രുതഗതിയില്‍ നടക്കുന്നണ്ട്. ഫ്‌ലോട്ടിംഗ് പമ്പുകള്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ പമ്പിങ് കാര്യക്ഷമമാകും എന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.